സാറ ടീച്ചർ പല കാര്യങ്ങളിലും സ്വയംപര്യാപ്തയും മറ്റുള്ളവർക്ക് വഴികാട്ടിയുമാണ്. സ്വന്തമായ ആവശ്യത്തിനുള്ള എണ്ണ, സോപ്പ്, കുട എന്നിവ സ്വന്തമായി നിർമ്മിക്കുകയും കുടുംബാവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്യുകയും ചെയ്യും.പാലിയേറ്റീവ് ഹോം കെയർ വളണ്ടിയറായ അവർ മൃതദേഹ പരിപാലനത്തിന് മുൻപന്തിയിലാണ്. തന്റെ 17 -മത്തെ വയസ്സിൽ ക്വാറിയിൽ വീണ് മരിച്ച ബന്ധുവായ ഒരു കുട്ടിയുടെ മൃതദേഹം കുളിപ്പിച്ചാണ് ഈ രംഗത്ത് വരുന്നത്. പിന്നീടതൊരു തപസ്യയാക്കി.
സ്ത്രീശാക്തീകരണത്തിൽ പൂർവ്വികരായി മലപ്പുറം മക്കരപ്പറമ്പിനടുത്ത വടക്കാങ്ങരയിലേയും പരിസരങ്ങളിലേയും നിരവധി മഹതികൾ പണ്ടേ ഏറെ മുന്നിലാണ്. പരിമിതമായ അറിവുകൾ നിരക്ഷരരെ പറഞ്ഞും പഠിപ്പിച്ചും കഴിയുന്നത്ര മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചാണ് അവർ മൺമറഞ്ഞ് പോയത്.
ദീനീ പഠനം നിലനിർത്താൻ തന്റെ സ്വത്ത് മുഴുവൻ നീക്കിവെച്ച വടക്കാങ്ങരയിലെ പട്ടാക്കൽ ഇജ്ജാത്തു ഉമ്മ, തലമുറകൾക്ക് വിദ്യാദീപം പകർന്ന് നൽകിയ കണക്കർത്തൊടി പാലക്കോളി കദിയുമ്മ മൊല്ലാച്ചി എന്നിവരെ ഈ ഗ്രാമത്തിന് മറക്കാൻ കഴിയില്ല.
മൃതദേഹ പരിപാലനത്തിനൊപ്പം നിത്യജീവിതത്തിൽ സ്ത്രീ ജനങ്ങൾക്ക് വേണ്ട 'ഇൽമ്' പഠിപ്പിച്ച തങ്കയത്തിൽ മറിയുമ്മ, കിഴക്കേതിൽ ഫാത്തിമ എന്ന ഇമ്മുട്ടി താത്ത, കാളാവിൽ ഉരുണിയൻ ഉമ്മുസൽമ, ബ്രിട്ടീഷ് ഏമാന്മാരെയും പുരുഷമേധാവിത്തത്തെയും സധൈര്യം ശബ്ദമുതിർത്ത് നേരിട്ട മുടക്കയിൽ ചക്കിയമ്മ തുടങ്ങി പലരുമുണ്ടായിരുന്നു ഈ ഗ്രാമത്തിൽ. കാലങ്ങൾ പിന്നിട്ടപ്പോൾ ആളും രീതിയും മാറി. എങ്കിലും അവരുടെയൊക്കെ സ്മൃതികളുടെ കരുത്തിൽ ഇപ്പോഴും ശക്തിസൗന്ദര്യവും സ്നേഹസൗഹൃദവും വിളയാടുന്ന പുതിയ കുറേ വനിതാരത്നങ്ങൾ മറ്റു ഗ്രാമക്കാർക്ക് മാതൃകയായി ഇന്നും ഇവിടെ മുൻനിരയിലുണ്ട്.
സാമൂഹിക സാംസ്കാരിക വൈജ്ഞാനിക രംഗത്ത് പ്രഭ പരത്തി ജീവിതം ധന്യമാക്കുന്ന മഹദ്വനിതയാണ് കരുവാട്ടിൽ സാറ ടീച്ചർ. നാല് പതിറ്റാണ്ടിലധികം കാലം മൃതദേഹ പരിപാലനവും ഒപ്പം പുതിയ തലമുറയെ തുടർച്ചക്കാരായി അത്തരം സേവനപ്രവർത്തനങ്ങൾക്ക് സർവസജ്ജമാക്കിയും സാറ ടീച്ചർ മുന്നിൽ തന്നെയുണ്ട്. സമൂഹത്തിന് വൈജ്ഞാനിക വെളിച്ചം പകർന്ന് പരാശ്രയർക്ക് തണലേകി ആൾക്കൂട്ടത്തിൽ വേറിട്ട സാറ ടീച്ചർ നാട്ടുകാർക്കിടയിൽ ഇന്നുമൊരു വിസ്മയമാണ്.
