ചരിത്രദിനം, ആനന്ദക്കണ്ണീരുമായി സൗദി വനിതകൾ

അൽ കോബാറിൽ സുഹൃത്തുക്കളുമായി സൗദി വനിത കാറോടിക്കുന്നു.
വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കാറുമായി കൂട്ടത്തോടെ റോഡിലിറങ്ങിയ സൗദി വനിതകൾ.
സൗദി വനിത ഹന്നാൻ ഇസ്‌കന്തറിന് ഇത് ചരിത്രനിമിഷമാണ്. ബൈക്ക് റൈഡിംഗിലൂടെ പ്രസിദ്ധയായ ഹന്നാൻ ഇതാദ്യമായി അൽ കോബാറിലെ വീടിന് പരിസരത്തുകൂടി കാറോടിച്ചു. ശനിയാഴ്ച രാത്രി ഡ്രൈവിംഗ് പൂർത്തിയാക്കി പുറത്തിറങ്ങിയ ഹന്നാന് മാതാപിതാക്കളുടെ സ്‌നേഹ ചുംബനം.
ജിദ്ദയിൽ കാറുമായി റോഡിലിറങ്ങിയ വനിതകൾക്ക് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനം.

ജിദ്ദ- 'അത്യന്തം മനോഹരം. ഇതൊരു വലിയ സ്വപ്‌നമായിരുന്നു, അത് യാഥാർഥ്യമായപ്പോൾ, വിശ്വസിക്കണോ അവിശ്വസിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ഞാൻ'- സൗദി വനിത മബ്ഖൂത അൽ മാരി പറഞ്ഞു. 
27 കാരിയായ അൽ മാരി അമേരിക്കൻ ഡ്രൈവിംഗ് ലൈസൻസുള്ള വനിതയാണ്. മാത്രമല്ല, വനിതകൾക്കായുള്ള ഡ്രൈവിംഗ് പരിശീലകയും. ടെന്നസിയിൽ പഠിക്കുമ്പോഴാണ് ഡ്രൈവിംഗ് പഠിച്ച് ലൈസൻസെടുത്തത്. ഇന്നലെ പ്രഭാതത്തിൽ, സ്വപ്‌ന സാക്ഷാത്കാരമെന്ന പോലെ സ്വന്തം രാജ്യത്തെ റോഡിൽകൂടി സ്വതന്ത്രമായി കാറോടിച്ചുപോയി അൽ മാരി. റിയാദിലെ തിരക്കേറിയ റോഡിലൂടെ കാറോടിക്കുമ്പോൾ, തന്നെ നയിച്ച വികാരമെന്തെന്ത് വിശദീകരിക്കാനാവാതെ അൽ മാരി കുഴങ്ങി. 'അങ്ങേയറ്റം വികാരനിർഭരമായി ഈ നിമിഷത്തെ സ്വീകരിക്കുന്നു'- അൽമാരിയുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ.


ബന്ധുക്കളുടെ ആശീർവാദവും അനുഗ്രഹവും തേടിയാണ് അൽ മാരി, കാറുമായി റോഡിലേക്കിറങ്ങിയത്. മൂത്ത സഹോദരൻ നെറ്റിയിൽ ചുംബിച്ച് പ്രോത്സാഹനം നൽകി. ജീവിതത്തിലുടനീളം ഡ്രൈവർമാരെ മാത്രം ആശ്രയിച്ച് ദൈനംദിന യാത്രകൾ ആസൂത്രണം ചെയ്ത ശീലത്തിന് ഇനി അവസാനമാകുകയാണ്. അൽമാരിയും സഹോദരിമാരും ഇനി സ്വന്തം കാറുകളിൽ സ്വയമോടിച്ച് യാത്ര ചെയ്യും. 'മക്കളെ ഇനി സ്വയം സ്‌കൂളിൽകൊണ്ടാക്കാം. ദൈവത്തിന് സ്തുതി'- അവർ പറഞ്ഞു.
ജൂൺ 24 മുതൽ വനിതകൾക്ക് ഡ്രൈവിംഗിന് ഔദ്യോഗിക അനുമതിയുണ്ടാകുമെന്ന പ്രഖ്യാപനത്തിന് ശേഷം ഓരോ നിമിഷവും കടന്നുപോകുന്നത് കാത്തിരിക്കുകയായിരുന്നു സൗദി വനിതകൾ. ലോകത്ത് സ്ത്രീകൾക്ക് ഡ്രൈവിംഗ് അനുമതി ഇല്ലാതിരുന്ന ഏകരാജ്യമെന്ന ദുഷ്‌പേരും ഇതോടെ മാറുകയാണ്. ഇരുപത്തിനാലാം തീയതി പുലരാൻപോലും പലർക്കും ക്ഷമയില്ലായിരുന്നു. ശനിയാഴ്ച രാത്രി 12 കഴിഞ്ഞതോടെ പലരും കാറുമായി റോഡിലിറങ്ങി. പാതിരാത്രിയായിട്ടും നിലയ്ക്കാതെ വാഹനങ്ങളൊഴുകുന്ന തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തുകൂടി അവർ അനായാസം വണ്ടി പായിച്ചു. 'എനിക്ക് വാക്കുകൾ കിട്ടുന്നില്ല. എന്താണ് പറയേണ്ടതെന്ന് അറിയില്ല, ആവേശഭരിതയാണ് ഞാൻ'- റിയാദിലെ തഹ്‌ലിയ സ്ട്രീറ്റിലൂടെ കുടുംബത്തിന്റെ വക ലെക്‌സസ് കാറിൽ പായുമ്പോൾ ഹിസ്സാ അൽ അജാജി പറഞ്ഞു. 
അൽ അജാജിക്കുമുണ്ട് യു.എസ് ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിംഗ് വീലിന് പിന്നിൽ 'കൂളായി' ഇരിക്കുകയാണ് അജാജി. ഒരുതരത്തിലുള്ള പരിഭ്രമമോ പേടിയോ ഇല്ല. ഡ്രൈവിംഗ് ആകട്ടെ, സൂപ്പർ. റോഡിലൂടെ പായുന്ന പുരുഷ ഡ്രൈവർമാരിൽനിന്ന് നിസ്സീമമായ പിന്തുണയും സഹകരണവുമെന്ന് അജാജി. തന്നെ കണ്ടപ്പോൾ പലരും കൈയുയർത്തി ആശംസിക്കുകയും പുഞ്ചിരിക്കുകയും ചെയ്തു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും മികച്ച പിന്തുണയാണ് നൽകിയത്. പൂച്ചെണ്ടുകൾ നൽകി അവർ ആവേശം പങ്കുവെച്ചു.


