ലോകശാക്തിക ചേരിയിലെ പുതിയ കൂട്ടുകെട്ടുകൾ

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി അമേരിക്കയാണെങ്കിൽ (ഡി.ജി.പി 26.18 ട്രില്യൺ ഡോളർ) തൊട്ടടുത്ത്  ചൈനയാണ് ( പതിനെട്ട്്് ട്രില്യൺ). അമേരിക്കക്ക് മേൽക്കോയ്മയുള്ള ഒരു ലോകക്രമമാണ് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം രൂപപ്പെട്ടത്. അതുവരെ ഏകദേശം 600 വർഷങ്ങൾ ബ്രിട്ടന്റേതായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്നാണ് അതറിയപ്പെട്ടിരുന്നത്. ഒരു നൂറ്റാണ്ടായി ആ സ്ഥാനത്തുള്ളത് അമേരിക്കയാണ്. ലോക വൻശക്തിയാവാൻ അമേരിക്കയോട് പൊരുതുകയാണ് ചൈന. പെട്ടെന്നൊരു സമ്പൂർണ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും അമേരിക്കക്ക് ബദലാണ് തങ്ങളെന്ന് വ്യത്യസ്തമായ വഴികളിലൂടെ ലോകത്തെ ബോധ്യപ്പെടുത്താൻ ചൈന ശ്രമിക്കുന്നുണ്ട്.
ശീതയുദ്ധ കാലത്തെ അമേരിക്കയുടെ എതിരാളിയായിരുന്ന റഷ്യയുടെ പിന്തുണ ചൈനക്കുണ്ട്. റഷ്യയും ചൈനയും ചേർന്ന അമേരിക്കൻ ബദലെന്ന സങ്കൽപ്പവുമായി ഈ ബാന്ധവം മാറിയേക്കാനും സാധ്യതയുണ്ട്. സൗദി-ഇറാൻ കരാർ യാഥാർഥ്യമാകുന്നതിലൂടെ പടിഞ്ഞാറിനെതിരെ സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക ചേരിയായി ചൈന ഉദയം കൊള്ളുമോ എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെയും നയതന്ത്ര വിദഗ്ധരുടേയും നോട്ടം.  
മാവോസേതുങ്ങിന്റെ നേതൃത്വത്തിൽ 1948ലാണ് കമ്മ്യൂണിസ്റ്റ് ചൈന നിലവിൽ വരുന്നത്. വൈകാതെ ആരംഭിച്ച കൊറിയൻ യുദ്ധത്തിൽ തെക്കൻ കൊറിയയുടെ ഭാഗത്ത് അമേരിക്കയും വടക്കൻ കൊറിയയുടെ ഭാഗത്ത് ചൈനയും നിലയുറപ്പിക്കുകയും 1953 ജൂൺ 26ന് യുദ്ധമവസാനിക്കുന്നത് വരെ നേർക്കുനേർ ഏറ്റുമുട്ടുകയും ചെയ്ത ശത്രുതയുടെ പൂർവ്വ ചരിത്രം അയവിറക്കാനുണ്ട്. രാഷ്ട്രങ്ങൾക്കിടയിലെ കിടമത്സരമെന്നതിനേക്കാൾ പ്രത്യയശാസ്ത്രാധിഷ്ഠിതമായിരുന്നു അമേരിക്കയോടുള്ള ശത്രുത. കമ്മ്യൂണിസ്റ്റ് റഷ്യയുമായി പ്രതിരോധ കരാറിലായിരുന്നു കമ്മ്യൂണിസ്റ്റ് ചൈന. സോവിയറ്റിന്റെ സാമ്പത്തിക ക്രമം തന്നെയാണ് ആദ്യദശകം ചൈന മാതൃകയാക്കിയിരുന്നത്. എന്നാൽ 1958ൽ റഷ്യൻ ചേരിയിൽനിന്ന് പുറത്തുവരികയും സ്വതന്ത്രമായ ഒരു സാമ്പത്തിക മാതൃക ചൈന സൃഷ്ടിക്കുകയും ചെയ്തു.
