വന്ദേഭാരതിൽ ഒതുങ്ങില്ല കേരളത്തിന്റെ ആവശ്യങ്ങൾ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന് അനുവദിക്കപ്പെട്ട വേഗതയേറിയ ട്രെയിനാണ് വന്ദേഭാരത്.  ഇതിൽ യാത്രക്കാരുടെ തിരക്കിന് ഒട്ടും കുറവില്ലെന്നാണ് വിവിധ കേന്ദ്രങ്ങളിലെ റിസർവേഷൻ കണക്കുകൾ വ്യക്തമാക്കുന്നത്. പണ്ടൊക്കെ സിനിമാ ഹാളിൽ ആദ്യം വിറ്റഴിയുക താഴെ നിലയിലെ ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് ടിക്കറ്റുകളായിരുന്നു. ചെലവേറിയ ബാൽക്കണിക്ക് അവധി ദിനങ്ങളിലൊഴികെ അത്രയേറെ ആവശ്യക്കാരുണ്ടാവാറില്ല. 
ഇപ്പോൾ നേരെ മറിച്ചും. മൾട്ടിപ്ലക്‌സുകളിലുൾപ്പെടെ എല്ലാ പ്രദർശനശാലകളിലും കൂടുതൽ പണം മുടക്കേണ്ട ബാൽക്കണി, ബോക്‌സ് ക്ലാസുകളാണ് എല്ലാവർക്കും വേണ്ടത്. ഇതു പോലെ ട്രെയിൻ യാത്രയിൽ സാധാരണ സ്ലീപ്പർ ക്ലാസും ചെയർ കാറും എളുപ്പം റിസർവ് ചെയ്യാൻ കഴിയും. എ.സി ക്ലാസുകൾക്കാണ് ആവശ്യക്കാരേറെ. ഇതിനായി കൂടുതൽ വേണ്ടി വരുന്ന ചെലവൊന്നും ആരും കാര്യമാക്കുന്നില്ല. 
തിരുവനന്തപുരം-കാസർകോട് യാത്രയ്ക്ക് വന്ദേഭാരതിലെ എക്‌സിക്യൂട്ടീവ് ക്ലാസിലും കുറഞ്ഞ നിരക്കിൽ നേരത്തേ ബുക്ക് ചെയ്താൽ കണ്ണൂരിലേക്ക് വിമാനത്തിൽ പോകാം. എന്നിട്ടു പോലും ഉയർന്ന നിരക്കുള്ള എക്‌സിക്യൂട്ടീവ് ക്ലാസിൽ ഇരു ദിശയിലും മെയ് മാസത്തിൽ ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണെന്നാണ് കോഴിക്കോട് നഗരത്തിലെ പ്രമുഖ ട്രാവൽ ഏജന്റ് പറഞ്ഞത്. 
ചെയർ കാറിൽ വേണമെങ്കിൽ മെയ് 12ന് ശേഷം ശ്രമിച്ചാൽ കിട്ടുമായിരിക്കും. ഇത് കാണിക്കുന്നത് കേരളത്തിന് ഇനിയും ഇതു പോലുള്ള ട്രെയിനുകൾ വേണമെന്നാണ്. ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരതിനെ മംഗളുരുവിലേക്ക് നീട്ടാം. കണ്ണൂർ-ബംഗളുരു റൂട്ടിലും കൊല്ലം-മധുര, എറണാകുളം-സേലം  റൂട്ടിലുമൊക്കെ വേഗമേറിയ ട്രെയിനുകൾ തുടങ്ങാവുന്നതേയുള്ളു. 
കേരളത്തിന്റെ റെയിൽവേ ആവശ്യമെന്നത് ആഘോഷമായി പ്രധാനമന്ത്രി വന്ന് ഉദ്ഘാടനം ചെയ്ത ഈ ട്രെയിൻ മാത്രമല്ല. ഇതിനെ ഒരു ഒറ്റമൂലിയായി അവതരിപ്പിക്കുന്നത് മലയാളികളോട് ചെയ്യുന്ന ദ്രോഹമാണ്. പതിറ്റാണ്ടുകളായി കേരളം ആവശ്യപ്പെടുന്ന കാര്യങ്ങൾ പരിഗണിക്കപ്പെടണം. തലശ്ശേരി-മൈസുരു, കോഴിക്കോട് എയർപോർട്ട്-മലപ്പുറം-അങ്ങാടിപ്പുറം-ഒറ്റപ്പാലം പാതകളുടെ നിർമാണം വൈകിക്കുന്നത് അനീതിയാണ്. 
