സതീശന്റെ നിര്‍ണ്ണായക രേഖ എന്തെന്ന് അറിയാന്‍ ആകാംക്ഷയോടെ കേരളം, ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം - എ ഐ ക്യാമറ സംബന്ധിച്ച അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ച നിര്‍ണ്ണായക രേഖ എന്തെന്ന ആകാംക്ഷയിലാണ് കേരളം. ഇന്ന് പത്രസമ്മേളം വിളിച്ചു കൂട്ടിയാണ് വി ഡി സതീശന്‍ ഈ രേഖകള്‍ പുറത്ത് വിടുക. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്ന നാല് അഴിമതികളുടെ രേഖകള്‍ കൂടി പുറത്ത് വരുമെന്ന് വി ഡി സതീശന്‍ പറഞ്ഞതോടെ സി പി എം ആകെ പ്രതിരോധത്തിലാണ്. എ ഐ ക്യാമറ സംബന്ധിച്ച അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതിനൊന്നും തന്നെ മുഖ്യമന്ത്രിയോ സര്‍ക്കാറോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്നലെ ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പോലും എ ഐ ക്യാമറാ വിവാദം ചര്‍ച്ചയായില്ല. ചര്‍ച്ചയില്‍ വിവാദത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചില്ല. സര്‍ക്കാര്‍ തല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് ധാരണ. സംഘടനാ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. ഇന്ന് വി ഡി സതീശന്‍ ക്യാമറാ വിവാദവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ അതിന് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും മറുപടി നല്‍കേണ്ടി വരും.

 

Latest News