ഒരു തിരി മതി ഇരുളകലാൻ

'പുഞ്ചപ്പാടം തേകി നനയ്ക്കാൻ പാടെന്താണ് പക്ഷെ പുഞ്ചിരി കൊണ്ടൊരു ഖൽബ് നനയ്ക്കാൻ സെക്കന്റാണ്.' എന്ന പാട്ട്  കുട്ടിക്കാലത്ത് കേട്ട് അതിലെ ഭാഷാ സൗന്ദര്യവും  കവിതയും ആസ്വദിച്ചതിനെ കുറിച്ച് പ്രമുഖ കവിയും പ്രഭാഷകനുമായ  ആലങ്കോട്  ലീലാകൃഷ്ണൻ പറയാറുള്ളത്  ഓർത്ത് പോവുകയാണ്. നാലു ഭാഷകളിലെ വാക്കുകൾ ചേർത്തുണ്ടാക്കിയ ഈ വരികളിലെ ഭാഷാപരമായ  കൗതുകത്തിനപ്പുറത്ത്  ഉൾചേർന്നിരിക്കുന്ന  സ്‌നേഹത്തിന്റെ
വിനിമയ സൗന്ദര്യമാണ് ഉള്ളിൽ കവിതയുള്ള ആരെയും നനയ്ക്കുന്നത് എന്നോർക്കണം. ഉള്ളിലെ മനുഷ്യ പറ്റിന്റെ   കവിത വരണ്ട് പോവുന്ന തരത്തിൽ വിവിധ മാധ്യമങ്ങളിലൂടെ നിരന്തരമായി ബോധപൂർവ്വം വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്ന പുതു ലോകത്ത് ചുരുങ്ങിയത് പുഞ്ചിരി കൊണ്ടെങ്കിലും ഖൽബ് നനയ്ക്കാൻ മറക്കാതിരിക്കണം നാം ഓരോരുത്തരും.
മർത്യജീവിതം പ്രതി ജനഭിന്ന വിചിത്രമാർഗമാം  എന്ന്   കേരളീയരോട് പറഞ്ഞത് കുമാരനാശാനാണ്. ഓരോരുത്തരും ഭിന്ന രുചിക്കാരും വ്യത്യസ്ത പ്രകൃതക്കാരും സ്വഭാവക്കാരുമായിരിക്കും എന്നർത്ഥം.
മനുഷ്യ സ്വഭാവത്തിലുള്ള വൈവിധ്യങ്ങൾ  എന്ന ഈ ആശയത്തെ ഒരു ഗുരു   കുട്ടികൾക്ക് വിശദീകരിച്ചത് ഏറെ ചിന്തോദ്ദീപകമായ തരത്തിലാണ്. അദ്ദേഹം നാല് ഗ്ലാസുകളെടുത്ത് അവയിൽ  വെള്ളം നിറച്ചു. ഒന്നാമത്തെ ഗ്ലാസിൽ ഒരു കല്ലിട്ടു. കല്ല് ഗ്ലാസിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് പോയതല്ലാതെ അതിലെ വെള്ളത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല.
രണ്ടാമത്തെ ഗ്ലാസിൽ ഒരു അഴുക്ക് നിറഞ്ഞ മൺകട്ടയിട്ടു.അത് വെള്ളത്തിലലിഞ്ഞു വെള്ളം മലിനമായി. 
മൂന്നാമത്തെ ഗ്ലാസിൽ ഒരു കഷ്ണം പഞ്ഞിയിട്ടു. പഞ്ഞി പതുക്കെ വെള്ളം വലിച്ചെടുത്ത് വീർത്ത് വലുതായി. നാലാമത്തെ ഗ്ലാസിൽ ഒരു കഷ്ണം കൽക്കണ്ട മാണിട്ടത് .അത് വെള്ളത്തിൽ അലിഞ്ഞ് ഗ്ലാസിലെ വെള്ളം മുഴുവൻ മാധുര്യമുള്ളതായി മാറി.
ഗ്ലാസുകൾ ചൂണ്ടി കാട്ടി ഗുരു ശിഷ്യരോട് പറഞ്ഞു. ഇവ നാല് തരത്തിലുള്ള മനുഷ്യരുടെ പ്രതീകങ്ങളാണ്. മനുഷ്യർക്കിടയിലെ വലിയൊരു വിഭാഗത്തെ കല്ലിനോടുപമിക്കാം. അവർ സ്വയം നന്നാവുകയുമില്ല. മറ്റുള്ളവർക്ക് അവരുടെ ജീവിതം കൊണ്ട് വലിയ   പ്രയോജനവുമില്ല. രണ്ടാമത്തെ കൂട്ടർ മൺകട്ടയെ പോലെയാണ് അവർ സമൂഹത്തിന് നന്മ ചെയ്യുന്നില്ലെന്ന് മാത്രമല്ല അവരുമായി സമ്പർക്കത്തിൽ വരുന്നവരുടെ മനസ്സും അവർ മലിനമാക്കും. അവർ സാമൂഹ്യ മനസ്സിൽ മാലിന്യം പരത്തും. മൂന്നാമത്തെ വിഭാഗത്തിൽ പെട്ടവർ വെള്ളത്തിൽ വീണ പഞ്ഞിയെ പോലെയാണ്. തികച്ചും സ്വാർത്ഥൻമാർ.
അവർ ഈ ലോകത്ത് നിന്ന് കിട്ടാവുന്നതെല്ലാം കൈക്കലാക്കി അവരുടെ ജീവിതം കൊഴുപ്പിക്കും. മറ്റുള്ളവരെ ഒട്ടും സഹായിക്കാതെ ആവശ്യത്തിലധികം സമ്പാദിച്ചു കൂട്ടും. നാലാമത്തെ കൂട്ടർ കൽകണ്ടം പോലെയാണ്. അവർ മറ്റുള്ളവരുടെ ജീവിതത്തിൽ മധുരം പകരും. ഗുരു പുഞ്ചിരിയോടെ തുടർന്നു; അവരുടെ സാന്നിധ്യവും
സംസാരവും സേവനവും ആരെയും ആകർഷിക്കുന്നതായിരിക്കും.
അകത്ത് അനുദിനം വലുതായി കൊണ്ടിരിക്കുന്ന 'ഞാൻ പോയാലെ ജ്ഞാനം വരൂ,  ജ്ഞാനം വന്നാലെ ഞാൻ പോകൂ' എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത കൂടി ചേർത്ത് വായിച്ചുനോക്കൂ. ജ്ഞാനം ഉദിക്കുന്നതും മനോഭാരം കുറയുന്നതും കാണാം.
അതുമിതും പറഞ്ഞും അന്യായങ്ങൾ ആരോപിച്ച് കലഹിക്കാനും ചോര ചിന്താനും കൊതിക്കുന്ന, കൊതിപ്പിക്കുന്ന കുടില മനസ്സുകളെ തിരിച്ചറിയുകയും അവരിൽനിന്ന് അകലം പാലിക്കുകയും ചെയ്യുന്നത് മനസ്സുഖത്തിനും ജീവിതസുഖത്തിനും സാമൂഹ്യ ക്ഷേമത്തിനും ഉതകും. ഈ കാര്യം നാം ഇടയ്ക്കിടെ  ഓർമ്മിക്കുകയും  ഓർമ്മിപ്പിക്കുകയും  ചെയ്ത് കൊണ്ടേയിരിക്കുക. ഒരു തിരി വെളിച്ചം മതി ഇരുളകലാൻ. അതുമതി എല്ലാതരം ഇരുട്ടുകളും  വെളിച്ചമായ് തെളിയാൻ.
 

Latest News