Sorry, you need to enable JavaScript to visit this website.

വികസിത രാജ്യങ്ങളെ പിന്തള്ളി സൗദി അറേബ്യ; ഏഴുവര്‍ഷത്തിനിടെ കൈവരിച്ചത് അസൂയാവഹമായ നേട്ടം

റിയാദ്- രാജ്യത്തിന്റെ ഭാവിയെ മികച്ചതാക്കി മാറ്റാനുള്ള ഭാരിച്ച ദൗത്യം സ്വയം ഏറ്റെടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആസൂത്രണത്തിന്റെ ഫലമായ, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം പരിവര്‍ത്തന പാതയില്‍ രാജ്യം ഏഴു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2016 ഏപ്രില്‍ 25 ന് ആണ് രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ വിഷന്‍ 2030 പദ്ധതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചത്. സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദേശീയ പരിവര്‍ത്തന പ്രയാണത്തിനാണ് വിഷന്‍ 2030 പദ്ധതി പ്രഖ്യാപനത്തോടെ തുടക്കമായത്.
വനിതാ ശാക്തീകരണ മേഖലയില്‍ അസൂയാവഹമായ നേട്ടമാണ് സൗദി അറേബ്യ കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങള്‍ വനിതാ ശാക്തീകരണ മേഖലയില്‍ ശരാശരി 30 വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ വെറും ഏഴു വര്‍ഷം കൊണ്ട് സൗദി അറേബ്യ നേടി എന്നത് വിഷന്‍ 2030 പദ്ധതി സൗദിയില്‍ സാമൂഹിക മേഖലയില്‍ വരുത്തിയ പരിവര്‍ത്തനത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു.
ലോക ബാങ്കിന്റെ വനിതാ, ബിസിനസ്, നിയമ സൂചികയില്‍ ഏഴു വര്‍ഷത്തിനിടെ സൗദി അറേബ്യ 151 ശതമാനം ഉയര്‍ന്നു. വനിതാ ശാക്തീകരണ സൂചികയില്‍ 80 പോയിന്റില്‍ എത്താന്‍ സൗദി അറേബ്യ എടുത്തത് വെറും ഏഴു വര്‍ഷമാണ്. 2020 നെ അപേക്ഷിച്ച് സൂചികയില്‍ പത്തു പോയിന്റ് ഉയര്‍ന്നു. ജി-20 രാജ്യങ്ങളില്‍ പെട്ട കാനഡ എട്ടും അമേരിക്ക 11 ഉം ബ്രിട്ടന്‍ 27 ഉം തുര്‍ക്കി 27 ഉം ഫ്രാന്‍സ് 27 ഉം ദക്ഷിണ കൊറിയ 29 ഉം ഇറ്റലി 32 ഉം ജര്‍മനി 36 ഉം ദക്ഷിണാഫ്രിക്ക 43 ഉം മെക്‌സിക്കോ 44 ഉം വര്‍ഷമെടുത്താണ് വനിതാ ശാക്തീകരണ സൂചികയില്‍ 80 പോയിന്റില്‍ എത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദിയില്‍ വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 107 ശതമാനം തോതില്‍ ഉയര്‍ന്നു. 2017 ആദ്യ പാദത്തില്‍ വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.4 ശതമാനമായിരുന്നു. 2022 അവസാന പാദത്തില്‍ ഇത് 36 ശതമാനമായി ഉയര്‍ന്നു. ഇക്കാലയളവില്‍ സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 53 ശതമാനം തോതില്‍ കുറഞ്ഞു. തൊഴിലില്ലായ്മ നിരക്ക് 33 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ 45 ശതമാനവും വനിതകളുടെ ഉടമസ്ഥതയിലാണ്. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി വനിതാ ശാക്തീകരണ മേഖലയിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു.
കഴിഞ്ഞ കൊല്ലം ആദ്യമായി ഒരു സൗദി വനിത സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി. മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും വനിതയെ നിയമിച്ചു. ടെലികോം, ഐ.ടി മേഖലയില്‍ വനിതാ പങ്കാളിത്തം 30.5 ശതമാനമായി ഉയര്‍ന്നു. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ ജോലി ചെയ്യുന്ന വനിതകളുടെ അനുപാതം 41.1 ശതമാനം തോതില്‍ ഉയരാന്‍ സഹായിച്ചു.
വിഷന്‍ 2030 പദ്ധതിയുടെ മൂന്നു സ്തംഭങ്ങളില്‍ ഒന്നാണ് സമ്പദ്‌വ്യവസ്ഥ. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ 8.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചത് സൗദി അറേബ്യയാണ്. 2011 നു ശേഷം സൗദി അറേബ്യ സാക്ഷ്യം വഹിച്ച ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെത്. നിലവിലെ വിലകള്‍ പ്രകാരം 2022 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനം 4.1 ട്രില്യണ്‍ റിയാലിലേറെയായി (ഒരു ട്രില്യണ്‍ ഡോളറിലേറെ) ഉയര്‍ന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 27.6 ശതമാനം വളര്‍ച്ച കൈവരിച്ചു.
