Sorry, you need to enable JavaScript to visit this website.

അവര്‍ക്കൊന്നും രാത്രി ഉറക്കമില്ല, സിനിമയിലെ  രാസലഹരി ഉപയോഗം പ്രശ്‌നമാവുന്നു- സാന്ദ്രാ തോമസ്

കൊച്ചി-സിനിമ രംഗത്തെ രാസലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവ് സാന്ദ്രാ തോമസ്. അഭിനേതാക്കള്‍ക്ക് പറയുന്നത് പോലും എന്താണെന്ന് ഓര്‍മയില്ലാത്ത അവസ്ഥയാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് പലരും രാവിലെ ഉറങ്ങുന്നത് ഷൂട്ടിങ്ങിനെ ബാധിക്കുന്നുണ്ട്. രാവിലെ 6 മണിക്ക് ഷൂട്ട് തുടങ്ങി 9 മണിക്ക് സീന്‍ തീര്‍ക്കുന്നതാണ് പണ്ടത്തെ രീതി. എന്നാല്‍ ഇപ്പോള്‍ പത്തരയും പതിനൊന്നും കഴിയാതെ അഭിനേതാക്കള്‍ എത്തില്ലെന്നും സാന്ദ്രാ തോമസ് പറയുന്നു.
സെറ്റുകളില്‍ ലഹരിഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തില്‍ മൊത്തത്തില്‍ ലഹരി ഉപയോഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സിനിമാമേഖലയിലും ഈ പ്രശ്‌നമുണ്ട്. കാരണം ഇപ്പോള്‍ പറയുന്നതാവില്ല അവര്‍ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അത് കഴിഞ്ഞ് പറയുന്നത്. നോര്‍മലായിരിക്കുമ്പോള്‍ നമ്മള്‍ ചെന്ന് സംസാരിച്ചാല്‍ അവര്‍ അത് ചെയ്യാമെന്ന് പറയും പിറ്റേ ദിവസം ഓര്‍മ കാണില്ല. അപ്പോള്‍ നമ്മള്‍ അവിടെ കള്ളന്മാരായി. സഹകരിക്കാത്ത താരങ്ങളെ ഡീല്‍ ചെയ്യുക എന്നത് തനിക്ക് എപ്പോഴും ദുസ്വപ്നമാണെന്നും സെറ്റിലെ മറ്റ് ആളുകളോട് മോശമായി പെരുമാറുമ്പോള്‍ ഇടപെടാറുണ്ടെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സാന്ദ്ര പറഞ്ഞു.

Latest News