Sorry, you need to enable JavaScript to visit this website.

ആവശ്യത്തിന് ഉറക്കം കിട്ടുന്നില്ലെങ്കില്‍ സൂക്ഷിക്കണം, പലതിന്റേയും മുന്നറിയിപ്പാണ്  

ഹെല്‍സിങ്കി-ആവശ്യത്തിന് ഉറങ്ങാനാവാത്ത ആളാണോ നിങ്ങള്‍? ഉറക്കത്തിന്റെ ദൈര്‍ഘ്യമോ വ്യാപ്തിയോ മോശമായാല്‍ പകല്‍സമയത്തെ ഉത്സാഹത്തെയും പ്രകടനത്തെയും ബാധിക്കാം. ഉറക്കം ശാരീരികാരോഗ്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ആവശ്യത്തിന് ഉറങ്ങുന്ന ഒരാളിന് മാത്രമേ ശരീരത്തിനും മനസിനും ശരിയായ വിശ്രമം ലഭിക്കുകയുള്ളൂ. അത്തരം ആള്‍ക്കാര്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. വണ്ണം കൂടുന്നത് തടയും. ഹൃദയാരോഗ്യം മെച്ചപ്പെടും. മാനസികമായും ശാരീരികമായും ഉന്മേഷം ലഭിക്കും. ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള മികവ് ഉണ്ടാകുന്നു.
ചിലര്‍ക്ക് എത്ര നേരത്തെ കിടന്നാലും മതിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കാതെ വരാറുണ്ട്. അത്ര കാഠിന്യമല്ലാത്ത ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ പോലും അത്ര വിശ്രമം വേണ്ടെന്ന് വച്ചാല്‍ പോലും എട്ടു മണിക്കൂറെങ്കിലും ഉറങ്ങാറുണ്ട്. എന്നാല്‍ ദിവസവും ആറ് മണിക്കൂറോ അതിലും കുറവോ മാത്രം ഉറക്കം ലഭിക്കുന്നവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.40നും 70നും പ്രായമുള്ളവരില്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ച് 52 ശതമാനം ഹൃദയസ്തംഭന രോഗികളെയും മതിയായ ഉറക്കമില്ലായ്മ അലട്ടിയിരുന്നു എന്നാണ് കണ്ടെത്തല്‍. ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഹൃദയ സ്തംഭനം എന്നിവയുടെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നും പഠനം വ്യക്തമാക്കുന്നു. ആറ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരില്‍ രക്ത സമ്മര്‍ദ്ദത്തിന്റെ തോത് കൂടുതലാണ്. ഉറക്കക്കുറവ് ഇന്‍സുലിന്‍ പ്രതിരോധവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മോശം ഉറക്കം പ്രമേഹവും വഷളാക്കും.
 

Latest News