ഹേറ്റ് കാമ്പയിൻ എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങിയ, ലോകമാകെ ചർച്ചയായ കശ്മീർ ഫയൽസ് എന്ന സിനിമക്കു ശേഷമിതാ കേരളത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു ഹേറ്റ് കാമ്പയിൻ സിനിമ കൂടി പുറത്തു വരുന്നു. പലവുരു ആവർത്തിച്ചാൽ പച്ചക്കള്ളത്തെ സത്യമാക്കാൻ കഴിയുമെന്ന ഗീബൽസിയൻ തന്ത്രം തന്നെയാണ് ഈ സിനിമയുടെ പിന്നണിയിലുള്ളവർ പയറ്റിയിരിക്കുന്നത് എന്നാണ് പുറത്തു വന്നിരിക്കുന്ന ട്രെയിലറിൽ നിന്നും വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. സംഘ്പരിവാറിന്റെ മുസ്്ലിം വിരുദ്ധ ഹേറ്റ് കാമ്പയിൻ ഫാക്ടറിയലെ അടുത്ത ഉൽപന്നമാണ് ഈ സിനിമയെന്നു വ്യക്തമാണ്.
ഇതര മതസ്ഥരായ പതിനായിരക്കണക്കിന് യുവതികളെ മുസ്്ലിം ചെറുപ്പക്കാർ പ്രേമിച്ച് മതം മാറ്റി ഇസ്്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന പെരും നുണയാണ് സിനിമയുടെ പ്രമേയം. എന്നാലിതൊരു സാങ്കൽപിക കഥയാകുമെന്നു കരുതുന്നവർക്കു തെറ്റി. സംഭവ കഥയെന്ന പേരിലാണ് സിനിമയിലിത് അവതരിപ്പിക്കുന്നതത്രേ. മാത്രമല്ല, വരുന്ന 20 വർഷത്തിനുള്ളിൽ കേരളമൊരു ഇസ്്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ഇതിൽ നിന്നു കാര്യങ്ങൾ വളരെ വ്യക്തം. സംഘപരിവാറിനു ഇനിയും പിടികൊടുക്കാത്ത കേരളത്തെയും ഇവിടത്തെ മുസ്്ലിം ജനതയെയും രാജ്യദ്രോഹികളായി ചിത്രീകരിക്കുക എന്നതു തന്നെ.. അടുത്ത വർഷം ലോക്സഭ തെരഞ്ഞെടുപ്പു ആസന്നമായ വേളയിൽ കാര്യങ്ങൾ കൂടുതൽ പ്രകടമാണ്. ഒരു വശത്ത് കേരളത്തിന്റെ വികസനത്തിനാണ് തങ്ങൾ നിലകൊള്ളുന്നതെന്നു സ്ഥാപിക്കാൻ വലിയ വലിയ നാടകങ്ങൾ നടത്തുക. മറുവശത്ത് ഒരു ന്യൂനപക്ഷത്തെ കൂട്ടുപിടിച്ച്, മറ്റൊരു ന്യൂനപക്ഷത്തെ ശത്രുക്കളായി ചിത്രീകരിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ ഏതാനും സീറ്റുകൾ കൈക്കലാക്കുക. ഈ സാഹചര്യത്തിൽ മതേതര ജനാധിപത്യ വിശ്വാസികൾക്ക് എങ്ങനെയാണ് അടങ്ങിയിരിക്കാനാകുക?
സിനിമയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുണ്ടെന്നാണത്രേ നിർമാതാവ് വിപുൽ അമൃത് ലാൽ ഷാ പറയുന്നത്. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ പെൺകുട്ടികളെ കാണാതായതായി പതിനായിരക്കണക്കിനു മാതാപിതാക്കൾ കൊടുത്ത കേസുകൾ നിലവിലുണ്ടോ? അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ കോടതികളും സർക്കാരും എന്തിന് കേന്ദ്ര സർക്കാർ പോലും തള്ളിക്കളഞ്ഞ ഒന്നാണ് ലൗ ജിഹാദ് എന്നതാണ് വസ്തുത. ഏറെ വിവാദമായ ഹാദിയ കേസ് മറക്കാറായിട്ടില്ലല്ലോ. പരാതികളുടെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് ലൗ ജിഹാദ് എന്ന ഒന്ന് നിലവിലില്ലെന്നാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയതും അതു തന്നെ. 2020 ഫെബ്രുവരിയിൽ ബിജെപിയുടെ കേന്ദ്ര ആഭ്യന്തര മന്ത്രി കിഷൻ റെഡ്ഡി തന്നെ പാർലമെന്റിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും സംഘപരിവാറും ചില സാമുദായിക - രാഷ്ട്രീയ നേതാക്കളും പുരോഹിതരും ലൗവ് ജിഹാദ് എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നത് വർഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണെന്നത് വ്യക്തം. പ്രത്യേകിച്ച് ഒരു ന്യൂനപക്ഷത്തിനെതിരെ മറ്റൊരു ന്യൂനപക്ഷത്തെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ. അതു തന്നെയാണ് സത്യവുമായി പുലബന്ധമില്ലാത്ത ഈ സിനിമ നൽകുന്ന വിപൽ സൂചനയും.
നിർഭാഗ്യവശാൽ ഇസ്ലാമോഫോബിയ അതിശക്തമായ പശ്ചാത്തലത്തിൽ ഏതു നുണയും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ടെന്നതും പച്ചയായ യാഥാർത്ഥ്യമാണ്. അവരിൽ മതേതര പുരോഗമനവാദികൾ എന്ന് സ്വയം വിശ്വസിക്കുന്നവരുമുണ്ട് എന്നതാണ് ഏറ്റവും ഖേദകരം. എത്രയോ രാഷ്ട്രീയ നേതാക്കളും ഇസ് ലാമോഫോബിയയുടെ വക്താക്കളായി രംഗത്തു വന്നിരിക്കുന്നു. എന്തിനേറെ, മുഖ്യമന്ത്രിയായിരുന്നപ്പോൾ വി.എസ്. അച്യുതാനന്ദൻ എന്തോ രാഷ്ട്രീയ നേട്ടത്തിനായി കേരളത്തെ മുസ്്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാൻ ഗൂഢാലോചന നടക്കുന്നു എന്ന പ്രസ്താവന നടത്തിയിരുന്നു. അത് ഈ സിനിമയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വാർത്തയും കണ്ടു.
നവോത്ഥാനത്തിന്റെ പുതിയ നായകനായി അവതരിപ്പിക്കപ്പെട്ട വെള്ളാപ്പള്ളി നടേശനും ലൗ ജിഹാദിനെ കുറിച്ച് വാചാലനാണല്ലോ. കൂടുതലെന്ത് പറയാൻ? ഇവിടത്തെ ലൗവ് ജിഹാദ് വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയതെന്നും ഓർക്കേണ്ടതാണ്.
സംഘപരിവാർ കാലങ്ങളായി പറയുന്ന, ഭീകരവാദികളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നൊരു സംസ്ഥാനമായി കേരളത്തെ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിതെന്നു വ്യക്തം. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സിനിമയുടെ ടീസർ ഇറങ്ങിയ സമയത്ത് ഒരു ഇടപെടൽ നടത്തിയിരുന്നത്രേ. സിനിമക്കെതിരെ കേസെടുക്കാൻ ഡി.ജി.പി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായി അന്ന് വാർത്ത വന്നിരുന്നു. സംസ്ഥാനത്തിന്റെ ഹൈടെക് സെല്ലിന്റെ പ്രാഥമികാന്വേഷണത്തിൽ സിനിമയുടെ ടീസറിൽ നിയമ വിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഡി.ജി.പിയുടെ നടപടി. എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് തുടർ നടപടികൾ പിന്നീടുണ്ടായതായി അറിയില്ല. ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം ജനാധിപത്യ ധ്വംസനമായി കാണുന്ന സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിന് എത്രമാത്രം ഇടപെടാനാകുമെന്ന് അറിയില്ല. അതിനാൽ തന്നെ കേരളത്തിനും മുസ്്ലിം സമൂഹത്തിനും എതിരായ ഹേറ്റ് കാമ്പയിൻ എന്ന ലക്ഷ്യത്തോടെ വരുന്ന ഈ സിനിമക്കെതിരെ രാഷ്ട്രീയവും സാംസ്കാരികവും മതേതരവുമായ പ്രതിരോധമുയർത്താനാണ് നാം ശ്രമിക്കേണ്ടത്.






