നിർമിത ബുദ്ധിയിൽ നിലീനമായ ചില ആപൽസാധ്യതകൾ 

മനുഷ്യരാശിയുടെ ഭാവി മികച്ചതും സുസ്ഥിര വികസനത്തിന് അനുകൂലവുമാക്കി മാറ്റുന്നതിൽ നിർമിത ബുദ്ധി ഏറെ സഹായകമാവുമെങ്കിലും അതുമായി ബന്ധപ്പെട്ട അപകട സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച്, പ്രത്യേകിച്ച് നിലവിലുള്ള അസമത്വങ്ങളെയും ഭിന്നതകളെയും കൂടുതൽ ത്വരിതപ്പെടുത്തുന്ന കാര്യത്തിൽ അവബോധം വളർത്തേണ്ടതുണ്ട്.

പുതിയ പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ  വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുപ്പത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് സമഗ്രമായ പാഠ്യപദ്ധതി നടപ്പാക്കുന്നതിന് രാജ്യം തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാഠ്യ പദ്ധതിയെ ഏറ്റവും കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്ന് കൂടുതൽ ഗൗരവവും  സൃഷ്ടിപരവുമായ ചർച്ചകളും പ്രതികരണങ്ങളും ഏറ്റവും ശക്തമായും ഫലപ്രദമായും ഉയർന്നു വരേണ്ട ഘട്ടമാണിത്.
രാജ്യത്തെ ഇളംതലമുറ എന്ത്, എന്തുകൊണ്ട്, എങ്ങനെ പഠിക്കണം എന്ന് തീരുമാനിച്ച് നടപ്പാക്കുന്ന പ്രക്രിയയിലെ അതിനിർണായകമായ
ഈ  വേളയിൽ   രാജ്യത്തിന്റെ ക്ഷേമവും ഭദ്രതയും പുരോഗതിയും കൊതിക്കുന്ന  ആരും അശ്രദ്ധരും അലസരുമായിക്കൂടാ. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് കോട്ടം തട്ടാതെ  രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സുരക്ഷിതവും സുരഭിലവുമായ ജീവിതം നയിക്കാനും
ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തി വിശാലമായ വിശ്വമാനവിക ബോധത്തോടെ പരസ്പര മൈത്രിയിലും അന്തസ്സോടെയും  ഒരുമിച്ച് മുന്നേറാനും  പ്രാപ്തമാക്കുന്ന വിദ്യാഭ്യാസമാണ് രാജ്യത്തിനാവശ്യം. കെ.ജി തൊട്ട് പി.ജി വരെയുള്ള പഠനത്തിന്റെ ഉദ്ദേശ്യവും  ഉള്ളടക്കവും  രീതിശാസ്ത്രവും അടിമുടി അതിനുതകുന്നതാവണം.

കാലഹരണപ്പെട്ടതും അപ്രസക്തവും  തികച്ചും ഉപയോഗശൂന്യവുമായ ഉള്ളടക്കങ്ങൾ കൊണ്ട് വിദ്യാർത്ഥികളെയും അധ്യാപകരെയും വീർപ്പു മുട്ടിക്കുന്ന സാമ്പ്രദായിക പാഠപുസ്തകങ്ങളും പരീക്ഷ രീതികളും മാറിയേ മതിയാവൂ. അതാത് വിഷയങ്ങളിലും അനുബന്ധ തൊഴിൽ മേഖലകളിലും  സമഗ്രവും വിശാലവുമായ അറിവും അനുഭവവുമുള്ളവരെ ഉൾപ്പെടുത്തി വേണം സിലബസും  പാഠപുസ്തകങ്ങളും  തയാറാക്കാൻ. ഡിജിറ്റൽ നേറ്റീവ്‌സ് ആയ പുതുതലമുറയുടെ കഴിവുകളും സാധ്യതകളും പരിമിതികളും ആഴത്തിൽ പഠിച്ച് മനസ്സിലാക്കിയവരുമാവണം അവർ.

വിവിധ  സ്വാധീനങ്ങളും സമ്മർദങ്ങളും ഉപയോഗിച്ച് കുടില താൽപര്യമുള്ള പല സങ്കുചിത ചിത്തരും വേണ്ടത്ര വായനയും   ഗവേഷണ ത്വരയും അഭിരുചിയും ബോധന നൈപുണികളും ഇല്ലാത്ത  അയോഗ്യരും ശിങ്കിടികളും കയറിപ്പറ്റുന്ന ഇടനാഴികളായി ഒരു കാരണവശാലും    അക്കാദമിക രംഗത്തെ ഉന്നത കമ്മിറ്റികളും പരിശീലന കേന്ദ്രങ്ങളും പ്രോജക്റ്റുകളും 
മാറിക്കൂടാ. രാജ്യത്തിനകത്തും പുറത്തുമുള്ള അർഹതയുള്ള പ്രഗത്ഭരെ  കണ്ടെത്തി അവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

