കഴിവും അർപ്പണ ബോധവുമാണ് ധന്യ വിജയൻ എന്ന നർത്തകിയെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തയാക്കുന്നത്. ഡൗൺ സിൻഡ്രോം ബാധിച്ചിട്ടും മറ്റു കുട്ടികളെപ്പോലെ നൃത്തം അവതരിപ്പിക്കാനും വേദികളിൽനിന്നും വേദികളിലേക്ക് നൃത്തമികവുമായി കടന്നുചെല്ലാനും കഴിയുന്നത് ആ മനസ്ഥൈര്യമാണ്. ജനിതകപരമായ രോഗം തളർത്തിയിട്ടും തന്റെ സ്വപ്നത്തെ മുറുക്കെ പിടിച്ചു നടന്നുകയറിയ ധന്യ വിജയന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതാണ്. ശരീരം നുറുങ്ങുന്ന വേദനയിലും ഒന്ന് എഴുന്നേൽക്കാൻ പോലുമാകാതെ തളർന്നപ്പോഴും വീട്ടിൽ ഒതുങ്ങിനിൽക്കാതെ ജീവിതത്തോട് പൊരുതി നേരിടാനായിരുന്നു ധന്യയുടെ തീരുമാനം. ആ ഇഛാശക്തിക്കു മുന്നിൽ രോഗം തോറ്റുമടങ്ങുന്നതാണ് പിന്നീട് കണ്ടത്.

രോഗത്തിന് പിടികൊടുക്കാതെ നർത്തനമെന്ന തന്റെ സ്വപ്നത്തിലേയ്ക്കായിരുന്നു ധന്യയുടെ യാത്ര. മുൻപിലുണ്ടായിരുന്നതാകട്ടെ നിരവധി കടമ്പകൾ. നടക്കാൻ പോലും പ്രയാസപ്പെടുന്ന തനിക്കെങ്ങനെ നർത്തകിയാകാനാകുമെന്ന് അതിശയപ്പെട്ടവരുണ്ട്. എന്നാൽ ധന്യയാകട്ടെ, തന്റെ സ്വപ്ന ലോകത്തേക്ക് പറന്നുയരുകയായിരുന്നു.
കോഴിക്കോട് നഗരത്തിൽനിന്നും ഏറെയകലെയല്ലാത്ത കോട്ടൂളിയിൽ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ വിജയന്റെയും വീട്ടമ്മയായ ഗീതയുടെയും ഇളയ മകളായാണ് ധന്യയുടെ ജനനം. മലപ്പുറത്തുകാരനായ വിജയൻ ജോലി ആവശ്യാർഥമാണ് കോഴിക്കോട്ടെത്തിയത്. കുട്ടിയായിരിക്കുമ്പോൾ തന്നെ പ്രായത്തിന് അനുസൃതമായ രീതിയായിരുന്നില്ല ധന്യയുടേത്. കമിഴ്ന്നു കിടക്കാനും നടക്കാനും സംസാരിക്കാനും കാര്യങ്ങൾ ഗ്രഹിക്കാനുമെല്ലാം താമസം നേരിടുന്നതായി ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. തുടർന്നായിരുന്നു പരിശോധനയിൽ അവൾക്ക് ഡൗൺ സിൻഡ്രോം ബാധിച്ചതായി മനസ്സിലാകുന്നത്. തങ്ങളുടെ പൊന്നോമനയുടെ ദുരവസ്ഥയിൽ ദുഃഖിച്ചിരിക്കാതെ അവളെ മറ്റു കുട്ടികളുടെ അവസ്ഥയിലേക്ക് കൈപിടിച്ചുയർത്താനാണ് അവർ ശ്രമിച്ചത്. ആ തീരുമാനമാണ് ധന്യയുടെ ജീവിതം മാറ്റിമറിച്ചത്.