അതേപോലെ ട്രാഫിക് സർവേ നടത്തി മലയാളി യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബംഗളുരു, ചെന്നൈ, ഹൈദരാബാദ്,മുംബൈ നഗരങ്ങളിലേക്ക് പുതിയ ട്രെയിൻ സർവീസ് തുടങ്ങുകയെന്നതും മലയാളികൾ കാലങ്ങളായി കൊതിക്കുന്നതാണ്. 
ഷൊർണൂരിൽ ട്രയാംഗുലർ പ്ലാറ്റുഫോം, തിരൂർ-കണ്ണൂർ റൂട്ടിൽ തുടർച്ചയായി മെമു സർവീസ് എന്നതും റോഡിലെ തിരക്ക് കുറക്കാൻ സഹായകമാവും. മാത്രമല്ല, ദീർഘ ദൂര ട്രെയിനുകൾ അടുത്തടുത്ത് നിർത്തേണ്ട സാഹചര്യം ഒഴിവാക്കാനും മെമു തുടങ്ങുന്നതിലൂടെ സാധിക്കും. 
അടുത്ത കാലത്ത് വീണ്ടും ചർച്ചകളിൽ ഉയർന്നു വന്ന സ്ഥലനാമമാണ് തിരൂർ. കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചപ്പോൾ മലപ്പുറത്തിന്റെ റെയിൽവേ സ്റ്റേഷനായ തിരൂരിനെ ഒഴിവാക്കിയതിനെ ചൊല്ലിയായിരുന്നു ചർച്ച. ഉറങ്ങുന്നവനെ പിടിച്ചുണർത്തി ഊണില്ലെന്ന് പറഞ്ഞതു പോലെയായി തിരൂരിന്റെ അനുഭവം. ട്രയൽ റണ്ണിൽ സ്‌റ്റോപ്പുണ്ടായിരുന്നു. 
വന്ദേഭാരത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ തമിഴ്‌നാട്ടിൽ രണ്ടെണ്ണമാണ് തുടങ്ങിയത്. ചെന്നൈയിൽ നിന്ന് ബംഗളുരു വഴി മൈസുരുവിലേക്കും മറ്റൊന്ന് ചെന്നൈ-കോയമ്പത്തൂർ റൂട്ടിലും. 
ഇതു പോലെ തെലങ്കാനയ്ക്കും ലഭിച്ചു രണ്ടു വന്ദേഭാരത് എക്‌സ്പ്രസ്. എന്നാൽ കേരളത്തിന്റെ ഏക വന്ദേഭാരത് ഇന്ത്യയിലെ ആദ്യത്തേതെന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. അങ്ങനെ ചെയ്യുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. ആഗോള നിലവാരത്തിലെ ഒരു ട്രെയിൻ കേരളത്തിന് ലഭിച്ചുവെന്നത് നല്ല കാര്യം. എന്നാൽ ഇത് നമ്മുടെ സംസ്ഥാനം നേരിടുന്ന എല്ലാ യാത്രാ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയാണെന്ന് പറയുന്നതിൽ അർഥമില്ല. തിരൂർ സ്റ്റോപ്പിന്റെ കാര്യം തന്നെയെടുക്കാം. ആദ്യ ട്രയൽ റണ്ണിൽ നിർത്തിയ ട്രെയിൻ ഷൊർണൂർ കൂട്ടിച്ചേർത്തപ്പോൾ ഒഴിവായത് പ്രതിഷേധാർഹമാണ്. തിരൂരും ഷൊർണൂരും പ്രധാന ട്രെയിനുകളെല്ലാം നിർത്തേണ്ട സ്ഥലങ്ങളാണെന്ന കാര്യത്തിൽ ചരിത്രബോധമുള്ള ആർക്കും സംശയമുണ്ടാവില്ല. 
