കൽപറ്റ- വയനാട് എയർസ്ട്രിപിന് എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമി ഉപയോഗപ്പെടുത്തുന്നതിനുള്ള സമ്മതപത്രം വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ ജില്ലാ കലക്ടർ ഡോ.രേണുരാജിനു കൈമാറി.
ബൈപാസിനോടു ചേർന്നു എസ്റ്റേറ്റിന്റെ കൈവശത്തിലുള്ള സ്ഥലം എയർ സ്ട്രിപിനായി പ്രയോജനപ്പെടുത്തുന്നതിനുളള എസ്റ്റേറ്റ് മാനേജ്മെന്റിന്റെ സമ്മതപത്രമാണ് ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി, ജനറൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസിസ്, ട്രഷറർ ഒ.എ.വീരേന്ദ്രകുമാർ എന്നിവർ കലക്ടക്ക് കൈമാറിയത്. സ്കെച്ച് ഉൾപ്പടെ 125 ഓളം ഏക്കർ ഭൂമിയുടെ രേഖകളും സമർപ്പിച്ചു. സമ്മതപത്രവും രേഖകളും കലക്ടർ സർക്കാരിന് അയയ്ക്കും. എയർസ്ട്രിപുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു വയനാട് ചേംബർ ഓഫ് കൊമേഴ്സാണ്. എയർ സ്ട്രിപിന് കുറഞ്ഞത് 50 ഏക്കർ ഭൂമിയാണ് ആവശ്യം.
കൽപറ്റയിൽ എയർസ്ട്രിപിനു സ്ഥലം വിട്ടുകൊടുക്കാനുള്ള സന്നദ്ധത എസ്റ്റേറ്റ് മാനേജ്മെന്റ് രേഖമൂലം സർക്കാരിനെ നേരത്തേ അറിയിച്ചിരുന്നു. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് അഭ്യർത്ഥിച്ച സാഹചര്യത്തിലാണ് വയനാട് എയർസ്്ട്രിപിനു സർക്കാർ പച്ചക്കൊടി കാട്ടിയത്. ടി.സിദ്ദീഖ് എം.എൽ.എ ചെയർമാനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയും എയർസ്ട്രിപിനു യോജിച്ച സ്ഥലം കണ്ടെത്തുന്നതിനും ആവശ്യമായ കേന്ദ്ര, സംസ്ഥാന അനുമതികൾക്കായും രംഗത്തുവന്നിരുന്നു.
പുറംലോകവുമായി ബന്ധപ്പെടുന്നതിനു റോഡ് ഒഴികെ ഗതാഗത സൗകര്യമില്ലാത്ത ജില്ലയിൽ പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാണ്. ഈ സാഹചര്യത്തിൽ എയർസ്ട്രിപ് അനിവാര്യതയാണെന്നു ചേംബർ ഓഫ് കൊമേഴ്സ് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നതായി പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. ജില്ലയുടെ വികസനത്തിൽ മറ്റൊരു നാഴികക്കല്ലാകുന്നതാണ് ചെറു വിമാനങ്ങൾക്കു ഇറങ്ങാവുന്ന എയർസ്ട്രിപ്. വയനാട് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തകർക്കു എളുപ്പം എത്തിപ്പെടാൻ എയർസ്ട്രിപ് സഹായകമാകും. ടൂറിസം വികസനത്തിലും ഇതു മുതൽക്കൂട്ടാകും.
എയർ സ്ട്രിപിന് യോജിച്ച സ്ഥലം കണ്ടെത്തുന്നതിനു കിഫ്ബി ഉദ്യോഗസ്ഥർ ജില്ലയിൽ എത്തിയിരുന്നു. കൽപറ്റയിലേതിനു പുറമേ മുട്ടിൽ, വാര്യാട്, കാരാപ്പുഴ എന്നിവിടങ്ങളിലെ സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഗതാഗത സെക്രട്ടറിയിൽനിന്നു ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മതപത്രവും ഭൂമിയുടെ രേഖകളും കലക്ടർക്കു കൈമാറിയത്.