ആരൊക്കെയാണ് ലോക ഫുട്‌ബോളിലെ 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? ലിയണൽ മെസ്സിയുടെയും ക്രിസ്റ്റിയാനൊ റൊണാൾഡോയുടെയും പിന്മുറക്കാർ. കഴിഞ്ഞ വർഷം എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസുമൊക്കെയായിരുന്നു ഈ പട്ടികയിൽ. ഈ വർഷത്തെ മികച്ച കളിക്കാരെക്കുറിച്ച പരമ്പരയുടെ അവസാന ഭാഗം
ലിയണൽ മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും ഗോളടിച്ചു കൂട്ടുകയാണ് ഈ പ്രായത്തിലും. അവരുടെ പിൻഗാമികളായി എർലിംഗ് ഹാലാൻഡും ഫിൽ ഫോദനും വിനിസിയൂസ് ജൂനിയറും അൽഫോൺസൊ ഡേവീസും കളം വാഴുന്നുണ്ട്. ഇവർക്കെല്ലാം 22 വയസ്സായി. ആരാണ് 21 ന് താഴെയുള്ള ഏറ്റവും മികച്ച കളിക്കാർ? മികച്ച 39 കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇ.എസ്.പി.എൻ സോക്കറിന്റെ ടോർ ക്രിസ്റ്റിയൻ കാൾസൻ. 100 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം മികച്ച മുപ്പത്തൊമ്പതിലേക്ക് എത്തിയത്.
ഈ 39 പേരിൽ ഏറ്റവും കൂടുതൽ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ നിന്നാണ് -12, പത്തുപേർ ബുണ്ടസ്‌ലിഗയിൽ നിന്നും. സ്പാനിഷ് ലീഗിൽ നിന്ന് ഒമ്പതു പേരുണ്ട്. ഫ്രഞ്ച് ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നും പോർചുഗൽ ലീഗിൽ നിന്നും ഡച്ച് ലീഗിൽ നിന്നും രണ്ടു പേർ വീതവും.
രാജ്യം തിരിച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ പേർ സ്‌പെയിനിൽ നിന്നാണ് -7. അതു കഴിഞ്ഞാൽ ഇംഗ്ലണ്ടിൽ നിന്നും ജർമനിയിൽ നിന്നും -5 വീതം. ഫ്രാൻസിൽ നിന്ന് നാലും നെതർലാന്റ്‌സിൽ നിന്ന് മൂന്നും യുവ കളിക്കാരുണ്ട്. അമേരിക്ക, ബ്രസീൽ, പോർചുഗൽ, ബെൽജിയം, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്ന് രണ്ടു പേർ വീതം. മറ്റു അഞ്ച് രാജ്യങ്ങളിലെ ഓരോ പ്രതിനിധികൾ.
6. എഡ്വേഡൊ കമവിംഗ
(മിഡ്ഫീൽഡർ, റയൽ മഡ്രീഡ്, ഫ്രാൻസ്)
റെന്നിൽ നിന്ന് റയൽ മഡ്രീഡിലെത്തിയ ശേഷം ഇരുപതുകാരന്റെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. റയൽ മധ്യനിരയിൽ ഫ്രഞ്ച് ഇന്റർനാഷനലിന് ശക്തമായ മത്സരമുണ്ട്. ഫ്രാൻസ് ടീമിലും മികച്ച കളിക്കാരുടെ ബാഹുല്യമാണ്.
എന്നാൽ ലെഫ്റ്റ്ബാക്കായി ഇറക്കിയാൽ പോലും കമവിംഗ തന്റെ സാന്നിധ്യം തെളിയിക്കുന്നു. സമീപകാലത്ത് റയലിൽ തന്റെ ഇഷ്ടപൊസിഷനിൽ ഒരുപാട് അവസരം ലഭിച്ചു കമവിംഗക്ക്.
പന്ത് കിട്ടിയാൽ അനാവശ്യ ധിറുതിയില്ല. വിദഗ്ധമായി പ്രതിരോധച്ചുമതല നിർവഹിക്കുന്നു. സെന്റർബാക്കുകളിൽ നിന്ന് ഇറങ്ങിനിന്ന് പന്ത് സ്വീകരിക്കുന്നു. ഇടങ്കാൽ പാസുകൾ കിറുകൃത്യമാണ്. ഗോളിലേക്കുള്ള നീക്കങ്ങൾ പലപ്പോഴും ഉദ്ഭവിക്കുന്നത് ഈ എട്ടാം നമ്പറുകാരനിൽ നിന്നാണ്. അപ്രതീക്ഷിതമായ കുതിപ്പിൽ എതിർപ്രതിരോധം ഉലയും. വലങ്കാൽ അത്ര ശക്തമല്ലെന്നതാണ് ന്യൂനത.
5. ഗാവി
(മിഡ്ഫീൽഡർ, ബാഴ്‌സലോണ, സ്‌പെയിൻ)
ബാഴ്‌സലോണയിലും സ്‌പെയിൻ ടീമിലും അത്യുജ്വല അരങ്ങേറ്റ സീസൺ. സ്‌പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. പതിനെട്ടാം വയസ്സിൽ ഇത്ര സാങ്കേതിക, ശാരീരിക, മാനസിക തികവുണ്ടാവുക അപൂർവമാണ്. നെയ്മാറിനെയും റൊണാൾഡിഞ്ഞോയെയുമൊക്കെ ഓർമിപ്പിക്കുന്നു ഗാവി. പന്ത് തിരിച്ചുപിടിക്കാനുള്ള വാശി എടുത്തുപറയേണ്ടതാണ്. എവിടെ കളിപ്പിച്ചാലും ഗാവിയുടെ സംഭാവനയും ഊർജവും ത്രസിപ്പിക്കുന്നതാണ്. വാശി പലപ്പോഴും ഫൗൾ ചെയ്യുന്നതിന് കാരണമാവുന്നു എന്നതാണ് പ്രശ്‌നം. കഴിഞ്ഞ ലോകകപ്പിൽ 23 ഫൗളുകളിൽ ഗാവിയുണ്ട്.
