പൊന്നിയിന്‍ സെല്‍വന്‍ നോവലില്‍ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ടെന്ന് മണിരത്‌നം

ചെന്നൈ- ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍  കാത്തിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം (പിഎസ്2) റിലീസ് ചെയ്യാനിരിക്കെ നോവലില്ലാത്ത വിഷയങ്ങളും സിനിമയിലുണ്ടെന്ന് സംവിധായകന്‍ മണിരത്‌നം. കല്‍ക്കിയുടെ തലമുറകളെ ആകര്‍ഷിച്ച ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍ അണിയിച്ചൊരുക്കിയത്. 

നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഒട്ടേറെ പഠനങ്ങള്‍ നടത്തിയ ശേഷമാണ് മണിരത്‌നം തന്റെ സ്വപ്ന പദ്ധതിയായ ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയതും ദൃശ്യാവിഷ്‌ക്കാരമേകിയതും. അതുകൊണ്ടുതന്നെ നോവലില്‍ ഇല്ലാത്ത ചില സംഭവങ്ങളും സിനിമയിലുണ്ട് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 

നോവലില്‍ നിന്നും ആവശ്യമുള്ള അളവില്‍ മാത്രം എടുത്തു മറ്റൊരു മീഡിയത്തില്‍ ചെയ്യേണ്ടതുണ്ടായിരുന്നുവെന്നാണ് മണിരത്‌നം പറയുന്നത്. ആദ്യ ഭാഗത്തില്‍ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും  ഓരോരുത്തരും പ്രയാണം ചെയ്യുന്ന രീതി വിവരിച്ച് തുടങ്ങി വെക്കുകയുമാണ് ചെയ്തത്. രണ്ടാം ഭാഗത്തിലാണ് കഥയുള്ളത്. കഥാപാത്രങ്ങളുടെ ബന്ധങ്ങള്‍, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എല്ലാം വിവരിക്കുന്നത് രണ്ടാം ഭാഗത്തിലാണ്. നല്ല രീതിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പൂര്‍ണത കൈ വന്നിട്ടുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയാനാവുമെന്നും മണിരത്‌നം വിശദമാക്കുന്നു.

Latest News