സ്പെഷ്യൽ സ്കൂളുകൾ തേടിപ്പോകാതെ അവളെ സമീപത്തുള്ള സർക്കാർ സ്കൂളിനെയാണ് അവർ ആശ്രയിച്ചത്. പഠനം സാധാരണ കുട്ടികൾക്കൊപ്പമാക്കാനായിരുന്നു ആദ്യ തീരുമാനം. അതിനായി കല്ലായി സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് ബനാത്ത് യു.പി സ്കൂളിലും പറയഞ്ചേരി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും അവൾ പഠിച്ചു. അഞ്ചു വർഷം കൊണ്ടാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എട്ടിലും ഒൻപതിലും രണ്ടു വർഷം കൂടുതലായി പഠിച്ചു. 2006 ൽ പത്താം ക്ളാസും വിജയിച്ചു. സാധാരണ കുട്ടികൾക്കൊപ്പം കളിച്ചും പഠിച്ചും വളരുന്നതും അത് അവളിലുണ്ടാക്കുന്ന മാറ്റങ്ങളും അവർ നേരിട്ട് അനുഭവിച്ചറിഞ്ഞു.

നൃത്തവേദികളിലെ നിലയ്ക്കാത്ത കൈയടികൾ അവളുടെ മനസ്സിൽ ചലനങ്ങളുണ്ടാക്കുന്നത് വിജയനും ഗീതയും തിരിച്ചറിഞ്ഞിരുന്നു. തുടർന്നാണ് അവളെ നൃത്തപരിശീലനത്തിന് അയച്ചുതുടങ്ങിയത്. കുട്ടിക്കാലത്ത് നൃത്തംവെയ്ക്കുമ്പോൾ ഓരോ ചുവടുകൾ വെയ്ക്കാനും അവൾ പ്രയാസപ്പെടുന്നത് അവർ മനസ്സിലാക്കി. എന്നാൽ തുടർച്ചയായ പരിശീലനത്തിലൂടെ ബുദ്ധിമുട്ടുകളെ വരുതിയിലാക്കുകയായിരുന്നു അവൾ. പത്താം വയസ്സിൽ നാട്യദർപ്പണയിൽ വിനോദിനി ടീച്ചറുടെ ശിഷ്യയായതോടെയാണ് നൃത്തരംഗത്ത് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. ടീച്ചറുടെ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു ധന്യ. ഭിന്നശേഷിയുള്ള കുട്ടിയാണെന്നു പറഞ്ഞപ്പോൾ നോക്കാം എന്നായിരുന്നു ടീച്ചറുടെ മറുപടി. ആദ്യമെല്ലാം ശരിക്കും ബുദ്ധിമുട്ടി. ചുവടുകൾ വെയ്ക്കാനും മുദ്രകൾ ചെയ്യാനുമെല്ലാം പ്രയാസമായിരുന്നു. ക്രമേണ ധന്യ എല്ലാ ദുർഘടങ്ങളും തരണം ചെയ്ത് മുന്നോട്ടു പോയി. ഒരു സാധാരണ നർത്തകിയെപ്പോലെ ചുവടു വെച്ചുതുടങ്ങി. പന്ത്രണ്ടു വർഷത്തോളം വിനോദിനി ടീച്ചറുടെ ശിഷ്യത്വത്തിൽ നൃത്തം പരിശീലിച്ചാണ് നാട്യദർപ്പണയുടെ പടികളിറങ്ങിയത്. ഭരതനാട്യമായിരുന്നു പ്രധാനമായും പരിശീലിച്ചത്.
പിന്നീട് അഞ്ചു വർഷത്തോളം കലാമണ്ഡലം സരസ്വതി ഹരിഹരന്റെ കീഴിലും നൃത്തം അഭ്യസിച്ചു. ടീച്ചർ വീട്ടിലെത്തി പരിശീലിപ്പിക്കുകയായിരുന്നു. ഭരതനാട്യത്തോടൊപ്പം മോഹിനിയാട്ടവും പരിശീലിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നു വർഷം തുടർച്ചയായി ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം ധന്യക്കായിരുന്നു. പല വേദികളിലും നൃത്തം അവതരിപ്പിച്ചു. ഡോ. ഷാജി തോമസ് ജോൺ ചെയർമാനായ ദോസ്ത് എന്ന സംഘടനയുടെ ഡൗൺ സിൻഡ്രോം ദിനാഘോഷത്തിൽ ധന്യ സ്ഥിരമായി നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ചെന്നൈയിൽ നടന്ന വേൾഡ് ഡൗൺ സിൻഡ്രോം കോൺഗ്രസിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്.
