കൊച്ചി- ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. എറണാകുളം കളമശ്ശേരിയിലാണ് ഓഫീസ്. പ്രശസ്ത പി. ആര്‍. ഒ പി. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കമ്പനിയാണ് ഇത്. പ്രമുഖ നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഔസേപ്പച്ചന്‍ വാളക്കുഴി, സെബാസ്റ്റ്യന്‍ (ടൈം ആഡ്‌സ്), സംവിധായകരായ സജിന്‍ ലാല്‍, കെ. ഷമീര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ശ്യാം തൃപ്പൂണിത്തുറ, വിനോദ് പറവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി നവാഗതനായ ഷിജു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'റോമാ:6' ആണ് ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സിന്റെ ആദ്യ ചിത്രം. ചിത്രം ജൂണ്‍ മാസത്തില്‍ റിലീസിനെത്തും.
ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയില്‍ പ്രതിപാതിക്കുന്ന ഫാന്റസി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് പുറമേ ഭാനുമതി പയ്യന്നൂര്‍, ഉഷ പയ്യന്നൂര്‍, മദനന്‍ മാരാര്‍, പ്രാര്‍ത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സിന്റെ രണ്ടാമത്തെ സിനിമ. ആക്ഷന്‍ സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ സംവിധായകന്‍ കെ. ഷമീറാണ്. 'പ്രൊഡക്ഷന്‍ നമ്പര്‍ 2' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ തലത്തിലാണ് ഒരുങ്ങുന്നത്.