ആദ്യമായി ട്രാൻസ് ജെൻഡർ പോളിസി പ്രഖ്യാപിച്ചതിന്റെ പേരിൽ കേരളം ട്രാൻസ് സൗഹൃദ സംസ്ഥാനമാണെന്ന അവകാശവാദം നിരന്തരമായി കേൾക്കുന്നതാണ്. എന്നാൽ ഔപചാരികമായി എന്തു പ്രഖ്യാപിച്ചാലും അതിന്റെ അന്തഃസത്ത അധികാരികളും ജനങ്ങളും ഉൾക്കൊള്ളുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ലെന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴും ഈ വിഷയത്തിൽ മിക്കവാറും സംസ്ഥാനങ്ങളേക്കാൾ എത്രയോ പിറകിലാണ് കേരളം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ആത്മഹത്യ. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണവും വാർത്തകളുമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രവീണിന്റെ വിവാഹം. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. ജീവിത പങ്കാളിയുമായുണ്ടായ പിണക്കത്തിൽ പ്രവീൺ സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റാണ് വാർത്തയ്ക്ക് കാരണമായത്.
എന്നാൽ മാനസികമായി തകർന്നപ്പോൾ ഇട്ട ഒരു പോസ്റ്റ് ആയിരുന്നു അതെന്നും പെട്ടെന്നു തന്നെ പിൻവലിച്ചെന്നും പ്രവീൺ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ അതിനെ ആഘോഷമാക്കുകയും അതിനു താഴെ നിരവധി പേർ പ്രവീണിനെയും ട്രാൻസ് സമൂഹത്തെയും അധിക്ഷേപിക്കുന്ന രീതിയിൽ കമന്റുകളിടുകയും ചെയ്തിരുന്നു. ഇതാണ് ആത്മഹത്യക്കുള്ള പെെട്ടന്നുള്ള പ്രചോദനം എന്നു കരുതപ്പെടുന്നു. എന്നാൽ അടിസ്ഥാന കാരണം ഭിന്നലൈംഗിക വിഭാഗങ്ങളോട് കേരളീയ സമൂഹം പുലർത്തുന്ന അസഹിഷ്ണുത തന്നെയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എത്രയോ പേർ ജീവനൊടുക്കിയിരിക്കുന്നു, എത്രയോ പേർ കൊല ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെയെല്ലാം തുടർച്ച തന്നെ ഈ സംഭവവും.
പ്രവീണിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി ആർ. ബിന്ദു ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റിട്ടിട്ടുണ്ട്. തീർച്ചയായുമത് സ്വാഗതാർഹമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 'മിസ്റ്റർ കേരള' പട്ടം ചൂടിയിട്ടുള്ള പ്രവീൺനാഥ്, ട്രാൻസ് സമൂഹത്തിനാകെ ആത്മബലം നൽകിക്കൊണ്ടാണ് താൻ തെരഞ്ഞെടുത്ത കായിക മേഖലയിൽ പ്രവർത്തിച്ചു പോന്നത്. സങ്കീർണമായ ജീവിത പ്രയാസങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന ട്രാൻസ് സമൂഹത്തിൽ നിന്നൊരാൾ ഇവ്വിധം ജീവൻ അവസാനിപ്പിച്ചതിന്റെ വേദന പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള അതിയായ ആഗ്രഹവും അതിനുള്ള നിരവധി തടസ്സങ്ങളും പ്രവീൺ നേരിട്ട് പറഞ്ഞിരുന്നു. പ്രത്യേക ഉത്തരവു വഴി അതിനുള്ള സാമ്പത്തിക സഹായത്തിന് വഴിയൊരുക്കി പ്രവീൺനാഥിന്റെ ആഗ്രഹം സാക്ഷാൽക്കരിക്കാൻ കൂടെ നിൽക്കാൻ കഴിഞ്ഞത് ഇന്നുമോർക്കുന്നു എന്നിങ്ങനെ പോകുന്നു മന്ത്രിയുടെ പോസ്റ്റ്. എന്നാൽ ഇനിയും ഈ വിഭാഗങ്ങളെ മനുഷ്യരായി അംഗീകരിക്കാൻ തയാറാകാത്ത കേരളീയ സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാടിനെ പരാമർശിക്കാൻ മന്ത്രി തയാറാകുന്നില്ല എന്നത് വിമർശിക്കപ്പെടേണ്ടതാണ്.
ഭൂരിപക്ഷത്തിനും ശക്തരായവർക്കുമുള്ളതാണ് ജീവിതം, ന്യൂനപക്ഷങ്ങൾക്കും ദുർബലർക്കുമുള്ളതല്ല എന്ന പൊതുബോധം തന്നെയാണ് പ്രധാന പ്രശ്‌നം. കഴിവുള്ളവർ അതിജീവിക്കുമെന്ന തിയറിയൊന്നും സാമൂഹ്യ ജീവിതത്തിനു ബാധകമല്ല. ന്യൂനപക്ഷങ്ങളും ദുർബലരുമൊക്കെ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ഒരു നാടിന്റെ പുരോഗതി മനസ്സിലാക്കാനാകുക. സർക്കാർ ട്രാൻസ്‌ജെൻഡേഴ്‌സിന് അഡ്മിഷനൊരുക്കിയപ്പോൾ മഹാരാജാസിൽ പ്രവേശനം നേടിയവരിൽ ഒരാൾ, കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ബോഡി ബിൽഡർ ആയി കഠിനാധ്വാനത്തിലൂടെ മിസ്റ്റർ തൃശൂരും മിസ്റ്റർ കേരള പട്ടവും നേടിയ ഒരാൾ, ഇന്റർനാഷണൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഒരാൾ, ആക്ടിവിസ്റ്റായ ഒരാൾ, ഒരുപാട് സുഹൃദ്‌വലയം. ഇതെല്ലാമായിരുന്നു പ്രവീൺ. എന്നിട്ടും അതിജീവിക്കാനായില്ലെങ്കിൽ ഈ വിഷയം എത്രമാത്രം രൂക്ഷമാണെന്നു വ്യക്തമാണ്. അധിക്ഷേപങ്ങളും പരിഹാസങ്ങളും പലവിധം സഹിച്ചാണ് താൻ ജീവിക്കുന്നതെന്ന് പലവട്ടം പ്രവീൺ പറഞ്ഞിട്ടുണ്ട്. 'തോറ്റു കൊടുക്കാൻ മനസ്സില്ല എന്ന ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു . ഞാൻ എപ്പോഴും പറയാറുള്ളതുപോലെ ഇതൊരു തുടക്കം മാത്രം ആണ്.. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്...' എന്നൊരിക്കൽ സമൂഹത്തോട് വിളിച്ചു പറഞ്ഞ വ്യക്തിയാണ് തളർന്നു പോയത് എന്നത് ചെറിയ വിഷയമല്ല.
