സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ എന്ന് ആഹ്വാനം ചെയ്ത് തൊഴിലിന്റെ മഹത്വവും തൊഴിലാളിയുടെ അന്തസ്സും വിളിച്ചറിയിച്ച് മറ്റൊരു സാർവദേശീയ തൊഴിലാളിദിനം കൂടി കടന്ന് പോയി. ചൂഷണത്തിന്റേയും അടിമത്തത്തിന്റെയും ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ചരിത്ര സംഭവമാണ് ലോക തൊഴിലാളി ദിനം എന്ന് തന്നെ വേണം പറയാൻ. ഓരോ മനുഷ്യനും അവന്റെ ഉപജീവന മാർഗത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ചെയ്യുന്ന തൊഴിൽ ഉത്തരവാദിത്ത ബോധത്തോടെയും സമർപ്പണ മനോഭാവത്തോടെയും ചെയ്യുമ്പോഴാണ് തൊഴിലിന്റെ മഹത്വവും അതിന്റെ ഗുണമേന്മയും അനുഭവിച്ചറിയാൻ കഴിയുക.
ലോകനിലവാരത്തിലേക്ക് തന്നെ ഉയർന്ന തൊഴിലാളി മുന്നേറ്റം ഓർമ്മപ്പെടുത്തുന്ന വിപ്ലവദിനമായാണ് മെയ് ഒന്ന്്് ലോക തൊഴിലാളിദിനമായി ആചരിക്കുന്നത്. ലോകമെങ്ങും ഇന്ന്്് അംഗീകരിക്കുന്ന തൊഴിൽ സമയം എട്ടു മണിക്കൂറാണ്. തൊഴിലാളികൾ ഈ അവകാശം നേടിയെടുത്തതിന് പിന്നിൽ രക്തം ചിന്തിയ സമരങ്ങളുടെ ഒരു പാട് കഥ പറയാനുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളികളുടെ സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അതീവ ദയനീയമായിരുന്നു. അവരിൽ ഭൂരിഭാഗവും ക്രൂരവേട്ടക്കിരയാകുന്ന അടിമകളായിരുന്നു. 16 മണിക്കൂർ മുതൽ 18 മണിക്കൂർ വരെ അവർക്ക് ജോലി ചെയ്യേണ്ടി വന്നു.കൂടാതെ വളരെ തുച്ഛമായ വേതനവും ഭക്ഷണവും മാത്രമായിരുന്നു ലഭിച്ചത്. 1861 മുതൽ 65 വരെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന അബ്രഹാം ലിങ്കൻ അടിമത്വം നിരോധിക്കുകയും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ചില നടപടികൾ സ്വീകരിക്കുകയും ചെയ്തു.
1886 മെയ് 1 ന് അമേരിക്കയിലെ തൊഴിലാളികൾ ആദ്യമായി പണിമുടക്കി. ചിക്കാഗോയിൽ ഒത്തുകൂടിയ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ ഉന്നയിച്ച് തെരുവീഥികളെ കടുത്ത പ്രതിഷേധവുമായി പ്രകമ്പനം കൊള്ളിച്ചു.
ഏകദേശം 3 ലക്ഷം തൊഴിലാളികൾ ഈ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു എന്നാണ് കണക്ക്. പോലീസ് വെടിവെപ്പിൽ എത്രയോ തൊഴിലാളികൾ പിടഞ്ഞുവീണു.. നിലപാടിൽ ഉറച്ച് നിന്ന് 8 മണിക്കൂർ ജോലി എന്നതായിരുന്നു തൊഴിലാളികളുടെ മുദ്രാവാക്യം. പ്രതിഷേധം ശക്തമായിട്ടും അവരുടെ ആവശ്യങ്ങൾ തൊഴിലുടമകൾ അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് അമേരിക്കയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായി 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ആ ചരിത്ര സംഭവം ലോക തൊഴിലാളി ദിനമായി ആചരിക്കപ്പെട്ടു. അങ്ങനെയാണ്
1886 ൽ അമേരിക്കയിലെ ചിക്കാഗൊയിൽ നടന്ന തൊഴിലാളി മുന്നേറ്റത്തിന്റെ സ്മരണാർത്ഥമായി അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്.ചിക്കാഗൊയിൽ തൊഴിലാളികൾക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തി എത്രയോ തൊഴിലാളികൾ നിഷ്ക്കരുണം കൊല്ലപ്പെട്ടു.
