Sorry, you need to enable JavaScript to visit this website.

ഇതാണ് കേരള സ്റ്റോറി; വീഡിയോ പങ്കുവെച്ച് എ.ആര്‍.റഹ്മാന്‍

കൊച്ചി- വിദ്വേഷം വിളമ്പുന്ന കേരള സ്‌റ്റോറി സിനിമ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കെ, മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന്റെ ഉദാഹരണമായ വിവാഹ വീഡിയോ പങ്കുവെച്ച് വിഖ്യാത സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍. കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വെച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്മാന്‍ പങ്കുവച്ചത്.
അഭിനന്ദനങ്ങള്‍, മനുഷ്യസ്‌നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോക്ക് അടിക്കുറിപ്പായി റഹ്മാന്‍ ട്വീറ്റ് ചെയ്തു.
പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. 2019ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന്‍ മരിച്ചിരുന്നു. മൂത്ത മകളായ അഞ്ജുവിന്റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്.
വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്യുന്നതിനു പകരം  വിവാഹത്തിന്റെ എല്ലാ ചെലവുമുള്‍പ്പെടെ ആഘോഷപൂര്‍വ്വം നടത്തിത്തരാമെന്നാണ് പള്ളി കമ്മിറ്റി പറഞ്ഞത് ക്ഷണക്കത്ത് മുതല്‍ ഭക്ഷണവും ആഭരണങ്ങളും ഉള്‍പ്പെടെ ജമാഅത്ത് കമ്മിറ്റി ആണ് ഒരുക്കിയത്.
പള്ളിക്കമ്മറ്റിയുടെ ലെറ്റര്‍ പാഡിലായിരുന്നു പ്രത്യേക വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചത്. ഇതിനു പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.

 

Latest News