ഷൊർണൂരാണ് കേരളത്തിലെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ റെയിൽവേ ജംഗ്്ഷൻ. തിരൂരാണ് കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ. ബ്രിട്ടീഷ് മലബാറിൽ തിരൂരിനും ബേപ്പൂരിനുമിടയിലാണ് 1861ൽ ആദ്യ ട്രെയിൻ സർവീസ് യാഥാർഥ്യമായതെന്ന് വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നും കോഴിക്കോടായിരുന്നു പ്രധാന നഗരമെങ്കിലും തുറമുഖത്തിന്റെ സാമീപ്യം കണക്കിലെടുത്ത് ബേപ്പൂർ ടെർമിനസാക്കുകയായിരുന്നു. രണ്ട് ദശകങ്ങൾക്കിടെയാണ് റെയിൽവേ ലൈൻ കോഴിക്കോട് വഴിയായത്. 
ബ്രിട്ടീഷ് മലബാറിൽ ഇരുവശത്തേക്കും പിന്നീട് റെയിൽവേ ദീർഘിപ്പിക്കുകയുണ്ടായി. കുറ്റിപ്പുറം-പട്ടാമ്പി ഭാഗത്തേക്ക് നീട്ടിയത് ക്രമേണ ഷൊർണൂർ പോത്തന്നൂർ വഴി മദ്രാസ് പാതയിൽ ബന്ധിപ്പിക്കുകയും ചെയ്തു. കോഴിക്കോടിന് വടക്ക് തലശ്ശേരിയും കാസർകോടും പിന്നിട്ട് മംഗലാപുരത്തേക്കും റെയിൽപാത എത്തി. ഇതെല്ലാം ഒന്നര നൂറ്റാണ്ടിനിപ്പുറം സംഭവിച്ച കാര്യങ്ങൾ. മദിരാശി-മംഗലാപുരം പാതയിൽ അന്നത്തെ പ്രധാന ട്രെയിനായ നമ്പർ വൺ മദ്രാസ് മെയിൽ ഓടിത്തുടങ്ങുകയും ചെയ്തു. ഐക്യകേരളം വന്ന് ദശകങ്ങൾക്ക് ശേഷമാണ് എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിലെ മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റിയത്. 
ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായ കാലത്ത് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ച കാര്യം രേഖപ്പെടുത്തിയ ശിലാഫലകം എറണാകുളം ജംഗ്്ഷൻ സ്റ്റേഷനിലോ, തിരുവനന്തപുരത്തോ കണ്ടിട്ടുണ്ട്. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് വ്യാപകമായ കുടിയേറ്റമുണ്ടായപ്പോൾ കർഷകരുടെ ആശ്രയമായ ട്രെയിനായിരുന്നു മലബാർ എക്‌സ്പ്രസ്. ഈ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കൊച്ചിയിൽ വെച്ച് പെട്ടി വണ്ടിയിലേക്ക് (മീറ്റർ ഗേജ്) മാറിക്കയറേണ്ടി വന്നതായി വടക്കൻ കേരളത്തിലെ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. 
ഏതായാലും ബ്രിട്ടീഷ് കാലം കഴിഞ്ഞതോടെ മലബാർ മേഖലയുടെ കഷ്ടകാലം തുടങ്ങുന്നതാണ് കണ്ടത്. നാട്ടുകാരന്റെ ഭരണം വന്നശേഷം ഷൊർണൂർ ജംഗ്ഷനിപ്പുറം ഒരു കിലോ മീറ്റർ റെയിൽ പാത പുതുതായി പണിതിട്ടില്ല. തെക്കു ഭാഗത്തെ പാത ബ്രോഡ് ഗേജാക്കി, ഇരട്ടിപ്പിച്ചു. എറണാകുളം-കായംകുളം റൂട്ടിൽ പുതിയ തീരദേശ പാതയും വന്നു. കോട്ടയം വഴിയുള്ള പാതയ്ക്ക് പുറമേയാണ് ആലപ്പുഴ വഴിയുള്ള പുതിയ പാത. 
