ഗഡഗ്-കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നല്‍കുന്ന ഓരോ വോട്ടും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ഷിരഹട്ടിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വോട്ടും പ്രധാനമാണ്. അതിനാല്‍ അത് ശരിയായ നേതൃത്വത്തിലേക്കാണ് പോകുന്നതെന്ന് ഉറപ്പാക്കുക. കര്‍ണാടകയിലെ ജനങ്ങള്‍ 'താമര' ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വോട്ട് ചെയ്യുന്നത് എംഎല്‍എയെയോ മന്ത്രിയെയോ മുഖ്യമന്ത്രിയെയോ തെരഞ്ഞെടുക്കാന്‍ മാത്രമല്ലെന്ന് ഓര്‍ക്കണം. നിങ്ങളുടെ വോട്ട് മഹത്തായ കര്‍ണാടക സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി മോഡിയുടെ കരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. നിങ്ങളുടെ വോട്ട് കര്‍ണാടകയെ പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് സംരക്ഷിക്കും- അമിത് ഷാ പറഞ്ഞു.
കര്‍ണാടകക്ക് സംരക്ഷണവും സമൃദ്ധിയും വാഗ്ദാനം ചെയ്യാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കി പിഎഫ്‌ഐയെ നിരോധിച്ചത് ബിജെപിയാണ്. ഞങ്ങള്‍ ഗോവധം നിരോധിക്കുകയും ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഒരുക്കുകയും ശരിയായ ശുചിത്വ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാവപ്പെട്ട കുടുംബത്തില്‍നിന്ന് ഇന്ത്യയിലുണ്ടായ ഏക പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും അദ്ദേഹം ഒരു ചായക്കാരന്റെ മകനാണെന്നും അമിത് ഷാ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
മതത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് സംവരണം നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണ്. ബിജെപി കോണ്‍ഗ്രസിന്റെ ഈ തെറ്റ് തിരുത്തുകയും പകരം പട്ടിക ജാതി, വര്‍ഗ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് സംവരണ ക്വാട്ട വര്‍ധിപ്പിക്കുകയും ചെയ്തു. മുസ്ലിംകള്‍ക്ക് സംവരണം തിരികെ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അത്തരമൊരു പാര്‍ട്ടിയെ ഒരിക്കലും അധികാരത്തില്‍ കൊണ്ടുവരരുതെന്ന് അമിത് ഷാ ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപ്പാമ്പ് പരാമര്‍ശത്തിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ലോകം മുഴുവന്‍ പ്രധാനമന്ത്രി മോഡിജിയെ അഭിനന്ദിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ മോഡിജിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തികച്ചും ലജ്ജാകരമാണ്-അദ്ദേഹം പറഞ്ഞു.