Sorry, you need to enable JavaScript to visit this website.

ഐ.എസിന് പിന്തുണ: ഇന്ത്യക്കാരനെ സൗദിയിൽ വിചാരണ ചെയ്യുന്നു

റിയാദ് - ഭീകര സംഘടനയായ ഐ.എസിനെ പിന്തുണക്കുകയും സൗദി ഭരണാധികാരികളെ അപകീർത്തിപ്പെടുത്തുന്ന ക്ലിപ്പിംഗുകളും ഫോട്ടോകളും സൂക്ഷിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരനെ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യുന്നു. 
രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന സന്ദേശങ്ങൾ തയാറാക്കുകയും മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും സൂക്ഷിക്കുകയും ചെയ്തു എന്ന ആരോപണവും പ്രതി നേരിടുന്നുണ്ട്. 
ഐ.എസിനെ പിന്തുണക്കൽ, ഐ.എസ് ഭീകരർ സിറിയയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കൽ, ഐ.എസ് വാർത്തകളും പ്രസിദ്ധീകരണങ്ങളും പരിശോധിക്കൽ, ഐ.എസിനെ പിന്തുണക്കുന്ന ക്ലിപ്പിംഗുകളും സന്ദേശങ്ങളും പ്രചരിപ്പിക്കൽ, ഐ.എസ് പ്രസിദ്ധീകരണങ്ങളും ഫോട്ടോകളും വീഡിയോകളും വീക്ഷിക്കുന്നതിന് ഗൂഗിൾ പ്ലസ്, ടെലിഗ്രാം പ്രോഗ്രാമുകൾ ഉപയോഗിക്കൽ, ഐ.എസിനെ പിന്തുണക്കുകയും മഹത്വവൽക്കരിക്കുകയും ആയുധ ഉപയോഗവും ചാവേറാക്രമണങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന, ടെലിഗ്രാം വഴി സംപ്രേഷണം ചെയ്യുന്ന ചാനലുകളിൽ വരിചേരൽ, ഐ.എസിനെ പിന്തുണക്കുന്ന അമേരിക്കയിലും ബ്രിട്ടനിലും കഴിയുന്ന രണ്ടു വ്യക്തികളുമായി ഗൂഗിൾ പ്ലസിലൂടെ ആശയവിനിമയം നടത്തൽ, സൗദി ഭരണാധികാരികൾക്കും പണ്ഡിതർക്കും അപകീർത്തിയുണ്ടാക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സൂക്ഷിക്കൽ എന്നീ ആരോപണങ്ങളും പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ഉന്നയിച്ചു. 
നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ ഇന്ത്യക്കാരന് വിധിക്കണമെന്നും ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. സൈബർ ക്രൈം നിയമത്തിലെ ആറാം വകുപ്പ് അനുസരിച്ച പരമാവധി ശിക്ഷ പ്രതിക്ക് വിധിക്കണം. പ്രതിയുടെ മൊബൈൽ ഫോൺ കണ്ടുകെട്ടുന്നതിനും സിം കാർഡ് റദ്ദാക്കുന്നതിനും വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആവശ്യപ്പെട്ടു. 
ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഏതാനും ഇന്ത്യക്കാർ അടുത്ത കാലത്ത് സൗദിയിൽ അറസ്റ്റിലായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏതാനും പേരെ സൗദി സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറിയിട്ടുമുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 5,300 ലേറെ പേർ അറസ്റ്റിലുണ്ട്. 
ഇക്കൂട്ടത്തിൽ കേസ് വിചാരണ പൂർത്തിയായി ശിക്ഷിക്കപ്പെട്ടവരും വിചാരണ കാത്ത് കഴിയുന്നവരും അന്വേഷണം നേരിടുന്നവരുമുണ്ട്. 
 

Latest News