പെട്രോളിതര മേഖല 6.2 ശതമാനം വളര്‍ച്ച നേടി. വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 166 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ 11,41,733 ആയി. മൂന്നാം പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം ആറു ശതമാനം തോതില്‍ വര്‍ധിച്ചു. വ്യവസായ മേഖലയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 22 ശതമാനം തോതില്‍ വര്‍ധിച്ച് 9,678 ആയി.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആസ്തികള്‍ മൂന്നിരട്ടി വര്‍ധിച്ച് രണ്ടു ട്രില്യണ്‍ റിയാല്‍ കവിഞ്ഞു. സര്‍ക്കാറിന്റെ പെട്രോളിതര വരുമാനം 122 ശതമാനം തോതില്‍ വര്‍ധിച്ച് 166 ബില്യണ്‍ റിയാലില്‍ നിന്ന് 403 ബില്യണ്‍ റിയാലായി. കോവിഡ്-19 നോടുള്ള സര്‍ക്കാര്‍ പ്രതികരണത്തില്‍ ആഗോള തലത്തില്‍ സൗദി അറേബ്യ ഒന്നാമതെത്തി.
സാമ്പത്തിക മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ തൊഴിലില്ലായ്മ നിരക്കിലും പ്രതിഫലിച്ചു. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് നാലാം പാദത്തില്‍ ശ്രദ്ധേയമായ നിലക്ക് കുറഞ്ഞ് എട്ടു ശതമാനമായി. സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ഉം പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.2 ഉം ശതമാനായാണ് കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം 4,358 വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിക്കുകയും സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ 80 കമ്പനികള്‍ ലൈസന്‍സുകള്‍ നേടുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കുള്ള സമയം 30 മിനിറ്റ് ആയി കുറഞ്ഞു. ക്യാഷ് അടക്കമുള്ള ആകെ പെയ്‌മെന്റ് സംവിധാനങ്ങളില്‍ ഇ-പെയ്മന്റ് അനുപാതം 62 ശതമാനമായി കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു. ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ പദ്ധതികളിലൂടെ 450 കോടി റിയാല്‍ ലാഭിക്കാന്‍ സാധിച്ചു. ആറായിരം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍വല്‍ക്കരിച്ചിട്ടുണ്ട്.  ഇപ്പോള്‍ 97 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈന്‍ വഴി നല്‍കുന്നു. സൗദിയില്‍ 98 ശതമാനം പ്രദേശങ്ങളിലും 4-ജി കവറേജും 84 ശതമാനം പ്രദേശങ്ങളില്‍ 5-ജി കവറേജുമുണ്ട്.
ഓജസ്സുറ്റ സമൂഹം എന്ന ലക്ഷ്യത്തോടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന പുതിയ വിസ സൗദി അറേബ്യ ആരംഭിച്ചു. ലോക രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ട്രാന്‍സിറ്റ് വിസയും ഇ-ടൂറിസ്റ്റ് വിസയും നടപ്പാക്കി. റോഡുകള്‍ നിര്‍മിക്കാനും വികസിപ്പിക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള വലിയ പ്രയത്‌നങ്ങളും പരിഷ്‌കരിച്ച ട്രാഫിക് നിയമങ്ങളുടെ പിന്തുണയും ഗതാഗത നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരിക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനവും വാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ 55 ശതമാനം തോതില്‍ കുറയാന്‍ സഹായിച്ചു.
ഇക്കാലയളവില്‍ സൗദി അറേബ്യ സംഘടിപ്പിച്ച 3,800 ലേറെ വിനോദ പരിപാടികളില്‍ ലോകത്തെങ്ങും നിന്നുള്ള എട്ടു കോടിയിലേറെ പേര്‍ പങ്കെടുത്തു. സ്വന്തമായി പാര്‍പ്പിടങ്ങളുള്ള സ്വദേശികളുടെ അനുപാതം 47 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി ഉയര്‍ന്നു. ജിദ്ദ എയര്‍പോര്‍ട്ടിനെ മക്കയെയും മദീനയെയും ബന്ധിപ്പിച്ച് ആരംഭിച്ച ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ ഹജ്, ഉംറ തീര്‍ഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയും മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്കിടയിലെ യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു.

 

Latest News