പാലക്കാട് - രണ്ടര മാസത്തെ ദാമ്പത്യത്തിനുശേഷം ട്രാൻസ് ദമ്പതികളായ പ്രവീൺ നാഥും റിഷാന ഐഷുവും വേർപിരിയുന്നു. വിവാഹമോചിതരാകുന്ന കാര്യം പ്രവീൺ നാഥ് ഫെയ്സ്ബുക്കിൽ അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ചോദ്യങ്ങൾ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നുവെന്നും എഫ്.ബി കുറിപ്പിൽ ചൂണ്ടിക്കാട്ടി.
'ഞാനും എന്റെ ഭാര്യയായിരുന്ന റിഷാന ഐഷുവും തമ്മിലുള്ള ബന്ധം വേണ്ടെന്ന് വെച്ചു. ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പരസ്പരം മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ സംസാരിച്ച് തീരുമാനത്തിൽ എത്തുകയായിരുന്നു. ഇപ്പോൾ ഞങ്ങൾ രണ്ട് വ്യക്തികൾ ആണ്. അവൾ അവളുടെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നു. ഞാൻ എന്റെ ജീവിതവും മുമ്പോട്ട് കൊണ്ടുപോകുന്നു. സ്നേഹിച്ചു സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെ'ന്നും പ്രവീൺ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പാലക്കാട്ടു വെച്ചായിരുന്നു പ്രവീണും റിഷാനയും വിവാഹിതരായിരുന്നത്.