ദിനേനയെന്നോണം സാങ്കേതിക വിനിമയ രംഗം  അതിദ്രുതം നവീകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് റൊബോട്ടിക്‌സ്  തുടങ്ങിയ രംഗങ്ങളിൽ വിസ്മയകരമായ കണ്ടെത്തലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള സങ്കീർണമായ ഇടപെടലുകളെ  നിർമിത ബുദ്ധി  കൂടുതൽ കൂടുതൽ എളുപ്പമാക്കിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ചാറ്റ് ജി.പി.ടി ഉൾപ്പെടെ  പ്രചാരത്തിലുള്ള സാങ്കേതിക വിദ്യകൾ  ലോകത്തിന്  മുന്നിൽ തുറന്നിട്ടിരിക്കുന്നത് പ്രവാചനാതീതമായ അവസരങ്ങളാണ്.  
ഇതേ സാങ്കേതിക വിദ്യകൾ സമാനമായ വലിയ വെല്ലുവിളികൾ കൂടി  ഉയർത്തുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രയോജനപ്പെടുന്ന തരത്തിൽ വിവിധ വിഷയങ്ങളുടെ പഠന ബോധന മൂല്യ നിർണയങ്ങളിൽ യഥാസമയം   എങ്ങനെ ഈ സംവിധാനങ്ങൾ സത്വരമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നത് പരിഗണിക്കപ്പെടണം. കൃഷി, ആരോഗ്യം, വാണിജ്യം ഉൾപ്പെടെ എല്ലാ രംഗങ്ങളിലും ദ്വിമാനത്തിലും ത്രിമാനത്തിലും ഉപയോഗപ്പെടുത്താവുന്ന  തരത്തിൽ ഈ സാങ്കേതിക സൗകര്യങ്ങൾ  മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുള്ള  പ്രാവീണ്യം  അധ്യാപക പ്രൊഫഷണലിസത്തിന്റെ  നിർണായക ഘടകമാവാൻ അധിക നാളുകൾ വേണ്ടിവരില്ല. അതിനാൽ തന്നെ എ ഐ  കാലഘട്ടത്തിൽ ഒരു അധ്യാപകനെ എങ്ങനെ നിർവചിക്കാം എന്നത് വിദ്യാഭ്യാസത്തിൽ ഒരു ചർച്ചാവിഷയമായി മാറികൊണ്ടിരിക്കുകയാണ്. നിർമിത ബുദ്ധിയുടെ കാലത്ത്  അധ്യാപകർ അവരുടെ പ്രൊഫഷണൽ മേഖലയിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും നടക്കേണ്ടതുണ്ട്. ഡീപ് ലേണിംഗ്, ബിഗ് ഡാറ്റ, ന്യൂറൽ നെറ്റ്വർക്കുകൾ തുടങ്ങിയ വിവര സാങ്കേതിക വിദ്യയുടെ ദ്രുതഗതിയിലുള്ള വികാസത്തോടെ, നിർമിത ബുദ്ധിയുടെ ഒരു പുതിയ യുഗം വന്നെത്തിയിരിക്കുന്നു എന്ന യാഥാർത്ഥ്യത്തോട് ഇനിയും പുറംതിരിഞ്ഞ് നിന്നുകൂടാ. ഒരു കാലത്ത് മനുഷ്യർക്ക് മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ചിന്ത, വികാരം, സാമൂഹിക കഴിവുകൾ എന്നിവ നിർമിത ബുദ്ധിയിൽ ക്രമേണ സാക്ഷാത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടാതെ ഈ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസവും അധ്യാപനവും ആഗോള തലത്തിൽ വമ്പിച്ച  മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും. വിദ്യാഭ്യാസ പ്രവർത്തകർ  എന്ന നിലയിൽ, നിർമിത ബുദ്ധി  കാലഘട്ടത്തിലെ വിദ്യാഭ്യാസ മാറ്റങ്ങളെ എങ്ങനെ നേരിടാം എന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വെല്ലുവിളിയും അവസരവുമാണെന്ന് തിരിച്ചറിയണം.
ഒപ്പം  നിർമിത ബുദ്ധിയുടെ  മുന്നേറ്റത്തിന്റെ ഈ ഘട്ടത്തിൽ   അധ്യാപകരുടെ  പ്രൊഫഷണൽ ഐഡന്റിറ്റി പുനർനിർമിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്ന  അധ്യാപക പരിശീലന കളരികൾ ഫലപ്രദമായി സർവ തലങ്ങളിലും വൈകാതെ തന്നെ നടപ്പാക്കാനുള്ള നടപടികൾ കൂടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടതുണ്ട്. മനുഷ്യർ, സംസ്‌കാരങ്ങൾ, സമൂഹങ്ങൾ, പരിസ്ഥിതി എന്നിവയിൽ വൻ  പ്രത്യാഘാതങ്ങളുണ്ടാക്കുന്ന  സാങ്കേതിക വിദ്യകൾ ഒത്തുചേരുന്ന ഈ കാലഘട്ടത്തിലെ  സാമൂഹിക രാഷ്ട്രീയ വെല്ലുവിളികളും കൂടി പഠന വിഷയമാക്കേണ്ടതുണ്ട്.

മനുഷ്യ രാശിയുടെ ഭാവി മികച്ചതും സുസ്ഥിര വികസനത്തിന് അനുകൂലവുമാക്കി മാറ്റുന്നതിൽ നിർമിത ബുദ്ധി ഏറെ സഹായകമാവുമെങ്കിലും, അതുമായി ബന്ധപ്പെട്ട അപകട സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച്, പ്രത്യേകിച്ച് നിലവിലുള്ള അസമത്വങ്ങളെയും ഭിന്നതകളെയും കൂടുതൽ ത്വരിതപ്പെടുത്തുന്ന കാര്യത്തിൽ അവബോധം വളർത്തേണ്ടതുണ്ട്.
എ ഐ  പോലുള്ള പ്രവാചനാതീതമായ  സാങ്കേതിക വിദ്യകളാൽ സമൂഹങ്ങൾ എങ്ങനെ മാറ്റങ്ങൾക്ക് വിധേയമാവുന്നു എന്നതിനെക്കുറിച്ചും കൂടുതൽ സമഗ്രമായ ധാരണ വികസിപ്പിക്കേണ്ടതും  പ്രധാനം തന്നെ.

Latest News