ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ചിക്കനൊഴിവാക്കുമ്പോള്‍ പകരം ഡ്രൈഫ്രൂട്ട്‌സ് നല്‍കുമോയെന്ന് സര്‍ക്കാറിനോട് സുപ്രിം കോടതി

ന്യൂദല്‍ഹി- ഉച്ച ഭക്ഷണത്തില്‍ നിന്നും മാംസം ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സുപ്രിം കോടതി ലക്ഷദ്വീപ് സര്‍ക്കാറിനോട് നിലപാട് തേടി. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാന്‍ഷു ദൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. 

ലക്ഷദ്വീപിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ കോഴി ഉള്‍പ്പെടെ മാംസാഹാരം നല്‍കിയിരുന്നത് ഒഴിവാക്കിയ നടപടി കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കാന്‍ ലക്ഷദ്വീപ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. 

എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് ഇക്കാര്യം നിഷേധിക്കുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് ഇതിലും മെച്ചപ്പെട്ടത് വിതരണം ചെയ്യും എന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ഭേദപ്പെട്ട സാധനം എന്താണെന്ന് വീണ്ടും ചോദിച്ച കോടതി ചിക്കനും മട്ടനും പകരം കുട്ടികള്‍ക്ക് ഡ്രൈഫ്രൂട്ട്സ് വിതരണം ചെയ്യുമോ എന്ന കാര്യവും അന്വേഷിച്ചു. ഉച്ച ഭക്ഷണ മെനു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിക്കു മുമ്പാകെ അവതരിപ്പിക്കുകയും മെനുവില്‍ മാംസാഹാരം എവിടെ എന്ന ചോദ്യം കോടതി ആവര്‍ത്തിക്കുകയും ചെയ്തു.  ഒരുപക്ഷെ, ഇത് എന്റെ ഭക്ഷണക്രമത്തിന്റെയോ ശീലത്തിന്റെയോ ഭാഗമാണെന്ന് കരുതുക, അപ്പോള്‍ എങ്ങനെയിരിക്കും എന്ന ചോദ്യവും ബെഞ്ച് ഉന്നയിച്ചു.  സപ്ലിമെന്ററി ഇനമായി മട്ടനും ചിക്കനും വിതരണം ചെയ്യുമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചതോടെ എങ്കില്‍ അത് തുടരൂ എന്ന നിര്‍ദ്ദേശവും ബെഞ്ച് നല്‍കി. 

ഉച്ചഭക്ഷണം ഉള്ളതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ വരുന്നുണ്ടെന്നും സ്‌കൂള്‍ ഭക്ഷണത്തെ കുറിച്ച് മാത്രമാണ് തങ്ങള്‍ പറയുന്നതെന്നും സുപ്രിം കോടതി ചൂണ്ടികാട്ടി. കേസ് തുടര്‍വാദത്തിനായി ജൂലൈ 11ലേക്ക് മാറ്റി.

Latest News