Sorry, you need to enable JavaScript to visit this website.

പാർക്ക് പൂർണമായും വ്യവസ്ഥാപിതം; സാമ്പത്തികമായി നിർവീര്യമാക്കാൻ ശ്രമം -പി.വി. അൻവർ

മദീന നവോദയ നൽകിയ സ്വീകരണത്തിൽ പി.വി അൻവർ എം.എൽ.എ സംസാരിക്കുന്നു. 


മദീന- കക്കാംപൊയിലെ പാർക്ക് പൂർണമായും വ്യവസ്ഥാപിതമായിട്ടുള്ളതാണെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അതിന്റെ വിജയത്തിനായി സഹകരിച്ചിരുന്നുവെന്നും നിലമ്പൂർ എം.എൽ.എ പി.വി അൻവർ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നടന്ന സമരങ്ങൾ പലതും പ്രഹസനമായിരുന്നു. കൂടരഞ്ഞി പഞ്ചായത്ത് ഭരണ സമിതിയും ജനങ്ങളും എപ്പോഴും കൂടെ നിന്നിരുന്നു. നാട്ടുകാർ ആരും സമരത്തിൽ പങ്കെത്തിരുന്നില്ല. സമരക്കാർ മുഴുവനും പുറമേനിന്ന് നുഴഞ്ഞു കയറിയവർ മാത്രമായിരുന്നു. മലപ്പുറം, കോഴിക്കോട്  ഡി.സി.സി നേതൃത്വം സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവ ഒന്നും ഉണ്ടായില്ല. പാർക്കിന് അനുമതി നൽകിയ കൂടരഞ്ഞിയിലെ കോൺഗ്രസ് ഭരണ സമിതിക്കെതിരെ നടപടിയെടുക്കാൻ പോലും ഡി.സി.സി നേതൃത്വത്തിനു കഴിഞ്ഞില്ല. നിലമ്പൂരിൽ ഡി.എഫ്.ഒ ഓഫീസ് മാർച്ചിൽ മലപ്പുറത്തെ കോൺഗ്രസിന്റെ പ്രതിഷേധം അവസാനിച്ചു. ഇനിയും സ്ഥിതി അതായിരിക്കുമെന്നും മദീനാ സന്ദർശനത്തിനെത്തിയ പി.വി. അൻവർ മലയാളം ന്യൂസിനോട് പറഞ്ഞു.
ഇടത് സർക്കാരിനെ അനുകൂലിക്കുന്ന ഒരു എം.എൽ.എ എന്ന നിലയിലാണ്  പ്രതിയോഗികളുടെ കുന്തമുന എനിക്കെതിരെ തിരിച്ചു വെച്ചിരിക്കുന്നത്. നിലമ്പൂരിലെ ഇടത് എം.എൽ.എ യുടെ സാന്നിധ്യം എല്ലാവരും ഭയപ്പെടുന്നു. തൊട്ടടുത്ത മണ്ഡലങ്ങളിലെ എം.എൽ.എമാരും ആക്രമണത്തിന് കൂട്ടുനിൽകുന്നു. കഴിഞ്ഞ കാലങ്ങളിൽ സാധാരണക്കാർക്ക് എം.എൽ.എ അപ്രാപ്യമെന്നതായിരുന്നു. ഇന്ന് അത് മാറി. സാധാരണക്കാരുടെ കൂടെ നിന്ന് അവർക്കായി പ്രവർത്തിക്കുന്ന പൊതു പ്രവർത്തകൻ എന്ന ഖ്യാതിയാണ് എല്ലാവരെയും അലോസരപ്പെടുത്തുന്നത്. വ്യക്തിപരമായി മണ്ഡലത്തിലെ സാധാരണ ജനങ്ങൾക്ക് ചെയ്യുന്ന സഹായങ്ങളെ പോലും തുരങ്കം വെക്കാൻ ചിലർ ശ്രമിക്കുന്നു. അതിന്റെ ഭാഗമായിട്ട് തന്റെ സാമ്പത്തിക സ്രോതസ്സ് പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാർക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും നിഴൽ യുദ്ധമാണ് നടത്തുന്നത്. അവിടെ യാതൊരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളും നിലവിലില്ല. എല്ലാം ആരോപണങ്ങൾ മാത്രമാണ്. നിയമ നടപടികളിലും കോടതികളിലും പൂർണ വിശ്വാസമാണ്. കോഴിക്കോട് ജില്ലയിൽ പൂർണമായും ഉൾക്കൊള്ളുന്ന റെഡ് അലർട്ടിന്റെ ഭാഗമായിട്ടാണ് പാർക്കും താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. 
പ്രവാസികൾ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തിൽ പ്രവാസികളോട് ഒപ്പം നിൽക്കുന്നവരാണ് ഇടതുപക്ഷ സർക്കാർ. ഈ സർക്കാരിനെ ശക്തിപ്പെടുത്തുകയാണ് പ്രവാസികൾ ചെയ്യേണ്ടത്.  
മദീനയിൽ എം.എൽ.എക്ക് മദീന നവോദയ സ്വീകരണം നൽകി. മുഖ്യ രക്ഷാധികാരി സലാം കല്ലായി പരിപാടി ഉദ്ഘാടനം ചെയ്തു. ഗഫൂർ മങ്കട അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻസാർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. നിസാർ കരുനാഗപ്പള്ളി, ഷുജായി മാന്നാർ എന്നിവർ ആശംസകൾ നേർന്നു. ഗഫൂർ തെന്നല നന്ദിയും പറഞ്ഞു.
 

Latest News