ചരിത്രത്തിൽ ഗ്രേറ്റ് ലീപ് ഫോർവേർഡ് എന്നറിയപ്പെട്ട ഈ പരിഷ്‌കാരങ്ങൾ ലോകം കണ്ടത്തിൽവെച്ചേറ്റവും വലിയ പരാജയങ്ങളിലൊന്നായി. 1960ൽ പട്ടിണിമൂലം ദശലക്ഷക്കണക്കിന് ചൈനക്കാർ മരിക്കുകയുണ്ടായി. മാവോക്ക് തൽക്കാലം കളം വിടേണ്ടിവന്നു. പിന്നീട് പ്രസിഡന്റായ ലിയോ ഷാവോസിയാണ് വീണ്ടും സ്വകാര്യ സ്വത്തിനും വ്യവസായങ്ങൾക്കും അനുമതി നൽകിയത്. അത് വലിയ ആശ്വാസവും ജീവവായുവുമായി ചൈനയുടെ അതിജീവനത്തിന്. എന്നാൽ 1966-69 കാലത്തെ സാംസ്‌കാരിക വിപ്ലവത്തിലൂടെ മാവോ തിരിച്ചുവന്നു. ജനകീയ സാംസ്‌കാരിക വിപ്ലവം നാല് ലക്ഷം ജനങ്ങളെയാണ് കൊന്നുതീർത്തത്. വിദ്യാർത്ഥികൾ തങ്ങളുടെതന്നെ അധ്യാപകരെയും മാവോക്കെതിരെ നിൽക്കുന്ന സഹപാഠികളെയുമൊക്കെ നിർദാക്ഷിണ്യം കൊന്നുതള്ളി.
റഷ്യക്കും ചൈനക്കും ഏകാധിപതികളുടെ ദുർഭൂതം വേട്ടയാടാനുണ്ട്. അത് സ്വീകാര്യതക്ക് മങ്ങലേൽപ്പിക്കുന്ന അവസ്ഥാന്തരമാണ്. എങ്കിലും ചൈനയിന്ന് എല്ലാ രാഷ്ട്രങ്ങളുടെയും കയറ്റുമതി പങ്കാളിയാണ്. ഓരോ വീട്ടിലും ചൈനയുടെ ചുവപ്പൻ സാന്നിധ്യം അനുഭവവേദ്യമാണ്. അതിനാൽ ഒരുതരം തള്ളിക്കളയാനാവാത്ത വിശ്വാസ്യത ചൈനക്കുണ്ട്. അതോടൊപ്പം ചൈനയുടേത് ആയുധ വിപണനമല്ല. അമേരിക്കൻ വിദേശനയത്തിൽ ഏറ്റവും പ്രാമുഖ്യമുള്ളത് പങ്കാളി രാജ്യങ്ങൾക്കുള്ള സെക്യൂരിറ്റിയും ആയുധ കരാറുകളുമാണ്. പലപ്പോഴും ആയുധങ്ങൾ നൽകില്ലെന്നും സെക്യൂരിറ്റി പിൻവലിക്കുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തുന്നതോടെ അവരുടെ ചൊൽപ്പടിക്ക് നിൽക്കാൻ രാജ്യങ്ങൾ നിർബന്ധിതരാകും.
റഷ്യയുടേയും ചൈനയുടേയും ചേരിയോട് ചേർന്നാണ് ഇറാനും സിറിയയും തുർക്കിയും നിലകൊള്ളുന്നത്. ഒപെക് പ്ലസ് രാഷ്ട്രങ്ങൾ അമേരിക്കയുടെ താക്കീത് മറികടന്നും പെട്രോളിന് വിലവർധിപ്പിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് നൽകുന്ന സൂചന മേഖലയിൽ അമേരിക്കയുടെ പിടിയയയുന്നു എന്ന് തന്നെയാണ്. 
