'വൈകി വന്ന വിവേകം' എന്ന് ആരും കളിയാക്കുകയില്ല. സ്ഥലം കർണാടകമാണ്. ഉത്തരേന്ത്യയിലെ കാലുമാറ്റം എന്ന ഉഷ്ണക്കാറ്റ് വീശിയടിച്ച് വിന്ധ്യ പർവതം കടന്നിരിക്കുന്നു. വൻകിട പാർട്ടികൾ ഇന്നു കാറ്റത്തെ കവുങ്ങുമരം പോലെ ആടിത്തുടങ്ങി. 'ഭ്രാന്തൻ വേലായുധന്മാർ' ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് എന്ന മട്ടിൽ ചാടുന്നതു കണ്ടാൽ പൂർവിക വർഗമായ കുരങ്ങന്മാർ നാണിച്ചുപോകും. ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി.എസ് 21,15,8 എന്നൊക്കെ കേൾക്കുമ്പോൾ ഇലക്ഷന് മുമ്പേ എതിരില്ലാതെ ജയിച്ചുവോ എന്ന് ശുദ്ധാത്മാക്കൾ ശങ്കിക്കും. ഇല്ല, അവയൊക്കെയും 'വിമത' സംഖ്യ മാത്രമാണ്. സീറ്റ് നമ്മുടെ ജന്മാവകാശമാണെന്ന്, സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശം എന്ന മുദ്രവാക്യം രൂപപ്പെടുത്തിയ ലോകമാന്യ തിലകൻ പോലും സങ്കൽപിച്ചിരിക്കില്ല. ദാ, കർണാടകത്തിൽ അതും! മെയ് 10 വരെ എത്ര കാലുകൾ മാറുമെന്നത് പടച്ചോനു പോലും നിശ്ചയമില്ലാത്ത കാലം!
ഈ സന്നിഗ്ധ ഘട്ടത്തിലാണ് ഹൃദയം തുറന്ന് 215 നിയമസഭ സീറ്റുകൾക്കുള്ള പിന്തുണ പുറത്തേക്കെടുത്ത് കോൺഗ്രസിനു നേരെ നീട്ടുന്നത്! ആഹാ! എന്തൊരു അസുലഭ ത്യാഗ സന്നിധ്യ മുഹൂർത്തം! മാത്രമല്ല, സി.പി.ഐ എന്ന കേരള കൊച്ചേട്ടൻ പാർട്ടി അവിടെ കേവലം ഏഴു സീറ്റുകളിൽ മാത്രമേ മത്സരിക്കുന്നുള്ളൂ. ഒരു സീറ്റിൽ വല്യേട്ടനെതിരെയും കയറിയങ്ങു 'മപ്പ'ടിക്കുകയാണ്. 'ത്യാഗമെന്നതേ നേട്ടം/ താഴ്മ താൻ അഭ്യുന്നതി' എന്ന കവി വചനം പണ്ടേ സി.പി.ഐയെ ലാക്കാക്കി എഴുതിയതു തന്നെ; തീർച്ച. റിസൽട്ടറിയുമ്പോൾ കുറച്ചുകൂടി താഴ്ന്നാലും അതിൽ ഖേദിക്കാനൊന്നുമില്ല. പക്ഷേ, ഇപ്പോൾ പണ്ടത്തെപ്പോലെ 'നഷ്ടപ്പെടുവാൻ വിലങ്ങുകൾ മാത്രം' എന്നു പാടിയാൽ ആളെ കിട്ടില്ല. പാട്ടുകാരെയും കിട്ടാനില്ല. അതുകൊണ്ടു ചാഞ്ഞും ചെരിഞ്ഞും നിൽക്കണം. ഈ ബുദ്ധി നേരത്തേ തോന്നാത്തതിൽ നാട്ടുകാർക്ക് ദുഃഖമുണ്ട്. ഡി. രാജക്കും ആനി രാജക്കും ഉണ്ടോ എന്ന് അറിയില്ല. 1977 മാർച്ച് കഴിഞ്ഞ് ഇന്ദിരാഗാന്ധി നിലത്തു വീണതോടെ കൊച്ചേട്ടൻ പിടിവിട്ടതാണ്.
മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ദിര മടങ്ങിയെത്തി. കൊച്ചേട്ടൻ അപ്പോഴേക്കും കേരളത്തിൽ ലക്ഷണമൊത്ത ഒരു ഇടതു മന്ത്രിസഭയുണ്ടാക്കാനായി സ്വന്തം തലവെട്ടി കുരുതികൊടുത്തു. അതിൽ പിന്നെ 'ബുദ്ധിജീവികൾ' എന്ന വർഗം ഉണ്ടായിട്ടില്ല. നാൽപതു കൊല്ലം കഴിഞ്ഞപ്പോൾ കൊച്ചേട്ടൻ സംസ്ഥാന പാർട്ടി മാത്രമായി. ഇനി 'ദേശീയ'മെന്നോ മറ്റോ മിണ്ടിപ്പോയാൽ ഇലക്ഷൻ കമ്മീഷന്റെ തല്ലും കിട്ടും!
ബോധോദയത്താലാണോ ബോധം തീരെ നഷ്ടപ്പെട്ടിട്ടാണോ കർണാടകത്തിലെ ആകെ 224 സീറ്റുകളിൽ 215 ലും കോൺഗ്രസിനു പിന്തുണ നൽകാനുള്ള ആ തീരുമാനം കേട്ട് ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനം വരെ ഞെട്ടി! മാധ്യമങ്ങൾ തെറ്റിദ്ധരച്ച് അതിനെ ദില്ലിയിലും പരിസരത്തും നേരിയ ഭൂമി കുലുക്കം എന്നു റിപ്പോർട്ട് ചെയ്തു. പോരാ, അന്വേഷണാത്മക പത്രപ്രവർത്തനം ഇനിയും വളരേണ്ടിയിരിക്കുന്നു. എങ്കിലും സഖാവേ, ഈ 'പിന്തുണ ബുദ്ധി' കുറേക്കൂടി നേരത്തെ തോന്നിയില്ലല്ലോ! കാലം എത വേഗമാണ് വന്ദേഭാരത് എൻജിൻ പോലെ കടന്നു പോകുന്നത്.
**** **** ****
പ്രതിപക്ഷ നേതാവാകാൻ പ്രായപൂർത്തി പരിധിയുണ്ടായിരിക്കണം? ചിലർക്കു പ്രായപരിധി, മറ്റു ചിലർക്കു പരിധി കടന്നതു നിമിത്തമുളള ഓർമക്കുറവ്, മറ്റു ചിലർക്ക് തങ്ങൾ ഇപ്പോൾ എവിടെയാണെന്ന വിവരം അറിയാതെയുള്ള സ്ഥലജല ഭ്രമം! വന്ദേഭാരത് വണ്ടിക്കകത്തു കയറിയവർക്ക് അനുഭവപ്പെട്ടത് സ്ഥലജലഭ്രമമായിരുന്നു; അതും താൽക്കാലികം! കേരളത്തിൽ ഇത്തരമൊരു തീവണ്ടി ബി.ജെ.പിക്കാർ പോലും പ്രതീക്ഷിച്ചതല്ല! കുറെ വാഗ്ദാനങ്ങളും എണ്ണയും സോപ്പും കുഴമ്പും ഷാമ്പൂവുമൊക്കെയായി ഓരോ തെരഞ്ഞെടുപ്പും തള്ളിവിടാമെന്നു കരുതി. 'പത്തായം പെറും, ചക്കി കുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണം' എന്ന മട്ടിൽ അങ്ങു കാലം കഴിക്കുക. ഒടുവിൽ തരപ്പെട്ടാൽ ഒറ്റയടിക്ക് മൂന്നു തലമുറയ്ക്കു മൃഷ്ടാന്ന ഭോജനത്തിനുള്ള വക അടിച്ചു മാറ്റിയ ശേഷം, ഹിമാലയത്തിലേക്കോ അമേരിക്കയിലോക്കോ കുടിയേറുക, അത്രയേ ഉദ്ദേശിച്ചുള്ളൂ. മോഡിജിക്ക് കുടുംബമില്ലാത്തതു നിമിത്തം ഏറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല; വണ്ടി ഓടി.
എന്നാൽ പ്രതിപക്ഷ നേതാവിന് വണ്ടിയിൽ കയറാൻ ഒരു ക്ഷണക്കത്ത് കൊടുത്തോ? ഇല്ല. അതു തികച്ചും ക്രൂരവും പൈശാചികവുമായിപ്പോയി എന്നു പ്രതികരിക്കാൻ, എ.കെ. ആന്റണിയെ അന്വേഷിച്ചിട്ട് ഒരു മാളത്തിലും കണ്ടെത്താനും കഴിഞ്ഞില്ല. പുത്രൻ അനിലൻ 'നവ തീവണ്ടി'യിൽ കയറും എന്നു പേടിച്ചാവും പിതാവ് ഒളിവിൽ പോയി എന്നത്രേ നാട്ടുവർത്തമാനം!