വടക്കാങ്ങര കരുവാട്ടിൽ സെയ്ത് കുരിക്കൾ പരിയാരത്ത് ആയിശ പാതിരമണ്ണ ദമ്പതികളുടെ പുത്രിയാണ് സാറ. പരേതനായ വേങ്ങശ്ശേരി അബൂബക്കർ കൂട്ടിലിന്റെ ഈ ജീവിതസഖി പ്രാഥമിക പ0നം വടക്കാങ്ങര എൽ.പി സ്കൂളിലും ശേഷം ശാന്തപുരം ഇസ്ലാമിയ്യ കോളേജിൽ നിന്നുമാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് എം.എം.എ.എൽ.പി.സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ടി.എസ്.എസ് വടക്കാങ്ങര, വേങ്ങര നെല്ലിപ്പറമ്പ്, പട്ടിക്കാട് ഗവ: ഹൈസ്കൂൾ, ആനമങ്ങാട് ഹൈസ്കൂൾ, പെരിന്തൽമണ്ണ ബോയ്സ് ഹൈസ്കൂൾ, മലപ്പുറം ഗേൾസ് ഹൈസ്കൂൾ, അവസാനം മലപ്പുറം ഡി.ഡി ഓഫീസിൽനിന്ന് ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജ്യുക്കേഷൻ തസ്തികയിൽ 2016 ൽ റിട്ടയർ ചെയ്തു. ഐ.എം.ഇ യായി ജോലി ചെയ്ത മലപ്പുറം ഓഫീസിലെ ആദ്യ വനിതയാണ് സാറ ടീച്ചർ.
തുടർന്ന് സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗങ്ങളിൽ നിറസാന്നിധ്യമായി. ജമാഅത്തെ ഇസ്ലാമി ദഅ്വാ വിംഗിന്റെ മങ്കട ഏരിയാ മുൻ കൺവീനറായ സാറ, മക്കരപ്പറമ്പ് ഏരിയ കേന്ദ്രീകരിച്ച് മുതിർന്ന സ്ത്രീകൾക്ക് വേണ്ടി ദീനിന്റെ അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തുന്നുണ്ട്. 'തംഹീ ദുൽ മർഅ' എന്ന പേരിൽ അറിയപ്പെടുന്ന രണ്ട് വർഷം കൊണ്ട് പൂർത്തിയാവുന്ന കോഴ്സിന്റെ മക്കരപ്പറമ്പ് മേഖലാ കോ ഓഡിനേറ്ററാണ് സാറ ടീച്ചർ.
മക്കൾ: നസീറ ബാനു (വെൽഫയർ പാർട്ടി വിമൻസ് വിംഗ്), ഷാക്കിറ ബാനു, (സ്റ്റാഫ് നഴ്സ് വണ്ടൂർ ഗവ.ആശുപത്രി), മുംതാസ് ബാനു (മജ്ലിസ് ഓഫീസ് കോഴിക്കോട്), മുനീഫ ബാനു (ഖത്തർ), മുബശ്ശിർ(ഏഷ്യാനെറ്റ് മലപ്പുറം ബ്യൂറോ).
മരുമക്കൾ: കുറ്റിക്കോടൻ ഹമീദലി(ഖത്തർ), അംജദ് റിയാസ് വാണിയമ്പലം (ഹെൽത്ത് ഇൻസ്പെക്ടർ പാലക്കാട്), അനീസ് കടമ്പോട് കോഴിക്കോട്, മുഹ്സിൻ മുഞ്ഞക്കുളം, നദ പൈത്തിനിപ്പറമ്പ് മലപ്പുറം.
സാറ ടീച്ചർ പല കാര്യങ്ങളിലും സ്വയംപര്യാപ്തയും മറ്റുള്ളവർക്ക് വഴികാട്ടിയുമാണ്. സ്വന്തമായ ആവശ്യത്തിനുള്ള എണ്ണ, സോപ്പ്, കുട എന്നിവ സ്വന്തമായി നിർമ്മിക്കുകയും കുടുംബാവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്യുകയും ചെയ്യും.
പാലിയേറ്റീവ് ഹോം കെയർ വളണ്ടിയറായ അവർ മൃതദേഹ പരിപാലനത്തിന് മുൻപന്തിയിലാണ്. തന്റെ 17 മത്തെ വയസ്സിൽ ക്വാറിയിൽ വീണ് മരിച്ച ബന്ധുമായ ഒരു കുട്ടിയുടെ മൃതദേഹം കുളിപ്പിച്ചാണ് ഈ രംഗത്ത് വരുന്നത്. പിന്നീടതൊരു തപസ്യയാക്കി.
നാട്ടിലെ വയോജനങ്ങളെ ഉൾപ്പെടുത്തി സ്വന്തമായി നിരവധി ടൂർ പ്രോഗ്രാമുകൾ നടത്താറുണ്ട് സാറ ടീച്ചർ. ഊട്ടിയിലും ആലപ്പുഴയും എന്ന് വേണ്ട കേരളത്തിലെ കേളികേട്ട പലയിടങ്ങളിലും കൂട്ടമായി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. 49 പേരുള്ള സംഘത്തെ ഒരു സ്ത്രീ ഒറ്റക്ക് കൊണ്ട് പോയി തിരിച്ച് കൊണ്ടുവന്ന് മിടുക്ക് തെളിയിച്ച സാറ വടക്കാങ്ങരയിലെ സ്ത്രീ ശാക്തീകരണത്തിലെ കരുത്തുറ്റ സ്ത്രീരത്നമാണ്. ഇന്ന് മയ്യത്ത് പരിപാലന ക്ലാസ്സുകൾ നടത്തിയും വരും തലമുറക്ക് ദിശാബോധമുണ്ടാവാനുള്ള പ്രവൃത്തിയിൽ മുഴുസമയ പ്രവർത്തകയായ, പലരുടേയും റോൾമോഡലായ വനിത.