ഒരു ഭാഗത്ത് അമേരിക്കയുടെ മേധാവിത്വത്തിന് നിറം മങ്ങുമ്പോൾ ചൈന വികസ്വര രാഷ്ട്രങ്ങളുടെ സ്വാഭാവിക പങ്കാളിയായി അവരുടെ അടിസ്ഥാന വികസന പ്രക്രിയയിൽ ഇടപെടുന്നത് കൂടിവരുന്നുണ്ട്. ഏഷ്യയിൽ ശ്രീലങ്കയുടെ അടിസ്ഥാന വികസനത്തിനായി പണം പമ്പ് ചെയ്തത് ചൈനയാണ്. ശ്രീലങ്കയുടെ നാലിലൊന്ന് പദ്ധതികളും ചൈനയുടേതാണ്. കോവിഡ് മഹാമാരിയിൽ ടൂറിസം കുത്തുപാളയെടുത്ത ഘട്ടത്തിൽ രാഷ്ട്രം കടക്കെണിയിൽ അകപ്പെട്ടപ്പോഴാണ് നിരുത്തരവാദ ഭരണനിർവഹണത്തിന്റെ കെടുതിയും ചൈനയുടെ പങ്കുമൊക്കെ വെളിവായത്. ആഫ്രിക്കയിൽ നേരത്തെ അമേരിക്കയും യൂറോപ്പും മാത്രമാണുണ്ടായിരുന്നതെങ്കിൽ കഥ മാറി; ആഫ്രിക്കയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഏറ്റവും വലിയ ധനസഹായം ഇപ്പോൾ ചൈനയാണ് നൽകുന്നത്. പതിനായിരത്തിലധികം ചൈനീസ് കമ്പനികളാണ്  ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത്. അതും 90% ഓഹരി പങ്കാളിത്തത്തോടെ.  
അമേരിക്കയെ നിഷ്പ്രഭമാക്കുന്ന സാമ്പത്തിക ചട്ടക്കൂടുകൾ ചൈനയുടെ സ്വന്തമാണ്. സാമ്പത്തിക വളർച്ചാ തോതിൽ വർഷങ്ങളായി ചൈന ബഹുദൂരം മുന്നിലാണ്. അതിശയിപ്പിക്കുന്ന ഉൽപാദനശേഷിയുണ്ട് ചൈനക്ക്. ധർമശാസനപോലെ നിയമങ്ങൾ അനുസരിക്കുന്ന ജനത. ഏറ്റവും കുറഞ്ഞ വേതനം. മൂലധനം വെളിയിലേക്ക് കൊണ്ടുപോകുന്നതിൽ കടിഞ്ഞാൺ. രാജ്യത്തിന് പുറത്തേക്കുള്ള യാത്രകളെ നിരുത്സാഹപ്പെടുത്തൽ. മൂന്നാം ലോക രാജ്യങ്ങൾക്കുള്ള ഫണ്ടിങ് വഴിയുള്ള വരുമാനം, ആശ്രിതത്വം. സുസ്ഥിര ഭരണം. ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള മുൻകൂർ അധികാരം. സാമ്പത്തിക നയങ്ങളിലുള്ള അചഞ്ചലത. സാങ്കേതിക വിദ്യയുടെ പൊടുന്നനെയുള്ള വളർച്ച മുതലായ അനുകൂല ഘടകങ്ങൾ ആലംബമേകുന്നവയാണ്. എങ്കിലും അമേരിക്കയെ പിന്തള്ളി ചൈന ലോകക്രമത്തിന്റെ നിയന്താവാകുമെന്നത് നയനപഥത്തിനുമപ്പുറത്താണ്.
രണ്ടാം ലോകമഹായുദ്ധത്തോടെ അമേരിക്കയുടെ ആശ്രിതത്വത്തിനുള്ളിൽ സമർപ്പിച്ച മധ്യേഷ്യൻ രാജ്യങ്ങൾ മറ്റൊരു ചേരിയിലേക്ക് പൂർണമായും ചായ്‌വ് കാണിക്കണമെങ്കിൽ അമേരിക്കയുടെ മാത്രമായ കാരങ്ങളാൽ ശക്തിക്ഷയം സംഭവിക്കണം. അതല്ലെങ്കിൽ ജിയോപൊളിറ്റിക്‌സിൽ ഘടനാപരമായ മാറ്റങ്ങൾ സംഭവിക്കണം. അതുമല്ലെങ്കിൽ അമേരിക്കയിലും യൂറോപ്പിലും വലതുപക്ഷ രാഷ്ട്രീയജ്വരം മൂർഛിക്കണം.
 

Latest News