അങ്കമാലി-ശബരി പാത നിർമാണം തുടങ്ങി. തൃശൂരിനെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപാത നിലവിൽ വന്നു. വടക്കൻ കേരളത്തിന് പുതിയതൊന്നും വന്നില്ലെന്ന് മാത്രമല്ല, ഉള്ളത് നഷ്ടപ്പെടുകയും ചെയ്തു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലത്താണ് പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിച്ചുരുക്കി സേലം ഡിവിഷനുണ്ടാക്കിയത്. നമുക്ക് വാഗ്ദാനം ചെയതിരുന്ന കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയും വന്നില്ല. ഷൊർണൂരിലെ മെല്ലെപ്പോക്കിന് പരിഹാരമാവുമായിരുന്ന ട്രയാംഗുലർ പ്ലാറ്റുഫോം അര നൂറ്റാണ്ടായിട്ടും വന്നില്ല. ബ്രിട്ടീഷുകാർ സർവേ നടത്തി യാഥാർഥ്യമാക്കാൻ വെച്ചിരുന്ന തലശ്ശേരി-മൈസൂർ പാതയെ പറ്റിയും ഇപ്പോൾ ആർക്കും മിണ്ടാട്ടമില്ല. 
ഇതെല്ലാം ഓർത്തു പോയത് തിരൂരിന്റെ ഇപ്പോഴത്തെ ഗതികേട് കണ്ടിട്ടാണ്. കേരളത്തിലെ ആദ്യ റെയിൽവേ സ്‌റ്റേഷനെന്ന പവറും പറഞ്ഞിരിക്കുന്ന തിരൂരിൽ രണ്ടു ഡസനോളം ട്രെയിനുകൾ നിർത്തുന്നില്ല. കുറ്റിപ്പുറം-താനൂർ-തിരൂർ എന്നിവിടങ്ങളിൽനിന്ന് ഗുരുവായൂരിലേക്ക് റെയിൽപാത പണിയേണ്ടതിന്റെ ആവശ്യകത മുമ്പുള്ള രാഷ്ട്രീയക്കാർക്ക് അറിയാമായിരുന്നു. തിരൂർ പോലെ പ്രധാനപ്പെട്ട സ്റ്റേഷനാണ് കുറ്റിപ്പുറവും. 
ഒരുവിധം ട്രെയിനുകളൊന്നും ഇപ്പോൾ അവിടെയും നിർത്താറില്ല. പൊന്നാനി, മലപ്പുറം എം.പിമാർക്ക് ഭയങ്കര തിരക്കായിരിക്കും. അവരെ നമുക്ക് വിസ്മരിക്കാം. ഇത്തരം ഘട്ടങ്ങളിലാണ് നെടുമ്പാശേരി വിമാനത്താവളത്തിന്റെ ശിൽപ്പി കെ. കരുണാകരനെ പോലൊരു ദീർഘ വീക്ഷണമുള്ള നേതാവിനെ ഓർത്തു പോവുക. മുമ്പൊക്കെ ഏത് ദീർഘദൂര ട്രെയിൻ ഇതു വഴി വന്നാലും ഗുരുവായൂരിന്റേയും കുന്ദംകുളത്തിന്റേയും പുതുപൊന്നാനിയുടേയും സാമീപ്യം റെയിൽവേ മന്ത്രിയെ ബോധിപ്പിച്ച് സ്റ്റോപ്പ് നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാൽപത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒരു ജില്ലയുടെ ഏക ആശ്രയമായ സ്റ്റേഷനാണ് തിരൂർ. വിദേശങ്ങളിൽ പോലും പ്രസിദ്ധമാണ് തിരൂരിലെ വെറ്റില. ഇത് കയറ്റിക്കൊണ്ടു പോകാൻ മാത്രം മദ്രാസ് മെയിലിൽ തിരൂരിൽനിന്ന് ഒരു ബോഗി പണ്ട് ഘടിപ്പിക്കാറുണ്ടായിരുന്നു. തിരൂരിന് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നതാണ് പ്രശ്‌നം. മലപ്പുറം ജില്ലാ പഞ്ചായത്തിൽ പ്രമേയം പാസാക്കി നേടിയെടുക്കാവുന്ന കാര്യമല്ലിത്. പാർലമെന്റിലും റെയിൽവേ മന്ത്രാലയത്തിലും വിഷയം അവതരിപ്പിക്കാനാവണം. ഏറ്റവും ചുരുങ്ങിയത് നമ്മുടെ എം.പിമാരും എം.എൽ.എമാരും റെയിൽവേ ഡിവിഷണൽ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗങ്ങളിലെങ്കിലും പങ്കെടുത്ത് വിഷയങ്ങൾ അവതരിപ്പിക്കുകയെങ്കിലും ചെയ്യണം. 

Latest News