Sorry, you need to enable JavaScript to visit this website.

യേശുവിനെ കാണാന്‍ പട്ടിണി; മരണസംഖ്യ കൂടുന്നു, 34 പേരെ രക്ഷപ്പെടുത്തി, നിരവധി പേരെ കാണാനില്ല

നെയ്‌റോബി- മോക്ഷം ലഭിക്കാനും യേശുവിനെ കാണാനും പട്ടിണി കിടന്നു മരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന മത സംഘവുമായി ബന്ധപ്പെട്ട കൂട്ട ശവക്കുഴികളില്‍നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ 89 ആയി. 800 ഏക്കര്‍ വനത്തില്‍ വ്രതമനുഷ്ഠിച്ച് മരണം കാത്തുകഴിയുകായിരുന്ന 34 പേരെ ഇതിനകം രക്ഷപ്പെടുത്തിയതായി കെനിയന്‍ ആഭ്യന്തരമന്ത്രി കിതുരെ കിന്‍ഡികി പറഞ്ഞു. സ്വയം പട്ടണി കിടന്നാല്‍ സ്വര്‍ഗത്തില്‍ പോകാമെന്ന് പ്രചരിപ്പിച്ചിരുന്ന ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചില്‍ അംഗങ്ങളായിരുന്നു ഇവര്‍. ചര്‍ച്ച് മേധാവിയായ പോള്‍ മക്കെന്‍സിയാണ് അനുയായികളെ പട്ടിണി കിടക്കാന്‍ പ്രേരിപ്പിച്ചത്.
കെനിയയിലെ തീരനഗരമായ മാലിന്ദിയില്‍ നിന്നാണ് കുട്ടികളുടേതടക്കം 89 മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്.  ജീവനോടെ കണ്ടെത്തിയവരില്‍  പലരുടെയും നില ഗുരുതരമാണ്. ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉള്‍പ്പെടെ ഇവിടെനിന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിന്‍ഡികി വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അതേസമയം, കെനിയയിലെ റെഡ് ക്രോസ് സൊസൈറ്റിയുടെ കണക്കു പ്രകാരം 213 പേരെ കണ്ടെത്താനുണ്ട്. മരിച്ചവരെ കുഴിച്ചിട്ടത് ആരാണെന്നത് ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് തെളിവ് ശേഖരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോള്‍ മക്കെന്‍സിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാള്‍ കുറ്റം നിഷേധിച്ചു. മക്കെന്‍സിയുടെ അടുത്ത അനുയായികളടക്കം ആറു പേരും കസ്റ്റഡിയിലാണ്.
പ്രതികളുടെ സ്വത്തുക്കള്‍ നിയമാനുസൃതമായി കണ്ടുകെട്ടുന്നതിനും ജപ്തി ചെയ്യുന്നതിനുമായി  പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജനങ്ങളെ കൊല്ലാന്‍ ബൈബിള്‍ ഉപയോഗിച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കിന്‍ഡികി പറഞ്ഞു. അന്വേഷണം ഏതറ്റംവരെയും കൊണ്ടുപോയി സത്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അത് കെനിയന്‍ ജനതക്കും ലോകത്തിനും ഉറപ്പു നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെനിയയില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായ സംഭവത്തില്‍ മതസംഘടനകള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News