മേജര്‍ക്ക് ദല്‍ഹിയില്‍ മൂന്ന് കാമുകിമാര്‍; കൊലക്ക് ശേഷം ഒരാളെ വിളിച്ചു

മേജര്‍ ഹന്‍ഡയെ ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നു.
ന്യൂദല്‍ഹി- പട്ടാളത്തിലെ സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്തിയ ഉടന്‍ മേജര്‍ നിഖില്‍ റായി ഹന്‍ഡ അക്കാര്യം ദല്‍ഹിയിലെ കാമുകിമാരില്‍ ഒരാളെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നുവെന്ന് പോലീസ്. നഗരത്തില്‍ ഇയാള്‍ക്ക് മൂന്ന് കാമുകിമാരുണ്ടെന്നും ഹന്‍ഡയെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഹന്‍ഡയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊലപാതകം അറിയിക്കാന്‍ വിളിച്ച സ്ത്രീ പ്രതി ഹന്‍ഡയേക്കാള്‍ മുതിര്‍ന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു. ഈ സ്ത്രീയുമായിട്ടായിരുന്നു പ്രതിക്ക് ഏറ്റവും അടുപ്പം. ഷൈല്‍സ ദ്വിവേദിയെ കൊന്നുവെന്ന കാര്യം ഫോണില്‍ പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ലെന്നും തമാശയെന്നു പറഞ്ഞ് ഫോണ്‍ വെക്കുകയായിരുന്നുവെന്നും ഇവര്‍ പോലീസിനോട്  പറഞ്ഞു. അതുകൊണ്ടു തന്നെ പോലീസില്‍ അറിയിക്കണമെന്നു തോന്നിയതുമില്ല.
ഹന്‍ഡയുടെ കൃത്യത്തെ കുറിച്ച് ഈ സ്ത്രീക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചോദ്യം ചെയ്ത പോലീസ് സ്ഥിരീകരിച്ചു. വിധവയായ ഇവര്‍ക്ക് മുതിര്‍ന്ന മക്കളുണ്ട്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും സംശയമുണ്ടാകാതിരിക്കാന്‍ ഇവരെ രഹസ്യമായാണ് ചോദ്യം ചെയ്തതെന്നും പോലീസ് പറഞ്ഞു.
പരിചയമില്ലാത്ത സ്ത്രീകള്‍ക്ക് ഫെയ്‌സ് ബുക്കിലൂടെ റിക്വസ്റ്റ് അയച്ച് സുഹൃത്തുക്കളാക്കുന്ന പരിപാടി 2015 ലാണ് ഹന്‍ഡ തുടങ്ങിയത്. വ്യാജ ഐ.ഡിയുണ്ടാക്കി സെര്‍ച്ച് ചെയ്തപ്പോള്‍ ഷൈല്‍സയുടെ പ്രൊഫൈല്‍ കണ്ടെങ്കിലും മേജറുടെ ഭാര്യയാണെന്ന് കണ്ടതിനാല്‍ റിക്വസ്റ്റ് അയച്ചിരുന്നില്ല. പിന്നീട് ഒരു ഒത്തുചേരലിലാണ് ഷൈല്‍സയുമായി ബന്ധം സ്ഥാപിച്ചത്.
ഷൈല്‍സ തന്റെ പിന്നാലെ കൂടിയതാണെന്നും ശല്യം ഒഴിവാക്കാനാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പറഞ്ഞതെങ്കിലും പോലീസോ ഷൈല്‍സയുടെ ബന്ധുക്കളോ അതു വിശ്വസിക്കുന്നില്ല. അവിഹിതത്തിനുള്ള ക്ഷണം നിരസിച്ചതിനാല്‍ കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതുന്നത്.
മൈഗ്രെയിന് ചികിത്സിക്കാനെന്ന പേരില്‍ ഈ മാസം നാലിനാണ് ഹന്‍ഡ ദല്‍ഹിയിലെത്തിയത്. ദല്‍ഹി കന്റോണ്‍മെന്റിലെ ആര്‍മി ഹോസ്പിറ്റലില്‍ ഫിസിയോതെറാപ്പിക്കെത്തിയിരുന്ന ഷൈല്‍സയുമായി സംസാരിക്കുന്നതിന് ഇയാള്‍ ഇവിടെ ചുറ്റിപ്പറ്റി നിന്നു.
ശനിയാഴ്ച ഷൈല്‍സയെ ഫോണില്‍ കിട്ടാതായതോടെ ഭര്‍ത്താവ് അമിത് ദ്വിവേദി ആശുപത്രിയിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹന്‍ഡയെ കണ്ടത്. നാഗാലാന്‍ഡിലെ ദിമാപുരില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ഹന്‍ഡ ദല്‍ഹിയില്‍ എത്തേണ്ട കാര്യമില്ലല്ലോ എന്ന സംശയം പോലീസിനെ അറിയിക്കുകയായിരുന്നു.
 
 

Tags

Latest News