Sorry, you need to enable JavaScript to visit this website.

ഏജന്റ് വഞ്ചിച്ചു; ഷാര്‍ജയില്‍ 400 പേര്‍ പെരുവഴിയിലായി

ഷാര്‍ജ-റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് വഞ്ചിച്ചതിനെ തുടര്‍ന്ന് ഷാര്‍ജയിലെ ഒരു ബഹുനില കെട്ടിടത്തില്‍ താമസക്കാരായിരുന്ന 400 പേര്‍ പെരുവഴിയിലായി. ബന്ധുക്കളും സുഹൃത്തുക്കളും ആശ്രയിക്കാനില്ലാത്തവര്‍ സമീപത്തെ പള്ളികളിലാണ് അഭയം തേടിയത്. കെട്ടിടത്തില്‍നിന്ന് ഇറക്കി വിട്ടവരില്‍ കുടുംബങ്ങളും ബാച്ചിലേഴ്‌സും ഉള്‍പ്പെടുന്നു. ക്ലോക്ക് ടവര്‍ റൗണ്ട് എബൗട്ടിനു സമീപത്തെ കെട്ടിടം പുതിയ ഉടമക്ക് കൈമാറിയതിനെ തുടര്‍ന്നാണ് ഇവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്. പഴയ ഉടമക്ക് വേണ്ടി വാടകയും മറ്റും സ്വീകരിച്ചിരുന്ന മാനേജിര്‍ കെട്ടിടം വില്‍ക്കുന്ന കാര്യം താമസക്കാരെ അറിയിച്ചിരുന്നില്ല. പണം വാങ്ങിയെങ്കിലും താമസക്കാരുടെ കരാറുകള്‍ പുതുക്കിയതുമില്ല. പുതുക്കിയ കരാറുകള്‍ക്ക് മുനിസിപ്പാലിറ്റിയുടെ അനുമതി നേടിയിട്ടുമില്ല. പണം വാങ്ങിയ മാനേജര്‍ അപ്രത്യക്ഷനായിരിക്കയാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോടതി ഉത്തരവിലൂടെയാണ് കെട്ടിടം പുതിയ ഉടമക്ക് ലഭിച്ചത്. താമസക്കാരില്ലാതെ കെട്ടിടം കൈമാറാനായിരുന്നു കോടതി ഉത്തരവ്. പുതിയ ഉടമക്ക് കൈമാറുന്നതിന് മുമ്പ് ഒഴിയണമെന്ന് താമസക്കാരെ അറിയിക്കാന്‍ പഴയ ഉടമ മാനേജരെ ഏല്‍പിച്ചിരുന്നുവെന്നും പറയുന്നു. എന്നാല്‍ താമസക്കാരെ വഞ്ചിച്ചുകൊണ്ട് വാടക കരാര്‍ പുതുക്കാനെന്ന പേരില്‍ താമസക്കാരില്‍നിന്ന് പണം സ്വീകരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങുന്നയാളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയതിനാല്‍ താമസക്കാരില്‍ പലര്‍ക്കും തങ്ങളുടെ സാധനങ്ങളും രേഖകളും കെട്ടിടത്തില്‍നിന്ന് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ, ഇനി കെട്ടിടത്തിനകത്ത് പ്രവേശിക്കാന്‍ കഴിയൂ എന്നാണ് പോലീസിന്റെ നിലപാട്. ഒഴിഞ്ഞു പോകുന്നതിന് മെയ് 22-ന് തന്നെ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും പോലീസ് വിശദീകരിക്കുന്നു.
 

Latest News