ഇന്ത്യയിൽ 1923 ൽ മദ്രാസിലാണ് ആദ്യമായി മെയ് ദിനം ആഘോഷിക്കുന്നത്. മറുമലർച്ചി ദ്രാവിഡമുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കൊ ആണ് മെയ് ദിനം പൊതു അവധി ആക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് മെയ് 1 പൊതു അവധിയായത്. തൊഴിൽ സമയം കൃത്യമായി നിജപ്പെടുത്താതെ
പതിനെട്ട്്് - ഇരുപത്് മണിക്കൂറുകളോളം തുടർച്ചയായി പുരുഷന്മാർ മാത്രമല്ല സ്ത്രീകളും കുട്ടികളും ജോലി ചെയ്യുമ്പോൾ തുഛമായ വേതനമാണ് ലഭിച്ചത്. ഇതിൽ നിന്ന് കരകയറാൻ തൊഴിലാളികൾ സംഘടിച്ച് അവകാശ പോരാട്ടം നടത്തി. അങ്ങനെ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് തൊഴിലാളികൾക്ക് വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത്. ഏതൊരു രാജ്യത്തിന്റെയും നിർണായകമായ സാമൂഹിക ശക്തിയാണ് തൊഴിലാളി സമൂഹം. എന്നാൽ ഇന്നും അടിസ്ഥാനവർഗത്തിന്റെ അവസ്ഥ പലയിടത്തും ഏറെ പരിതാപകരമാണ്. തൊഴിൽ നിയമങ്ങൾ ശക്തമാണെങ്കിലും അധ്വാനിക്കുന്നവൻ ഇന്നും ചൂഷണം ചെയ്യപ്പെടുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്.
ഇന്ത്യ അന്തർദേശീയ തൊഴിലാളി സംഘടനയായ ഐ. എൽ. ഒ സ്ഥാപക മെമ്പറാണ് .ഐ. എൽ. ഒ ഓരോ വർഷവും ചേരുന്ന ഇന്റെർനാഷണൽ സമ്മേളനങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ പ്രഖ്യാപിക്കുന്ന പ്രമാണങ്ങൾ അംഗീകരിക്കുന്ന പതിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്ല്യ വേതനം എന്ന തത്വം കൊടുക്കുന്നതിലെ തത്വം ഇങ്ങനെ നിരവധിയായ വ്യവസ്ഥകൾ ഐ. എൽ. ഒ കൺവെൻഷനിൽ പുറത്ത് വന്നപ്പോൾ ഐഎൽഒ യിൽ അംഗങ്ങളായ രാജ്യങ്ങൾ ഐ എൽ ഒ പ്രമാണങ്ങൾ റാറ്റിഫൈ ചെയ്തു കൊണ്ട് നിയമങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. 1920 ൽ ദേശീയ ട്രേഡ് യൂണിയൻ ഇന്ത്യയിൽ രൂപം കൊണ്ടപ്പോൾ ഇന്ത്യാ രാജ്യത്ത് തൊഴിലാളിവർഗത്തിന്റെ മുന്നേറ്റം ശക്തമായി.യൂറോപ്പിൽ വ്യവസായ വിപ്ലവാനന്തരമാണ് ആധുനിക വ്യവസായ തൊഴിലാളികളുടെ പ്രസ്ഥാനം ശക്തിപ്പെടാൻ തുടങ്ങിയത്.






