സുഡാനില്‍നിന്ന് ജിദ്ദയില്‍ എത്തുന്നവര്‍ക്ക് മെഡിക്കല്‍ സേവനങ്ങളുമായി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം

ജിദ്ദ-ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഒഴിപ്പിച്ച് ജദ്ദിയിലേത്തിക്കുന്ന ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്‍കി സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം ( എസ്.ഐ.എച്ച്.എഫ്).കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും കടല്‍ ,വ്യോമ മാര്‍ഗം ജിദ്ദയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ക്യാമ്പില്‍ കിട്ടുന്ന മെഡിക്കല്‍ സേവനങ്ങള്‍ വളരെ ആശ്വാസം പകരുന്നുണ്ട്.  
പനി ,ജലദോഷം ,ചുമ , ശരീരവേദന ,ദഹന  സംബന്ധമായ അസുഖങ്ങള്‍ ,ജീവിതശൈലി രോഗങ്ങള്‍ എന്നിവ  അനുഭവിക്കുന്നവരാണ് ക്യാമ്പിലെത്തുന്നവരില്‍ കൂടുതലും.   ഇവര്‍ക്ക് പ്രാഥമിക പരിശോധനകള്‍   നടത്തി മരുന്നുകളും ആരോഗ്യ നിര്‍ദേശങ്ങളും പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളെ ഉടന്‍ തന്നെ ജിദ്ദയിലെ ആശുപത്രികളിലേക്ക് മാറ്റുന്നതായും ഫോറം അറിയിച്ചു.
മെഡിക്കല്‍ സേവനങ്ങള്‍,ആംബുലന്‍സ് എന്നിവ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പാണ് നല്‍കുന്നത്. മെഡിക്കല്‍ ക്യാമ്പിന് ഫോറം ജനറല്‍ സെക്രട്ടറി ഡോ. ജംഷിദ് അഹമ്മദും എക്‌സിക്യുട്ടീവ് അംഗം മുഹമ്മദ് ഷമീം നരിക്കുനിയും നേതൃത്വം നല്‍കുന്നു.

 

Latest News