ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ഓഫിസിലും സി. ബി. ഐ റെയ്ഡ്

ന്യൂദല്‍ഹി- കാനറാ ബാങ്ക് നല്‍കിയ പരാതിയെ തുടര്‍ന്ന്് ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ഓഫീസിലും സി. ബി. ഐ റെയ്ഡ്. നരേഷ് ഗോയലിന് പുറമേ ഭാര്യ അനിറ്റ, മുന്‍ ഡയറക്ടര്‍ ഗൗരങ്ക് ആനന്ദഷെട്ടി എന്നിവര്‍ക്കെതിരെയും സി. ബി. ഐ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പരാതിയില്‍ പേര് പറയുന്ന മൂവരും പണം വകമാറ്റി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നാണ് പറയുന്നത്.  ജെറ്റ് എയര്‍വേസിന്റെ ദല്‍ഹിയിലും മുംബൈയിലുമുള്ള  ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2019ല്‍ സര്‍വീസ് അവസാനിപ്പിച്ച ജെറ്റ് എയര്‍വേസ് 2021ല്‍ യു. എ. ഇ ആസ്ഥാനമായ വ്യവസായി മുരാരി ലാല്‍ ജലാനും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍റോക്ക് ക്യാപിറ്റലും ഏറ്റെടുത്തിരുന്നു.

Latest News