വാസ്തവത്തിൽ വനിതകൾ വാഹനമോടിക്കുന്നതിനെതിരെ സൗദിയിൽ ഔദ്യോഗിക നിയമമൊന്നും ഉണ്ടായിരുന്നില്ല. ട്രാഫിക് വകുപ്പ് വനിതകൾക്ക് ലൈസൻസ് അനുവദിച്ചിരുന്നില്ല. പോലീസ് വനിതാ ഡ്രൈവർമാരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. ഈയവസ്ഥക്കാണ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ദീർഘവീക്ഷണപരമായ തീരുമാനത്തോടെ അന്ത്യമായത്. വനിതകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അനുമതിക്കായി സോഷ്യൽ മീഡിയയിൽ കാംപെയിൻ നടന്നിരുന്നു. ചിലരൊക്കെ ഇടക്ക് വണ്ടിയുമായി തെരുവിലിറങ്ങി ആവശ്യം വ്യക്തമാക്കുകയും ചെയ്തു. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുമെങ്കിലും കേസൊന്നുമെടുക്കുമായിരുന്നില്ല. ശാസിച്ച് വിട്ടയക്കുകയോ വനിതകൾക്ക് കാർ നൽകുന്ന പുരുഷന്മാർക്ക് താക്കീത് നൽകുകയോ ആയിരുന്നു പതിവ്.
സാമൂഹികമായ അംഗീകാരത്തിന്റെ പ്രശ്‌നംകൂടി യഥാർഥത്തിൽ നിലവിലുണ്ടായിരുന്നു. 1990ലാണ് ആദ്യമായി വനിതാ ആക്ടിവിസ്റ്റുകൾ ഡ്രൈവിംഗ് കാംപെയിനുമായി രംഗത്തിറങ്ങിയത്. അതിൽ പങ്കാളികളായ പലർക്കും ജോലി നഷ്ടപ്പെടുകയും വിദേശയാത്രകൾക്ക് വിലക്ക് വരികയും ചെയ്തിരുന്നു. പല മുസ്‌ലിം രാജ്യങ്ങളിലും വനിതകൾക്ക് ഡ്രൈവിംഗ് അനുമതി ഉണ്ടായിരിക്കെ, മതപരമായ വിലക്കുകളെക്കുറിച്ച വിമർശങ്ങളും അപ്രസക്തമായിരുന്നു. സാമൂഹികമായ അംഗീകാരത്തിന്റേയും യാഥാസ്ഥിതിക പാരമ്പര്യത്തിന്റേയും ഭാഗമായാണ് ഇത്തരത്തിലുള്ള സമ്പ്രദായം നിലവിൽവന്നതെന്നാണ് സാമൂഹിക നിരീക്ഷകരുടെ അഭിപ്രായം. അതിനാൽതന്നെ, ഈ ഉദ്യമത്തിന് സമൂഹത്തിന്റെ അംഗീകാരമുണ്ടാകേണ്ടതും നിർബന്ധമായിരുന്നു. ഇക്കാര്യത്തിലും സൗദി സർക്കാർ ശ്രദ്ധിക്കുകയുണ്ടായി.