ഏറെ കോളിളക്കമുണ്ടാക്കിയ അനന്യയുടെ ആത്മഹത്യക്ക് ശേഷം ഏലിറലൃ അളളശൃാമശേീി ൗെൃഴലൃ്യ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ദിശ എന്ന സംഘടന കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ആദ്യത്തെ പരാതി കക്ഷി പ്രവീണാണെന്നു ദിശക്കു നേതൃത്വം നൽകുന്ന ദിനു വെയിൽ പറയുന്നു. സമൂഹത്തിലെ മനുഷ്യത്വ വിരുദ്ധമായ ഝൗലലൃ വിരുദ്ധത തന്നെയാണ് തങ്ങളിൽ പെട്ട മനുഷ്യരെ കൊന്നൊടുക്കുന്നതെന്നും ദിനു കൂട്ടിച്ചേർക്കുന്നു. കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ ഏറെ കാലം അദൃശ്യരായിരുന്നു. പലരും രാജ്യത്തെ വൻ നഗരങ്ങളിലായിരുന്നു. പലരും തങ്ങളുടെ അസ്തിത്വം മറച്ചുവെച്ചായിരുന്നു ഇവിടെ ജീവിച്ചത്. എന്നാലിന്നവരിൽ വലിയൊരു വിഭാഗം പിറന്ന മണ്ണിൽ മറ്റുള്ളവരെ പോലെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വിമത ലൈംഗിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുണ്ടായത്.
അതിന്റെ ഫലമായി പല കൂട്ടായ്മകളും കേരളത്തിൽ ഉടലെടുത്തു. ഇവരോടൊപ്പം ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരുമാണ് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യധാരയിലേക്കെത്തിക്കുന്നത്. വസ്തുതാന്വേഷണ പഠനങ്ങൾ, ലിംഗ നീതിയുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, ചലച്ചിത്ര മേളകൾ, സമുദായാംഗങ്ങളുമായുള്ള കൂടിക്കാഴ്ചകളും പങ്കുവെക്കലുകളും, പ്രൈഡ്, റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി നൂറുകണക്കിനു പരിപാടികൾ അതിനായി സംഘടിപ്പിച്ചു. ഇപ്പോഴുമവ തുടരുന്നുണ്ട്. പക്ഷേ പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നില്ല. മറുവശത്താകട്ടെ ക്യൂർ സമൂഹത്തെ നേരിടാനായി ഒരു സംഘടന പോലും രൂപം കൊണ്ടിരിക്കുന്നു.
പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പോലും രംഗത്തു വന്നിരിക്കുന്നു. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മന്ത്രി മനസ്സിലാക്കുന്നത് നന്ന്.വീട്ടിൽ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിടങ്ങളിലുമെല്ലാം നിലനിൽക്കുന്ന സാമൂഹ്യ ചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് കേരളത്തിൽ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തിൽ പൊതുവെ നിലനിൽക്കുന്ന സ്ത്രീവിരുദ്ധവും ആൺകോയ്മയിലധിഷ്ഠിതവുമായ യാഥാസ്ഥിതിക ധാരണകൾ, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇവയൊക്കെ ഇവർക്കെതിരായുള്ള വിവേചനങ്ങൾക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലവും അല്ലാതെയും പലപ്പോഴും നിയമപാലകരുടെ വരെ സദാചാര പോലീസിംഗിന് ഇവർ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മർദങ്ങളുടെ ഫലമായി ഉമ്മൻ ചാണ്ടി സർക്കാർ ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത്. സുപ്രീം കോടതി നിർദേശവും അതിനു കാരണമായി.
വളരെയേറെ പുരോഗമന ഘടകങ്ങൾ ഉണ്ടെങ്കിലും പല കാര്യങ്ങളിലും അപൂർണമാണ് ഈ നയം. ഇടതുപക്ഷ സർക്കാരും ഈ വിഷയവുമായി പല പ്രഖ്യാപനങ്ങളും നടത്തുകയും പല നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോഴും ലക്ഷ്യത്തിൽ നിന്നു എത്രയോ അകലെയാണ് നമ്മൾ. സുപ്രീം കോടതിയിലടക്കും നീതിക്കായുള്ള പോരാട്ടങ്ങൾ തുടരുകയാണ്. ലക്ഷ്യം നേടാൻ ഇനിയും എത്ര കുരുതികൾ വേണ്ടിവരുമോ ആവോ...






