Sorry, you need to enable JavaScript to visit this website.

 കാർത്തികയുടെ വിശേഷങ്ങൾ

ദുൽഖർ സൽമാന്റെയും മമ്മൂക്കയുടെയും ഒപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് കാർത്തിക മുരളീധരൻ. ആദ്യചിത്രമായ സി.ഐ.എയിൽ ദുൽഖറിന്റെ നായികയായാണ് വേഷമിട്ടത്. അടുത്ത ചിത്രമായ അങ്കിളിൽ മമ്മൂക്കയ്‌ക്കൊപ്പവും. രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷവും കാർത്തികയുടെ മുഖത്തുണ്ട്. ഒരു തുടക്കക്കാരി എന്ന നിലയിൽ ലഭിച്ച വലിയ അംഗീകാരമാണിതെന്നും ഈ തൃശൂരുകാരി കരുതുന്നു. അച്ഛന്റെ നാട് തൃശൂരാണെങ്കിലും കാർത്തിക ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു. പാരമ്പര്യത്തിന്റെ പിൻബലമാണ് കാർത്തികയെ അഭിനയരംഗത്തെത്തിച്ചത്. 
അച്ഛൻ മുരളീധരൻ ബോളിവുഡിലെ അറിയപ്പെടുന്ന ഛായാഗ്രാഹകനാണ്. ആമീർഖാൻ ചിത്രങ്ങളായ പി.കെ., ത്രി ഇഡിയറ്റ്‌സ്, മോഹൻജൊദാരോ, ഏജന്റ് വിനോദ് തുടങ്ങി ഒരു പിടി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മുരളീധരന്റെ മകളുടെ സിനിമയിലെ തുടക്കം മലയാളത്തിലൂടെയാണ്. അമ്മ മീനാ നായരാകട്ടെ സംഗീതരംഗത്താണ് ശ്രദ്ധയൂന്നിയത്.
പണ്ടൊക്കെ അച്ഛനോടൊപ്പം കാർത്തികയും ഷൂട്ടിംഗ് സെറ്റുകളിൽ പോകാറുണ്ടായിരുന്നു. സെറ്റിലെത്തിയാൽ ആകെ ബഹളമായിരിക്കും. എല്ലാവരും ഓരോ മേഖലയിൽ തിരക്കിലായിരിക്കും. അഭിനേതാക്കൾ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർ സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് കാണാൻ രസമാണ്. ഒടുവിൽ എല്ലാവരുടെയും അധ്വാനത്തിന്റെ ഫലമായാണ് ഒരു സിനിമ രൂപപ്പെട്ടുവരുന്നത്.
കുട്ടിക്കാലംതൊട്ടേ അച്ഛനമ്മമാരോടൊപ്പം മലയാള സിനിമകളും കാണാറുണ്ട്. മമ്മൂക്കയുടെയും ലാലേട്ടന്റെയുമെല്ലാം സിനിമകളാണ് മലയാളത്തിലേക്ക് ആകർഷിച്ചത്. മുംബൈയിൽ കോളേജിൽ പഠിച്ചിരുന്ന കാലത്താണ് ഒരിക്കൽ ഒരു മലയാളപത്രത്തിന്റെ ലേഖകൻ അച്ഛനുമായുള്ള കൂടിക്കാഴ്ചക്കെത്തിയത്. അന്നവർ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു ദുൽഖർ ഫാനാണെന്നും ദുൽഖറിനോടൊപ്പം ഒരു വേഷം കിട്ടിയാൽ അഭിനയിക്കുമെന്നും പറഞ്ഞിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അച്ഛനാണ് പറഞ്ഞത് അമൽ നീരദ് - ദുൽഖർ ടീമിന്റെ ചിത്രത്തിലേയ്ക്ക് നായികയെ വേണമെന്നും കുറച്ചു ഫോട്ടോകൾ അയച്ചുകൊടുക്കണമെന്നും. ഫോട്ടോകൾ അയച്ചുകൊടുത്തു. കുറച്ചുദിവസങ്ങൾ കഴിഞ്ഞ് കൊച്ചിയിൽ ഒഡീഷനെത്താൻ പറഞ്ഞു. ഒഡീഷന് കുറേപേരുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സെലക്ഷനായി എന്നറിഞ്ഞത്..