ഇന്നത്തെ മന്ത്രി പുംഗവന്മാരിൽ പ്രായം ഏറെയുള്ള ശശീന്ദ്രൻ മന്ത്രിക്കാണെങ്കിൽ 'ഓർമയില്ലായ്മ' ഉർവശീശാപം ഉപകാരമെന്ന മട്ടിൽ സദാ കൂടെത്തന്നെയുണ്ട്.
ഗതാഗത പ്രശ്‌നങ്ങളെ നേരിടാൻ ഉയരങ്ങളിൽ എ.ഐ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണുമായി സംസാരിച്ചുവെന്ന് ഓർമയുണ്ട്. പക്ഷേ അതിന്റെ ഒരു ഡി.പി.ആറും ഓർമയില്ല. അഞ്ചു വർഷത്തിലൊരിക്കൽ പരിശോധന വേണമെന്നു പറഞ്ഞതോർമയുണ്ട്; പക്ഷേ ആര് പരിശോധിക്കണമെന്ന കാര്യം തീരെ ഓർമയില്ല.
കോൺഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം 'ലാസ്റ്റ് ബസ്' ആണ് ഇതെന്ന് മുന്നറിയിപ്പു കൊടുത്ത കാര്യം എ.കെ. ആന്റണിക്ക് ഓർമയുണ്ട്.
പക്ഷേ, ബസിൽ കയറിയവരുടെ കാര്യം ഒട്ടും ഓർമയില്ല. അനിൽമോൻ പുറത്തേക്കു ചാടിയ കാര്യം കഷ്ടിച്ചു ഓർമയുണ്ട്. കൊച്ചൻ പഠിക്കുന്ന കാലത്തേ അങ്ങനെയായിരുന്നു. പിന്നത്തെ കാര്യമൊന്നും ഓർക്കാൻ കഴിയാത്തതിന് മുകളിലിരിക്കുന്നവനോട് നന്ദി പറയണം. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ' ലക്ഷ്യം തന്നെ എ, ഐ ഗ്രൂപ്പിനെ പരിഹസിക്കാനല്ലേ? ഇനിയിപ്പോൾ കരണീയമായ ഒരു മാർഗമുണ്ട്; ഓർമപ്പിശകുള്ളവർ ഒത്തുചേരുക; പുതിയ പാർട്ടിയുണ്ടാക്കാനല്ല. ലേശം സൊറ പറഞ്ഞ് എവിടെയെങ്കിലും കുത്തിയിരിക്കാം. പല്ലുള്ളവർക്ക് കപ്പലണ്ടി കൊറിക്കാം.
ഇല്ലാത്തവർക്ക് പല്ലുകടിച്ച് പഴയ ശത്രുക്കളോടുള്ള അരിശം തീർക്കാം. രാഷ്ട്രീയ പാർട്ടികൾ തന്നെ നേരിട്ട് വൃദ്ധസദനങ്ങൾ ഒരുക്കുന്നതും നന്ന്. കൊച്ചേട്ടൻ പാർട്ടി തലസ്ഥാനത്ത 'എമ്മെൻ സ്മാരകം' ഇടിച്ചു പൊളിച്ചു പുതുക്കിപ്പണിയുന്നത് അതിന്റെ ലക്ഷണമാണ്. അല്ലാതെ; ആരാണസ്സേ അതിൽ യുവാക്കൾ ഉള്ളത്? മന്ത്രിസ്ഥാനമുള്ളവർ നിലത്തിറങ്ങട്ടെ, അപ്പോൾ കാണാം. പതിനൊന്നു നിലയിൽ കോൺഗ്രസ് പണിയുന്ന കരുണാകരൻ സ്മാരകം. നിശ്ചയമായും ഒരുനില വൃദ്ധ ഖദർവാലകൾക്കു മാറ്റിവെയ്ക്കും. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിയുമ്പോൾ ഒരുനില കൂടി മാറ്റിവയ്ക്കാം.
**** **** ****
കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ തലസ്ഥാന മേയറാക്കിയപ്പോഴേ ചിലതു പ്രതീക്ഷിച്ചതാണ്. ദാ, ഇപ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോലും നഗര മേയറുടെ ആവശ്യമില്ലാതെയായി. ഭർത്തൃ സഖാവ് ചില വയ്യാവേലികളൊക്കെ വിളിച്ചു വരുന്നതു കൂടിയായപ്പോൾ മേയറുടെ സദാ വിളങ്ങിയിരുന്ന പാൽപുഞ്ചിരി മാഞ്ഞു. അതു തലസ്ഥാന വാസികളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് എന്നു പറഞ്ഞുകൊള്ളട്ടെ!






