നിരോധിക്കേണ്ടതില്ല; വിവാദ സിനിമയെ കുറിച്ച് നിലപാട് കൂടുതല്‍ വ്യക്തമാക്കി ശശി തരൂര്‍

ന്യൂദല്‍ഹി- വിവാദ സിനിമയായ ദി കേരള സ്‌റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും എന്നാല്‍ ഇതിന് യാഥാര്‍ഥ്യവുമായി ബന്ധവുമില്ലെന്ന് ഉറക്കെ പറയാന്‍ എല്ലാ അവകാശവും കേരളീയര്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ട്വീറ്റ് ചെയ്തു. സിനിമാ വിവാദത്തില്‍ നിലാപാട് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റ്.
അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം,ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലെന്ന് അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണെന്ന് പറഞ്ഞാണ് പുതിയ ട്വീറ്റ്.
'സിനിമ നിരോധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. ഉള്ളടക്കം ദുരുയോഗം ചെയ്യപ്പെടുമെന്നതുകൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയില്ലാത്തതായി തീരുന്നില്ല. എന്നാല്‍ ഇതിന് യാഥാര്‍ഥ്യവുമായി ബന്ധവുമില്ലെന്ന് ഉറക്കെ പറയാന്‍ എല്ലാ അവകാശവും കേരളീയര്‍ക്കുണ്ട്' ..തരൂര്‍ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് നിന്ന് 32,000 പെണ്‍കുട്ടികള്‍ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസില്‍ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് വിപുല്‍ അമൃത്‌ലാല്‍ ഷാ നിര്‍മ്മിച്ച ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേരളത്തിലെ 32,000 സ്ത്രീകള്‍ മതംമാറി ഇസ്ലാമിക് സ്‌റ്റേറ്റില്‍ അംഗങ്ങളായി എന്ന വ്യാജേനയുള്ള 'ദി കേരള സ്‌റ്റോറി'ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ട്രെയിലറില്‍നിന്ന് വ്യക്തമാണെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തി സാമൂഹിക ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്നും അദ്ദേഹം ആരോപിച്ചു.
ലവ് ജിഹാദ് പ്രമേയക്കമാക്കിയുള്ള 'ദ കേരള സ്‌റ്റോറി' കേരളീയ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിര്‍മിച്ചതെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാവുന്നതാണ് സിനിമ. കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗന്‍ഡ സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News