നൃത്തലോകം മാത്രമായിരുന്നില്ല ധന്യയെ ആകർഷിച്ചത്. നാടകരംഗത്തും ഒരു കൈനോക്കാനായിരുന്നു അവളുടെ തീരുമാനം. നാടകകൃത്തും സംവിധായകനുമായ ദീപു തൃക്കോട്ടൂർ ആണ് അവസരമൊരുക്കിയത്. ഭിന്നശേഷി കുട്ടികളെ അരങ്ങിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. അതിന്റെ ഫലമായിരുന്നു കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ അരങ്ങേറിയ ചിരിയിലേക്കുള്ള ദൂരം എന്ന നാടകം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിൽ കേന്ദ്ര കഥാപാത്രമായ അളകനന്ദയെയായിരുന്നു ധന്യ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ വേഷമായിരുന്നു അളകനന്ദയുടേത്. തുടർന്ന് കുട്ടിക്കഥകളി, ഒരു അമ്മയുടെ കൈയൊപ്പ്, പച്ചത്തുള്ളൽ, നിഴൽ തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടു. കൊയിലാണ്ടി ടൗൺഹാളിലും നിഴൽ എന്ന നാടകം അരങ്ങേറിയിരുന്നു. മലാപ്പറമ്പിലുള്ള ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷത്തിനായി പുതിയ നാടകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. ഈ മാസം 29 ന് നടക്കുന്ന പരിപാടിയിൽ കനൽ എന്ന നാടകം അവതരിപ്പിക്കാനുള്ള ഒരുക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള തണൽ എന്ന സ്ഥാപനത്തിൽ നൃത്ത്യാധ്യാപികയായി ജോലി ചെയ്യുകയാണ് ധന്യയിപ്പോൾ. തണലിന്റെ സ്പെഷ്യൽ സ്കൂളിൽ കംപ്യൂട്ടർ കോഴ്സ് പഠിക്കാനായി എത്തിയതായിരുന്നു ധന്യ. എന്നാൽ സ്കൂളിലെ കലാപരിപാടികളിൽ സജീവ സാന്നിധ്യമായ ധന്യയെ നൃത്താധ്യാപികയായി അവിടെ തന്നെ നിയമിക്കുകയായിരുന്നു. രണ്ടു ബാച്ചുകളിലായി ഭിന്നശേഷിയുള്ള കുട്ടികളെയാണ് നൃത്തം പരിശീലിപ്പിക്കുന്നത്. പതിനേഴു വർഷത്തോളം നൃത്തം അഭ്യസിച്ച ധന്യ നാലു വർഷത്തോളമായി ഇവിടെ ജോലി ചെയ്യുകയാണ്. വടകര ആസ്ഥാനമായ തണലിന് ഇത്തരത്തിലുളള ഏഴോളം സ്കൂളുകളുണ്ട്.
തണലിന്റെ നേതൃത്വത്തിലാണ് ബഹ്ൈറനിൽ നൃത്തവും നാടകവും അവതരിപ്പിക്കാനുള്ള അവസരവും ധന്യക്ക് വന്നുചേർന്നത്. ചിരിയിലേക്കുള്ള ദൂരം എന്ന നാടകം മലയാളത്തിലും ഇംഗ്ളീഷിലും രണ്ടു വേദികളിലായി അവിടെ അവതരിപ്പിച്ചു. കൂടാതെ അവിടത്തെ ലുലു മാളിൽ നൃത്തം അവതരിപ്പിക്കാനും കഴിഞ്ഞു þ-സന്തോഷം മറച്ചുവെയ്ക്കാതെ ധന്യ പറയുന്നു.
