Sorry, you need to enable JavaScript to visit this website.

സിനിമാ സംഘടനകളിൽ അംഗത്വമുണ്ടെങ്കിൽ സ്ത്രീപീഡനവും ലഹരി ഉപയോഗവും കരാറിനെ ബാധിക്കില്ല-ഹരീഷ് പേരടി

കൊച്ചി-ലഹരി ഉപയോഗവും തൊഴിൽ കരാർ ലംഘനവും കാരണം സിനിമ മേഖലയിൽനിന്ന് ചില നടൻമാരെ മാറ്റിനിർത്തിയ സിനിമ സംഘടനകളുടെ നടപടിയിൽ പ്രതികരണവുമായി സിനിമാ നടൻ ഹരീഷ് പേരടി. സിനിമ സംഘടനകളിൽ അംഗത്വമുള്ളവർക്ക് ലഹരി ഉപയോഗവും സ്ത്രീ പീഡനവും നടത്താമെന്ന ധ്വനിയാണെന്നും ഹരീഷ് ആരോപിച്ചു.
ഹരീഷിന്റെ വാക്കുകൾ:


സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു...സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നു. പക്ഷെ വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി(പറയാതെ പറഞ്ഞ പറച്ചിൽ)ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമാണ്. ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരൻമാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും നിങ്ങൾ സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലക്ക് മുകളിൽ തൂങ്ങുന്നണ്ടെന്ന ഭീഷണിയാണ്. ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ്. അമ്മ സംഘടനയിൽ നിന്ന് രാജിവെച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്‌നേഹം.
 

Latest News