സി.ഐ.എയിൽ സാറാ മേരി കുര്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അമേരിക്കക്കാരിയായ സാറ പഠനത്തിനായാണ് കേരളത്തിലെത്തുന്നത്. പാലായിലും യു.എസിലുമായിരുന്നു ചിത്രീകരണം. കൂടെയുള്ളവരെല്ലാം പരിചയ സമ്പന്നരായിരുന്നു. എങ്കിലും അവരൊന്നും തന്നെ ഒരു പുതുമുഖമായി കണ്ടിരുന്നില്ല. യാതൊരു അകലവും പാലിക്കാതെ എന്നെ അവർക്കൊപ്പം നിർത്തി. അവരുടെ കുട്ടിയായി തമാശകളിലെല്ലാം എന്നെയും ഉൾപ്പെടുത്തി.
കേരളത്തിൽ പഠിക്കാനെത്തിയ സാറ പാലായിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവായ മാത്യുവിന്റെ മകൻ അജി മാത്യുവിനെ പരിചയപ്പെടാനിടയായി. അടുപ്പം പ്രണയത്തിലുമെത്തി. ഒടുവിൽ സാറയെ മാതാപിതാക്കൾ അമേരിക്കയിലേയ്ക്കു തിരികെ കൊണ്ടുപോയപ്പോൾ അജിയും അമേരിയിലേയ്ക്കു പോകാനൊരുങ്ങുകയാണ്. നേരായ മാർഗത്തിൽ അമേരിക്കയിലെത്താനാവാതെ അജി മെക്‌സിക്കോ വഴിയാണ് അമേരിക്കയിലെത്തുന്നത്. തുടർന്നും ഒട്ടേറെ വൈതരണികൾ അയാൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. എന്നാൽ ഒടുവിൽ അവരുടെ പ്രണയം പൂവണിയാതെ പോകുന്നു. മാതാപിതാക്കളുടെ സമ്മർദ്ദത്തിൽ സാറ മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഇതറിഞ്ഞ് അജി നാട്ടിലേക്ക് മടങ്ങുകയാണ്.


സംവിധായകനും നടനുമായ ജോയ് മാത്യുവിന് മുരളീധരനുമായുള്ള അടുപ്പമാണ് അങ്കിളിലേയ്ക്ക് അവസരമൊരുക്കിയത്. ജോയ് മാത്യുവും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രം ഒരു റോഡ് മൂവിയായിരുന്നു. ഊട്ടിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന ശ്രുതി എന്ന തന്റേടിയായ പെൺകുട്ടിയായാണ് അങ്കിളിൽ വേഷമിട്ടത്. ആ കഥാപാത്രത്തിന് തന്റെ സ്വഭാവവുമായി ഏറെ ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ശ്രുതിയാകാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നില്ലെന്നും കാർത്തിക പറയുന്നു.
ഒരു ദിവസം കോളേജിൽനിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ ഹർത്താലിൽ വാഹനം കിട്ടാതെ വലഞ്ഞു. ഒടുവിൽ അവിചാരിതമായെത്തിയ അച്ഛന്റെ സുഹൃത്തായ കെ.കെ. എന്ന കൃഷ്ണകുമാറിന്റെ കാറിൽ ലിഫ്റ്റ് തരാമെന്നേറ്റു. അവളത് സ്വീകരിക്കുകയും ചെയ്തു. വിഭാര്യനായ കെ.കെ. ഒരു സ്ത്രീതൽപരനാണെന്ന് അറിയാവുന്ന ശ്രുതിയുടെ അച്ഛന്റെ നെഞ്ചിടിപ്പേറുന്നു. അമ്മയും വേലക്കാരിയുമെല്ലാം ഉത്കണ്ഠാകുലരായെങ്കിലും ശ്രുതി സുരക്ഷിതമായി നാട്ടിലെത്തുന്നു.