സ്വദേശത്തും വിദേശത്തുമെല്ലാം നൃത്തവും നാടകവും അവതരിപ്പിച്ച് ആത്മവിശ്വാസത്തിന്റെ പ്രതീകമായി മാറുകയായിരുന്നു ധന്യ. ഇതിനിടയിൽ കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരത്തിൽ സംസ്ഥാനതല മാതൃക വ്യക്തിത്വ അവാർഡിനും ധന്യ അർഹയായിരുന്നു.
കുട്ടിക്കാലത്ത് സംസാര വൈകല്യവും ധന്യയെ പിടികൂടിയിരുന്നു. ഏറെക്കാലത്തെ സ്പീച്ച് തെറാപ്പിയിലൂടെ സംസാര വൈകല്യം മാറ്റിയെടുക്കാൻ അവർക്ക് സാധിച്ചു. ഇപ്പോഴും കുറച്ചുമാത്രം സംസാരിക്കുന്ന കൂട്ടത്തിലാണ് ധന്യ. മാതാപിതാക്കളാണ് അവൾക്കൊപ്പം നിന്ന് എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്നത്.
ഭിന്നശേഷി കുട്ടികളുടെ പല തരത്തിലുള്ള മാനസിക വികാസത്തിനും നൃത്തപഠനം നല്ലതാണെന്ന അഭിപ്രായമാണ് ധന്യക്കുള്ളത്. നൃത്തവും ഒരു തെറാപ്പിയാണ്. നൃത്തമാണ് എന്നിലും വലിയ മാറ്റങ്ങളുണ്ടാക്കിയത്. കുട്ടിക്കാലം മുതൽ നൃത്തം ചെയ്യാൻ എനിക്ക് ഇഷ്ടമായിരുന്നു. അതാണ് എന്നെ ഇവിടെ വരെയെത്തിച്ചത്. അച്ഛൻ വിജയനും മകളുടെ വാക്കുകൾ ശരിവെയ്ക്കുന്നു.
കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിൽ ഏറെ അഭിമാനമാണുള്ളത്. എല്ലാ കുട്ടികളെയും എനിക്കേറെ ഇഷ്ടമാണ്. ചെയ്യുന്ന തൊഴിലിൽ അങ്ങേയറ്റം നീതി പുലർത്തണമെന്ന ചിന്താഗതിയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് þ-ധന്യ പറയുന്നു.
ബി.എസ്.എൻ.എൽ സബ്ഡിവിഷൻ എൻജിനീയറായി വിരമിച്ച വിജയനും ഭാര്യ ഗീതയും മകളുടെ ആഗ്രഹങ്ങൾക്ക് എന്നും തികഞ്ഞ പിന്തുണയാണ് നൽകുന്നത്. അവളെ സ്കൂളിലെത്തിക്കുന്നതും സഹായിക്കുന്നതുമെല്ലാം അച്ഛൻ തന്നെ. ധന്യക്ക് ഒരു സഹോദരനുണ്ട്. ഓൺ ലൈൻ ബിസിനസ് നടത്തുന്ന അജയ് ആനന്ദ്.
സ്വന്തം കാലിൽ നിൽക്കാൻ ധന്യയെ പ്രാപ്തയാക്കിയതിൽ ആ മാതാപിതാക്കൾ ഏറെ സന്തുഷ്ടരാണ്. സ്വന്തമായി വരുമാനവും വ്യക്തിത്വവുമുള്ള ഒരാളായി മാറാൻ അവൾക്ക് കഴിഞ്ഞിരിക്കുന്നു. മകളുടെ രോഗാവസ്ഥയിൽ മനസ്സു നീറിക്കഴിഞ്ഞ ഒരു കാലഘട്ടത്തിൽനിന്നും മകളുടെ സ്വപ്നങ്ങളിലെ അതിരുകളില്ലാത്ത ആകാശം സ്വന്തമാക്കാൻ അവളെ പരുവപ്പെടുത്തിയ ഒരച്ഛനും അമ്മയുമായി മാറിയതിന്റെ ചാരിതാർഥ്യവും ആ മാതാപിതാക്കളുടെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു.






