ആ ജൂനിയര്‍ ഡോക്ടര്‍ എന്റെ കെട്ടിയോനാണ് സൂര്‍ത്തുക്കളെ, നടി ദീപിക പങ്കുവെച്ച കൗതുകം

തിയേറ്ററിന് പിന്നാലെ ഒ.ടി.ടിയിലും റിലീസ് ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിലെ മറക്കാനാവാത്ത കഥാപാത്രമാണ് നഴ്‌സ് നയന. ബോധംകെട്ട് ആശുപത്രിക്കിടക്കയില്‍ കഴിയുന്ന സൗബിനെ പരിചരിക്കാനെത്തുന്ന നയന സിസ്റ്ററെ അവതരിപ്പിച്ചത് യുവ നടി ദീപിക ദാസ് ആണ്.
സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ദീപികയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ രോമാഞ്ചം സിനിമയിലെ മറ്റൊരു കൗതുകം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് ദീപിക.
സിനിമയില്‍ സൗബിന്‍ അവതരിപ്പിക്കുന്ന ജിബിന്‍ മാധവന്‍ എന്ന കഥാപാത്രത്തെ പരിശോധിക്കാനെത്തുന്ന ഡോക്ടര്‍മാരുടെ സംഘത്തിലെ ജൂനിയര്‍ ഡോക്ടര്‍ തന്റെ ഭര്‍ത്താവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക.
ജീവിത പങ്കാളികളായ ദീപികയും ഭര്‍ത്താവ് ശ്രീനാഥ് എരമവും സ്‌ക്രീനില്‍ നഴ്‌സും ഡോക്ടറുമായെത്തിയ കൗതുകം ദീപിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 'അങ്ങനെ നയനയും ജൂനിയര്‍ ഡോക്ടറും ഒന്നിക്കുകയാണ് സൂര്‍ത്തുക്കളെ that junior doctor is my kettyon....' എന്നാണ് ദീപിക ഫേസ്ബുക്കില്‍ കുറിച്ചത്.
ഷോര്‍ട് ഫിലിമുകളിലൂടെ സിനിമാരംഗത്ത് ശ്രദ്ധ നേടിയ ദീപിക കണ്ണൂരിലെ പ്രാദേശിക ന്യൂസ് ചാനലുകളില്‍ അവതാരകയായും  ജോലി ചെയ്തിട്ടുണ്ട്.

 

Latest News