മമ്മൂക്കയോടൊപ്പം അഭിനയിക്കാനെത്തിയ നിമിഷങ്ങൾ കാർത്തി എന്നുമോർക്കും. ആദ്യത്തെ ഒന്നുരണ്ടു ദിവസം അദ്ദേഹത്തോട് സംസാരിക്കാൻപോലും ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ ജോയ് ചേട്ടൻ നൽകിയ ധൈര്യത്തിലാണ് സംസാരിച്ചുതുടങ്ങിയത്. പിന്നീട് വലിയ സൗഹൃദമായി. ഒരു കാറിൽ ഇരുപത്തഞ്ച് ദിവസത്തോളമെടുത്താണ് ഞങ്ങൾ രണ്ടുപേരും ചേർന്ന സീനുകൾ ചിത്രീകരിച്ചത്. സമൂഹത്തിനുള്ള സന്ദേശമായിരുന്നു ഈ ചിത്രം. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ഇപ്പോഴും മാറിയിട്ടില്ല.
ബാംഗ്ലൂരിൽ സൃഷ്ടി സ്‌കൂൾ ഓഫ് ആർട്‌സിൽ ബാച്ചിലർ ഓഫ് ക്രിയേറ്റീവ് ആർട്‌സിന് പഠിക്കുകയാണിപ്പോൾ. അവസാന വർഷമാണിത്. മുംബൈയിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദത്തിനു ചേർന്നിരുന്നെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോഴാണ് ബാംഗ്ലൂരിലെ സൃഷ്ടിയിൽ അഡ്മിഷൻ ലഭിച്ചത്. തുടർന്ന് പഠനം ബാംഗ്ലൂരിലേയ്ക്ക് മാറ്റുകയായിരുന്നു.
അച്ഛനും മകനുമൊപ്പം വേഷമിട്ടെങ്കിലും രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്ന് കാർത്തിക പറയുന്നു. ദുൽഖറിന്റെ കട്ടഫാനാണ് എന്നു പറയാനും കാർത്തിക മടിക്കുന്നില്ല. ഇനിയും മികച്ച അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അഭിനയം തുടരാനാണ് തീരുമാനം. മലയാള ചിത്രങ്ങളോടായിരുന്നു കൂടുതൽ താൽപര്യം. അതുകൊണ്ടാണ് രണ്ടു ചിത്രങ്ങളിൽ വേഷമിട്ടത്. ഭാവിയിൽ ഹിന്ദി ചിത്രങ്ങളിൽ വേഷമിടില്ല എന്നു പറയാനാവില്ലെന്നും കാർത്തിക പറയുന്നു.


കാർത്തികയുടെ സഹോദരൻ ആകാശും അഭിനയരംഗത്തുണ്ട്. റോഷൻ ആൻഡ്രൂസിന്റെ സ്‌കൂൾ ബസ് എന്ന ചിത്രത്തിൽ ബാലതാരമായെത്തിയിരുന്നു ആകാശ്.
അങ്കിൾ എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന സദാചാര പ്രശ്‌നത്തെക്കുറിച്ചും കാർത്തിക മനസ്സു തുറക്കുന്നു. മുംബൈയിൽ സ്ത്രീപുരുഷഭേദമെന്യേ പകലും രാത്രിയിലും ജോലി ചെയ്യുന്നവരാണ്. പാതിരാത്രിയിൽ രണ്ടു മണികഴിഞ്ഞാലും റോഡിലിറങ്ങി നടക്കാം. യാത്ര ചെയ്യാം. എന്നാൽ കേരളത്തിൽ സ്ഥിതി മറിച്ചാണ്. പത്തുമണി കഴിഞ്ഞ് സ്ത്രീകൾ റോഡിലിറങ്ങിയാൽ എല്ലാവരും തുറിച്ചുനോക്കും. കുറ്റവാളികളോടെന്നപോലെയാണ് നോക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് ധൈര്യമായി രാത്രിയിൽ യാത്ര ചെയ്യാനാവില്ല. കാർത്തിക പറഞ്ഞുനിർത്തുന്നു.

Latest News