ഒരാഴ്ചക്കിടെ രണ്ടാമത്തെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍

ദുബായ് - ഒരാഴ്ചക്കുള്ളില്‍ രണ്ടാമത്തെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതെന്ന് യു.എസ് നാവികസേന അറിയിച്ചു. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുമ്പോള്‍ ഇന്ന് രാവിലെ 6:20 ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേവി പാനമ പതാകയുള്ള എണ്ണക്കപ്പല്‍ നിയോവി പിടിച്ചെടുത്തതായി ബഹ്‌റൈന്‍ ആസ്ഥാനമായുള്ള യു.എസ് നേവിയുടെ അഞ്ചാം കപ്പല്‍ അറിയിച്ചു.
ഇറാന്റെ ആദ്യ പ്രതികരണത്തില്‍, ഒരു വാദിയുടെ പരാതിയെത്തുടര്‍ന്ന് ജുഡീഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതെന്ന് ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വ്യാഴാഴ്ച ഒമാന്‍ ഉള്‍ക്കടലില്‍ മാര്‍ഷല്‍ ദ്വീപുകളുടെ ഓയില്‍ ടാങ്കര്‍ അഡ്വാന്റേജ് സ്വീറ്റ് ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് സംഭവം. ആ ടാങ്കര്‍ ബന്ദര്‍ അബ്ബാസില്‍ ഇറാനിയന്‍ അധികൃതരുടെ കൈവശമുണ്ടെന്ന് മാര്‍ഷല്‍ ഐലന്‍ഡ്‌സ് ഫ്‌ളാഗ് രജിസ്ട്രി ചൊവ്വാഴ്ച അറിയിച്ചു.
മാര്‍ഷല്‍ ഐലന്‍ഡ്‌സ് ടാങ്കറായ സൂയസ് രാജനിലെ എണ്ണ അമേരിക്ക കോടതി ഉത്തരവ് വഴി പിടിച്ചെടുത്തതിന് മറുപടിയായാണ് ഇറാന്‍ അഡ്വാന്റേജ് സ്വീറ്റ് പിടിച്ചെടുത്തതെന്ന് സമുദ്ര സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു.

 

Latest News