കണ്ണൂർ- സുഡാനിൽ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന്റെ മൃതദേഹം അടുത്താഴ്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് എംബസി അധികൃതർ അറിയിച്ചു. ആൽബർട്ടിന്റെ ഭാര്യ സെബല്ലയും മകൾ മരീറ്റയും കഴിഞ്ഞ രാത്രി ആലക്കോട് നെല്ലിപ്പാറ കാക്കടവിലെ വീട്ടിലെത്തി. ജിദ്ദയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ഇവർ കാർ മാർഗമാണ് വീട്ടിലെത്തിയത്.
കാനഡയിൽ വിദ്യാർഥിയായ, ആൽബർട്ടിന്റെ മകൻ ഓസ്റ്റിൻ രണ്ടുദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. ഓസ്റ്റിൻ നാലുമാസം മുമ്പാണ് കാനഡയിലേക്ക് ഉപരിപഠനത്തിന് പോയത്. അന്നു മകനെ യാത്രയയക്കുന്നതിനായി പിതാവ് ആൽബർട്ട് നാട്ടിലെത്തിയിരുന്നു.
കഴിഞ്ഞ മൂന്നിനാണ് ഭാര്യ സെബല്ലയും ഇളയ മകൾ മരീറ്റയും സുഡാനിൽ എത്തിയത്. മേയ് മൂന്നിന് ആൽബർട്ടിനോടൊപ്പം ഇവർ നാട്ടിലേക്ക് മടങ്ങാൻ നിശ്ചയിച്ചതായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി കഴിഞ്ഞ 15ന് വെടിവയ്പ്പിൽ ആൽബർട്ട് കൊല്ലപ്പെട്ടത്. സുഡാനിലെ പ്രസിഡന്റ് പാലസ് പിടിച്ചടക്കുന്നതിന് വേണ്ടിയാണ് സൈ ന്യവും അർധസൈന്യവും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ട് പാലസിന് എതിർവശത്തുള്ള ഫ്‌ലാറ്റിലാണ് ആൽബർട്ട് താമസിക്കുന്നത്. മുകളിലെ നിലയിൽ ജനലിനടുത്തുനിന്ന് കാനഡയിലുള്ള മകൻ ഓസ്റ്റിനുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെടിയേറ്റ് ആൽബർട്ട് കൊല്ലപ്പെട്ടത്. 36 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് ആൽബർട്ടിന്റെ മൃതദേഹം ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചത്. മൃതദേഹം കൊണ്ടുപോകുന്നതിനായി ആംബുലൻസ് രണ്ടുമൂന്ന് തവണ എത്തിയിരുന്നെങ്കിലും സൈന്യം മടക്കി അയയ്ക്കുകയായിരുന്നു. കേന്ദ്ര ഗവർൺമെൻറിന്റെ ഓപ്പറേഷൻ കാവേരി വഴിയാണ് ആൽബർട്ടിന്റെ കുടുംബം നാട്ടിലെത്തിയത്.