ന്യൂഡൽഹി - വിവാദ ചലച്ചിത്രം 'ദി കേരള സ്റ്റോറി' നാളെ റിലീസ് ചെയ്യാനിരിക്കെ, സിനിമയ്‌ക്കെതിരായ ഹർജിയിൽ ഇടപെടാൻ വീണ്ടും വിസമ്മതിച്ച് സുപ്രീംകോടതി. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകർ തീരുമാനിക്കുമെന്നും വിഷയം ഹൈക്കോടതിക്ക് വിട്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.
സുപ്രീംകോടതി നിർദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. അതിനിടെ, സിനിമ നിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജി മഡ്രാസ് ഹൈക്കോടതി പരിഗണിക്കാനായി മാറ്റിവെച്ചു. മാധ്യമപ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷനാണ് ഹർജി നൽകിയത്. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകർക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഹർജിക്കാരന്റെ വാദം. പ്രത്യേക മതവിഭാഗത്തിനെതിരേ വലിയ തോതിലുള്ള വ്യാജ പ്രചാരണമാണ് സിനിമയിലുള്ളതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.






