ദാറുല്‍ ഉലൂമിന്റെ ഗെയിറ്റ് തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ

ഹൈദരാബാദ്- ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ശിവരാംപള്ളിയിലെ ജാമിയ ഇസ്‌ലാമിയ ദാറുല്‍ ഉലൂമിന്റെ കമാനവും പ്രധാന ഗേറ്റും അധികൃതര്‍ പൊളിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് നേരിയ സംഘര്‍ഷാവസ്ഥ.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ശിവരാംപള്ളിയിലെ മതപഠനശാലയുടെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിച്ചത്. ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്ന മാനേജ്‌മെന്റ്  ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതരെ തടഞ്ഞു.
മൗലാന മുഹമ്മദ് ഹുസാമുദ്ദീന്‍ ജാഫര്‍ പാഷ സ്ഥലത്തെത്തിയാണ് അധികൃതരുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ഒരു ആവശ്യത്തിനും ഗേറ്റുകളോ കമാനമോ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്  ഗേറ്റും കമാനവും തകര്‍ക്കാതെ റോഡ് വീതികൂട്ടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. നീക്കത്തില്‍നിന്ന്  അവര്‍ പിന്മാറിയെന്നാണ് കരുതുന്നതെന്ന് ജാഫര്‍ പാഷ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്കായി മസ്ജിദുകളും മദ്രസകളും തകര്‍ക്കാനുള്ള തീരുമാനമെടുക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജാഫര്‍ പാഷ മുന്നറിയിപ്പ് നല്‍കി.
മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയാണ് അധികൃതര്‍ പിരിഞ്ഞുപോയത്. അധികാരികളുടെ നടപടിക്കെതിരെ മുസ്ലിം നേതൃത്വം തങ്ങളോടൊപ്പം നില്‍ക്കണമെന്നും ശബ്ദമുയര്‍ത്തണമെന്നും മൗലാന ജാഫര്‍ പാഷ ആവശ്യപ്പെട്ടു.
മൈലാര്‍ദേവ്പള്ളി പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കാന്‍ പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജാമിയ ഇസ്ലാമിയ ദാറുല്‍ ഉലൂം നഗരത്തിലെ ശിവരാംപള്ളി റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1965ല്‍ ഹൈദരാബാദ് ഡെക്കാണിലെ അന്തരിച്ച ഗ്രാന്‍ഡ് സൂഫി മൗലാന മുഹമ്മദ് ഹമീദുദ്ദീന്‍ ഹുസാമി അഖില്‍ ആണ് മതപാഠശാല ആരംഭിച്ചത്.
കൈയെഴുത്തുപ്രതികള്‍ അടങ്ങുന്ന വലിയ ലൈബ്രറി അടങ്ങുന്നതാണ്  ജാമിയ ഇസ്‌ലാമിയ ദാറുല്‍ ഉലൂം. ഖലീഫ ഉസ്മാനിബ്‌നു അഫാന്‍ കാലഘട്ടത്തില്‍ കൈകൊണ്ട് എഴുതിയ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് ലൈബ്രറിയിലുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News