നിക്ഷേപകർക്ക് വസന്തമൊരുക്കി സാമ്പത്തിക മേഖലകൾ

സൗദി അറേബ്യയിൽ ദിനേന പരിവർത്തന വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിൽ. അതുപോലെ തന്നെ സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക, വിനോദ സഞ്ചാര മേഖലകളിലും മാറ്റങ്ങളുടെ കൊടുങ്കാറ്റാണ് വീശിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും നടത്തി വരുന്ന പരിഷ്‌കാരങ്ങളിൽ അവസാനത്തേതാണ് നാലു സ്‌പെഷ്യൽ ഇക്കണോമിക് സോണുകളുടെ പ്രഖ്യാപനം. വിദേശ കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കുന്നതോടൊപ്പം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഈ നാലു പ്രത്യേക സാമ്പത്തിക മേഖലകൾ.
സ്വദേശികളും വിദേശികളുമായ നിക്ഷേപകർക്കും  പുതിയ തലമുറയിലുള്ളവർക്കും മികച്ച അവസരമൊരുക്കുകയെന്ന ലക്ഷ്യവുമായാണ് കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നാലു പ്രത്യേക സാമ്പത്തിക മേഖലകളുടെ പ്രഖ്യാപനം. ലോകോത്തര ആഗോള നിക്ഷേപ കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. അതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കാനും വൈവിധ്യവൽക്കരിക്കാനും നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും സഹായിക്കും വിധമാണ്  സാമ്പത്തിക മേഖലകളുടെ രൂപകൽപന. നിക്ഷേപകരെ, പ്രത്യേകിച്ച് വിദേശ നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തി കൂടുതൽ നിക്ഷേപകരെ  രാജ്യത്തേക്ക് ആകർഷിക്കാനുതകും വിധം ഒട്ടേറെ ഇളവുകൾ ഈ മേഖലയിൽ ലഭ്യമായിരിക്കും. നികുതി, ലെവി എന്നിവയിലെ ഇളവുകൾ മാത്രമല്ല, സ്വദേശിവൽക്കരണ തോതിലും വൻ ഇളവുകൾ നൽകുമെന്നത് വിദേശ നിക്ഷേപകർക്ക് ആകർഷക ഘടകങ്ങളാണ്. ലോജിസ്റ്റിക്, വ്യാവസായിക രംഗങ്ങളിൽ വൻ വളർച്ച ലക്ഷ്യമിടുന്ന മേഖല പൂർണതോതിലാകുമ്പോൾ അതു രാജ്യത്തിന്റെ ആഭ്യന്തരോൽപാദനത്തിൽ വൻ മാറ്റമാവും സൃഷ്ടിക്കുക. ഇതിനു പുറമെ തൊഴിൽ രംഗത്തും ഒട്ടേറെ സാധ്യതകളായിരിക്കും തുറക്കപ്പെടുക. സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട കർശന നിയമങ്ങളിൽ ഇളവുകളുണ്ടാവുമെന്നതിനാൽ വിദേശികൾക്ക് നിരവധി പുതിയ തൊഴിലവസരങ്ങളും പുതിയ സാമ്പത്തിക മേഖലകളൊരുക്കും. റിയാദ്, ജിസാൻ, കിഴക്കൻ പ്രവിശ്യയിലെ റാസൽഖൈർ, ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങളിലാണ് പുതിയ പ്രത്യേക സാമ്പത്തിക മേഖലകൾ ഉയരുക.  ഓരോ പ്രവിശ്യയുടെയും സവിശേഷതകളെ അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖലകൾ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളായിരിക്കും തുറക്കുകയെന്ന കിരീടാവകാശിയുടെ പ്രസ്താവന രാജ്യത്തിന്റെ സമഗ്ര വികസനത്തെയാണ് കാണിക്കുന്നത്. 
ഡിജിറ്റൽ പരിവർത്തനത്തിനുള്ള കേന്ദ്രമായിരിക്കും റിയാദിലെ കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ്  ആന്റ് ടെക്‌നോളജി ക്ലൗഡ്കംപ്യൂട്ടിംഗ് മേഖലയിൽ തുറക്കപ്പെടുക.  ഡിജിറ്റൽ രംഗത്ത് സൗദി ഇതിനകം കൈവരിച്ച നേട്ടങ്ങൾക്ക് കൂടുതൽ ശക്തിയും വേഗവും വർധിപ്പിക്കാൻ ഈ മേഖലക്കു കഴിയും. വിവര സാങ്കേതികവിദ്യ രംഗത്ത് സൗദിയുടെ കുതിച്ചുചാട്ടത്തിനും ഈ സോൺ വഴിതുറക്കും. ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയായ രണ്ടാമത്തെ സോണിനെ ലോജിസ്റ്റിക്, അത്യാധുനിക ഉൽപാദന മേഖലയായായിരിക്കും പരിവർത്തിപ്പിക്കുക. ഓട്ടോമൊബൈൽ നിർമാണം, അസംബ്ലിംഗ്, ആരോഗ്യ രംഗത്തെ ഉൽപന്ന നിർമാണം തുടങ്ങി ഒട്ടേറെ ഉൽപാദനവുമായി ബന്ധപ്പെട്ട സംരംഭങ്ങൾ ഈ മേഖലക്ക് ശക്തിയേകും.  മൂന്നാമത്തെ മേഖല ജിസാനിലെ തുറമുഖം കേന്ദ്രീകരിച്ചായിരിക്കും. ഏഷ്യ,  ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റിറക്കുമതി വർധിപ്പിക്കാൻ ഈ സോൺ സഹായിക്കും. ഭക്ഷ്യ ഉൽപാദന മേഖലയിലും ഈ സോണിൽ സംരംഭങ്ങളുണ്ടാവും.  നാവിക മാർഗം ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് കിഴക്കൻ പ്രവിശ്യയിലെ റാസൽ ഖൈർ സോൺ. സമുദ്ര ഖനനനം, കപ്പൽ നിർമാണം, അറ്റകുറ്റപ്പണികൾ തുടങ്ങിയവക്കായിരിക്കും ഇവിടെ ഊന്നൽ നൽകുക.  അങ്ങനെ വൈവിധ്യവൽക്കരണം കൊണ്ട് സമ്പന്നമായിരിക്കും ഓരോ സോണുകളും. 
