Sorry, you need to enable JavaScript to visit this website.

വിദ്വേഷ സിനിമ കേരള സ്റ്റോറി തടയണം; ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ സിനിമ 'ദി കേരള സ്‌റ്റോറി'യുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയില്‍ ഹകജി ഫയല്‍ചെയ്തു. തിയേറ്ററുകള്‍ക്ക് പുറമെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹകജി. ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച ആവശ്യപ്പെടും.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും വര്‍ധിക്കുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
32,000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് പശ്ചിമ ഏഷ്യയില്‍ പോയി ഐ.എസ്.ഐ.എസില്‍ ചേര്‍ന്നുവെന്നാണ് സിനിമയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് കളളമാണ്. 2022 നവംബര്‍ 10ന് ബിബിസി സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറി ഐ.എസില്‍ ചേരാന്‍ പോയ പെണ്‍കുട്ടികളുടെ എണ്ണം പത്ത് മുതല്‍ പതിനഞ്ച് വരെ മാത്രമാണ്. ഇക്കാര്യം പോലീസിനെ ഉദ്ധരിച്ചാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 66 ഇന്ത്യക്കാര്‍ മാത്രമാണ് ഐ.എസില്‍ ചേരാന്‍ പോയതായി കണ്ടെത്തിയിട്ടുള്ളത്. ഐ.എസിനോട് ആഭിമുഖ്യം കാണിക്കുന്ന ആകെ ഇന്ത്യക്കാരുടെ എണ്ണം നൂറില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളതെന്നും ഹരജിയില്‍ വിശദീകരിച്ചു.
ലൗ ജിഹാദിലൂടെയാണ് മതം മാറ്റി പെണ്‍കുട്ടികളെ ഐ.എസിലേക്ക് ചേര്‍ക്കാന്‍ കൊണ്ടുപോകുന്നതെന്നാണ് ചിത്രം പറയുന്നത്. എന്നാല്‍, 2009ല്‍ കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ ലൗ ജിഹാദിന് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്‍.ഐ.എ 2018ല്‍ നടത്തിയ അന്വേഷണത്തിലും ലൗ ജിഹാദിന് തെളിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഹരജിയില്‍ പറഞ്ഞു
2012ല്‍ മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി പ്രകാരം 2006നും 2012നും ഇടയില്‍ 7,713 പേരാണ് കേരളത്തില്‍ ഇസ്ലാമിലേക്ക് മതം മാറിയത്. 2009നും 2012നും ഇടയില്‍ മതം മാറിയവരുടെ എണ്ണം 2,667 ആണ്. ഇതില്‍ 2,195 പേര്‍ ഹിന്ദുക്കളും 492 പേര്‍ ക്രിസ്ത്യാനികളും ആണ്. ഒരു മതംമാറ്റവും ബലം പ്രയോഗിച്ച് അല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജംഇയ്യത്തുല്‍ ഉലമായ ഹിന്ദ്  ഫയല്‍ചെയ്ത ഹരജിയില്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News