സൗദി വനിത ഹന്നാൻ ഇസ്‌കന്തറിന് ഇത് ചരിത്രനിമിഷമാണ്. ബൈക്ക് റൈഡിംഗിലൂടെ പ്രസിദ്ധയായ ഹന്നാൻ ഇതാദ്യമായി അൽ കോബാറിലെ വീടിന് പരിസരത്തുകൂടി കാറോടിച്ചു.  ശനിയാഴ്ച രാത്രി ഡ്രൈവിംഗ് പൂർത്തിയാക്കി പുറത്തിറങ്ങിയ ഹന്നാന് മാതാപിതാക്കളുടെ സ്‌നേഹ ചുംബനം.


റിയാദിലൂടെ  ഇന്നലെ കാറോടിച്ചുപോകവേ, സൗദി വനിത അമ്മാൽ ഫറാഹത്ത് പറഞ്ഞതും ഇതുതന്നെയാണ്: 'കഴിഞ്ഞ വർഷങ്ങളിൽ നാം നടത്തിയ പരിശ്രമങ്ങൾക്കു ഫലമുണ്ടായിരിക്കുന്നു. ഇപ്പോഴത്തെ മാറ്റത്തിന് തീർച്ചയായും അതെല്ലാം ഒരു കാരണമാണ്. ചെറിയ ചെറിയ തുള്ളികളിൽനിന്നാണ് സമുദ്രമുണ്ടാകുന്നത്. ഇതാണ് എനിക്കിപ്പോൾ തോന്നുന്നത്. എല്ലാവരുടേയും ശ്രമം, ചെറിയ ചെറിയ വിയർപ്പുതുള്ളികൾ ഈ മാറ്റത്തിലുണ്ട്.'
വനിതകൾക്ക് സർക്കാർ തന്നെ ഡ്രൈവിംഗ് അനുമതി നൽകിയതോടെ, കൂടുതൽ സൗദികൾ അതിന് പരസ്യപിന്തുണയുമായി രംഗത്തുവന്നു. മാറിവരുന്ന ചിന്താഗതികളുടെ പ്രതിഫലനവുമായി അത്. നേരത്തെ വേണ്ടതായിരുന്നു ഈ തീരുമാനമെന്ന അഭിപ്രായവും പലർക്കുമുണ്ട്. 
അരലക്ഷത്തോളം വനിതകൾക്ക് മാത്രമാണ് ഇതിനകം ലൈസൻസ് നൽകാൻ അധികൃതർക്ക് കഴിഞ്ഞത്. ലക്ഷക്കണക്കിന് വനിതകൾ ഇനിയും പുറത്തുണ്ട്. തീർച്ചയായും അവരിൽ നല്ലൊരു പങ്കും ഡ്രൈവിംഗ് അനുമതി തേടുമെന്നുറപ്പാണ്, പതുക്കെ പതുക്കെ വരുന്ന സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് അവരുടെ എണ്ണത്തിലും വർധനവുണ്ടാകും. സൗദി അറേബ്യയിൽ താമസിക്കുന്ന വിദേശവനിതകളും ഈ ആനുകൂല്യം സ്വന്തമാക്കുമെന്നുറപ്പാണ്. പാശ്ചാത്യവനിതകളിൽ മിക്കവരും സ്വന്തം രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസുള്ളവരാണ്. അവരെല്ലാം പതുക്കെ പതുക്കെ ഈ വലിയ മാറ്റത്തിൽ പങ്കാളികളാകും. 
അറുപത് വയസ്സുള്ള ലുൽവ അൽ ഫിറൈജി ഈ ശുഭാപ്തി പങ്കുവെക്കുന്നു. 'തീർച്ചയായും ഞാൻ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കും, എന്നാൽ സ്ഥിരമായി ഡ്രൈവ് ചെയ്യാനൊന്നും എനിക്ക് ഉദ്ദേശ്യമില്ല. എനിക്കൊരു ഡ്രൈവറുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എനിക്ക് വണ്ടിയോടിക്കാനാവും. എന്റെ അവകാശങ്ങളിൽപെട്ടതാണ് ഈ ലൈസൻസ്. എന്റെ പഴ്‌സിൽ അത് ഭദ്രമായിരിക്കും.' 
ഈ വലിയ മാറ്റത്തെ ആശങ്കകളോടെ കാണുന്നവരും കുറവല്ല. പുരുഷന്മാരാണ് അതിൽ അധികവും. എന്നാൽ ഭൂരിഭാഗം പുരുഷന്മാരും അനുകൂലിക്കുന്നവരാണ്. 'സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത പ്രദാനം ചെയ്യുന്നതാണ് ഈ തീരുമാനം. പുരുഷന്മാർ ചെയ്യുന്ന ജോലികളൊക്കെ സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്'- ഫവാസ് അൽഹർബി പറഞ്ഞു. 'തീർച്ചയായും ഞാനീ മാറ്റത്തെ പിന്തുണക്കുന്നു. എന്റെ ഉമ്മയും സഹോദരിമാരും വണ്ടിയോടിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ'- ഫവാസ് അൽ ഹർബി യുടെ പ്രതീക്ഷകൾകൂടിയാണ് ഇന്നലെ പൂവണിഞ്ഞത്.  
 

Latest News