അസാധാരണമായ നിക്ഷേപ അനുഭവമായിരിക്കും ഓരോ സോണുകളും സമ്മാനിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. മധ്യപൗരസ്ത്യ ദേശത്തേക്കും ആഫ്രിക്കയിലേക്കുമുള്ള ഒരു ട്രാൻസിറ്റ് ഗേറ്റ്‌വേ എന്ന നിലയിൽ സൗദി അറേബ്യയെ മാറ്റുന്നതിന്  ഈ സോണുകൾക്കു കഴിയും. കാരണം സൗദിയുടെ സ്ഥാനമാണ് ഇതിൽ പ്രധാനം. യൂറോപ്പും ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള അടുപ്പം ഷിപ്പിംഗിന് കുറഞ്ഞ സമയമേ വേണ്ടിവരൂ  എന്നത് ലോജിസ്റ്റിക് മേഖലക്ക് ഗുണകരമായി മാറും. കിഴക്കിനെയും പടിഞ്ഞാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി വർത്തിക്കുന്നതിനും ഈ മേഖലകൾ ഉപകരിക്കുമെന്നതും ഇതിന്റെ നേട്ടമാണ്.  
പുതിയ സ്‌പെഷ്യൽ ഇക്കണോമിക് സോണുകളിൽ ബിസിനസ് മേഖലക്ക് പ്രത്യേക നിയമങ്ങളും നിയമാവലികളുമുണ്ടാകും. ഇത് മികച്ച നിക്ഷേപങ്ങൾ ആകർഷിക്കുന്ന ലോകത്തെ ഏറ്റവും മത്സരക്ഷമതയുള്ള സാമ്പത്തിക മേഖലകളായി നാലു സോണുകളെയും മാറ്റും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും പുതിയ സാമ്പത്തിക മേഖലകൾ വലിയ അവസരങ്ങൾ നൽകും. 
ആഗോള നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളാവും പുതിയ സാമ്പത്തിക മേഖലകളിൽ ഒരുക്കുക. കോർപറേറ്റ് നികുതി ഇളവ്, കസ്റ്റംസ് ഡ്യൂട്ടി ഇളവ്, പുതിയ ഉൽപന്നങ്ങളുണ്ടാക്കുന്നതിന് അവയുടെ ഇറക്കുമതിയിൽ ഇളവ്, മാനുഫാക്ചറിംഗ് ഉപകരണങ്ങൾ ഉണ്ടാക്കുന്നതിലും അവ കയറ്റി അയക്കുന്നതിലും ഉള്ള ഇളവുകൾ ഈ മേഖലകളുടെ സവിശേഷതകളായിരിക്കും. ഇത് സാമ്പത്തിക  രംഗത്ത് വൻ കുതിച്ചുചാട്ടത്തിനു സഹായകമാവും. 
പ്രത്യേക നിയമ നിർമാണ അധികാര പരിധിക്കുള്ളിലായിരിക്കും ഓരോ സോണുകളും പ്രവർത്തിക്കുക. ഇത് ലെവി, നികുതി ഉൾപ്പെടെ നിക്ഷേപകർക്ക് ഒട്ടനവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു സഹായകമാവും. തൊഴിലാളികളെ കൊണ്ടുവരുന്നതിനും ആശ്രിത വിസകളിലുള്ളവർക്കും പ്രത്യേക ആനുകൂല്യങ്ങളും ഈ സോണുകളിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഖ്യാപനം വന്നതിനു പിന്നാലെ പല വൻകിട സംരംഭകരും കമ്പനികളും പ്രത്യേക സാമ്പത്തിക മേഖലകളിൽ ഭൂമി സ്വന്തമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ലുലു ഗ്രൂപ്പ് ജിദ്ദ ഇക്കണോമിക് സോണിൽ ലോജിസ്റ്റിക് സെന്ററും ഫുഡ് പ്രോസസിംഗ് ആന്റ് ഫുഡ് സെക്യൂരിറ്റി  ഏരിയക്കുമായി ഭൂമി സ്വന്തമാക്കുന്നതിനുള്ള അനുമതി ഇതിനകം സമ്പാദിച്ചു. താമസിയാതെ ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടൽ ഉണ്ടാകും. അതുപോലെ ആഗോള തലത്തിലുള്ള മറ്റു സംരംഭകരും കമ്പനികളും ഈ മേഖലയിലെ സാന്നിധ്യം ഉറപ്പാക്കുന്നിനുള്ള  നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

Latest News