4. ജമാൽ മുസിയാല
(മിഡ്ഫീൽഡർ, ബയേൺ മ്യൂണിക്, ജർമനി)
ബയേൺ മ്യൂണിക്കിലെ ഈ സീസൺ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെങ്കിലും ഇരുപതുകാരന്റെ പ്രതിഭ അസൂയാവഹമാണ്. ബയേണിന്റെ പ്രായം കുറഞ്ഞ ഫസ്റ്റ് ടീം കളിക്കാരൻ. പല പൊസിഷനിലും കളിക്കും. പ്രായത്തിൽ കവിഞ്ഞ പക്വത. ആക്രമണത്തിൽനിന്ന് എളുപ്പം പ്രതിരോധത്തിലേക്ക് മാറാനാവും. നല്ല ഡ്രിബ്ലംഗ്, അത് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ധാരണ. ഈ സീസണിൽ 11 ഗോൾ. ജർമൻ ലീഗിൽ ബയേണിന്റെ ടോപ്‌സ്‌കോറർ. അതിവേഗത്തിൽ കുതിക്കുമ്പോഴും സഹതാരങ്ങളെ നിരീക്ഷിക്കാനുള്ള കഴിവ്. കളി തീരാനാവുമ്പോഴേക്കും ജാഗ്രത കുറയുന്നു എന്നതാണ് ന്യൂനത.
3. ബുകായൊ സാക
(ഫോർവേഡ്, ആഴ്‌സനൽ, ഇംഗ്ലണ്ട്)
ഈ സീസണിലെ ആഴ്‌സനലിന്റെ കുതിപ്പിന് പിന്നിലെ ക്രിയേറ്റിവ് കേന്ദ്രം. മികച്ച റൈറ്റ് വിംഗർ. ഗോളിലും അസിസ്റ്റിലും ഇരട്ടയക്കത്തിലെത്താൻ സാധിച്ചു. ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ പ്രചോദന കേന്ദ്രമായിരുന്നു. വിനയാന്വിതൻ. ഇരു കാലുകളും ശക്തം. ഓട്ടത്തിനിടയിൽ പന്ത് കൈകാര്യം ചെയ്യാൻ മിടുക്കൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരുപാട് മെച്ചപ്പെട്ടു. പ്രത്യേകിച്ച് ഷൂട്ടിംഗ് ടെക്‌നിക്ക് മിനുക്കിയെടുത്തു. എന്നാൽ അപ്രതീക്ഷിതമായി മങ്ങിപ്പോവുന്ന പതിവുണ്ട്.
2. പെഡ്രി
(മിഡ്ഫീൽഡർ, ബാഴ്‌സലോണ, സ്‌പെയിൻ)
ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും അവിഭാജ്യ ഘടകമാണ് ഇരുപതുകാരൻ. ഈ സീസണിൽ പെഡ്രി സൃഷ്ടിച്ചെടുത്ത പെരുമ അതിനു മാത്രമാണ്. ലോകകപ്പിൽ മികച്ച മിഡ്ഫീൽഡർമാരിലൊരാളെന്ന പ്രശസ്തിക്കൊത്ത പ്രകടനം. ഷാവിയുടെ കീഴിൽ ബാഴ്‌സലോണയിൽ ലീഡർഷിപ് റോൾ. അസാധാരണ പാസിംഗ് റെയ്ഞ്ച്. താളപ്പൊരുത്തം. അപകട മേഖലയിൽ കയറി പന്ത് വിളിച്ചു വാങ്ങും. വേണ്ട സമയത്ത് ഓടിയെത്തും. വൺ ടച്ച് ഫിനിഷ്. ഒന്നാന്തരം ടീം പ്ലയർ. പിടിച്ചുനിൽക്കണമെങ്കിൽ കുറെ കൂടി കരുത്താർജിക്കേണ്ടതുണ്ട്.
1. ജൂഡ് ബെലിംഗാം
(മിഡ്ഫീൽഡർ, ബൊറൂസിയ ഡോർട്മുണ്ട്, ഇംഗ്ലണ്ട്)
ജർമനിയിൽ നിന്ന് റയൽ മഡ്രീഡിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പത്തൊമ്പതുകാരൻ. ബെലിംഗാമിന്റെ കുതിച്ചുയരുന്ന വില താങ്ങാനാവില്ലെന്നു മനസ്സിലാക്കി ലിവർപൂൾ പിന്മാറി. ബെലിംഗാം ഭാവി വാഗ്ദാനമല്ല, വർത്തമാനം തന്നെയാണ്. യൂറോപ്പിലെ വമ്പന്മാരാണ് കൗമാരക്കാരനു പിറകെ കൂടിയത്. അസാധാരണ ഫിസിക്കൽ, ടെക്‌നിക്കൽ, മെന്റൽ വൈഭവം. ഒന്നാന്തരം സ്റ്റാമിനയും നിയന്ത്രണവും. അസാധാരണ പാസിംഗ് മികവ്. ഏതു പൊസിഷനിൽ നിന്നും അറ്റാക്കർമാർക്ക് പന്തെത്തിക്കാനുള്ള കഴിവ്. വലക്കു മുന്നിൽ ശാന്തൻ. പ്രതിരോധത്തിലും നല്ല റെക്കോർഡ്.