Sorry, you need to enable JavaScript to visit this website.

ഡ്രോൺ പട്ടാളം: കൂടുതൽ ഡ്രോണുകൾ വാങ്ങിയും വികസിപ്പിച്ചും ഉക്രൈൻ

റഷ്യയുമായുള്ള യുദ്ധമുഖത്ത് ആവശ്യം വർധിച്ചതോടെ ഡ്രോണുകളുടെ നിർമാണം വൻതോതിൽ വർധിപ്പിച്ചതായി ഉക്രൈൻ. ഡ്രോണുകൾക്ക് ആവശ്യമായ ഘടകങ്ങളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതി ഉദാരമാക്കി നിയമങ്ങൾ ലളിതമാക്കുകയും നികുതികൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആർമി ഓഫ് ഡ്രോൺസ് എന്നപേരിലുള്ള കാമ്പയിനിലൂടെ ആരംഭിച്ച ഫണ്ട് സമാഹരണവും വിജയമാണ്. സ്റ്റാർവാർസിലെ മാർക് ഹമിൽ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ സഹായത്തോടെ നടത്തിയ പ്രചാരണത്തിൽ 108 ദശലക്ഷത്തിലേറെ ഡോളർ സമാഹരിക്കാൻ കഴിഞ്ഞു. ഇതോടെയാണ് ഡ്രോൺ ഉൽപാദനം ഗണ്യമായി വർധിച്ചത്. 
ഡ്രോണുകൾ നിർമിക്കാനും വാങ്ങാനും ഉപയോഗിക്കുന്നതിനു പുറമെ യുദ്ധ മുന്നണിയിൽ പൈലറ്റുമാർക്ക് പരിശീലനം നൽകാനും ഫണ്ട് വിനിയോഗിക്കുന്നു. കീവ് നഗരത്തിന്റെ പ്രാന്തത്തിലുള്ള രഹസ്യ കേന്ദ്രത്തിലാണ് ഡ്രോൺ പറപ്പിക്കുന്ന പൈലറ്റുമാർക്കും മറ്റും പരിശീലനം നൽകുന്നത്. ഡസൻ കണക്കിന് പൈലറ്റുമാരാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡ്രോൺ പറത്തി പരിശീലനം നേടുന്നത്. മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് ഡ്രോൺ പറത്തുന്ന പൈലറ്റുമാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ ഇൻസ്ട്രക്ടർമാരുമുണ്ട്. അധിനിവേശക്കാരുടെ ഡ്രോണുകൾ കണ്ണിൽ പെടാതെ പോകില്ലെന്നും ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനുമുമ്പ് തന്നെ അവയെ നശിപ്പിക്കാൻ സാധിക്കുമെന്നും പരിശീലനം നൽകുന്ന ഇൻസ്ട്രക്ടർ സ്ലാവ പറയുന്നു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പൊതുവെ ദൃശ്യങ്ങൾ പകർത്തുന്നതിനും നിരീക്ഷണത്തിനും മാത്രം ഉപയോഗിച്ചിരുന്ന ഡ്രോണുകളെ റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇരുഭാഗവം വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ചെറുതാണെന്നതും ചെലവ് കുറഞ്ഞതുമാണ് ഡ്രോണുകളെ സൈന്യത്തിന് ആകർഷകമാക്കുന്നത്. യുദ്ധമുഖത്ത് ധാരാളമായി ഉപയോഗിക്കുന്ന ഡി.ജെ.ഐ മെവിക്കിന് രണ്ടായിരം ഡോളറാണ് വില. തങ്ങളുടെ ഉൽപന്നങ്ങൾ സിവിലിയൻ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് വ്യക്തമാക്കി ഉക്രൈനിലേക്കും റഷ്യയിലേക്കുമുള്ള ഡ്രോൺ കയറ്റുമതി ചൈനീസ് നിർമാതാക്കൾ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. ഈ നിരോധം ഡ്രോണുകളുടെ ലഭ്യതയെ ബാധിച്ചിരുന്നുവെങ്കിലും ഉക്രൈൻ അതിനെ മറികടന്നുവെന്നും ആയിരക്കണക്കിനു ഡ്രോണുകൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും സ്ലാവ പറയുന്നു. അതേസയമം, ഇനിയും കൂടുതൽ ഡ്രോണുകൾ ആവശ്യമാണെന്നും പുതിയവ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതലായി 3,300 ഡ്രോണുകൾ വാങ്ങുകയോ നിർമിക്കുകയോ ചെയ്തതായി ആർമി ഓഫ് ഡ്രോൺസ് കാമ്പയിൻ സംഘാടകർ പറഞ്ഞു. സൈനിക ആവശ്യത്തിന് ഉപയോഗിക്കാനായി നാനൂറോളം പേർ തങ്ങളുടെ ഹോബി ഡ്രോണുകൾ അയച്ചുകൊടുക്കുകയും ചെയ്തു. 
രാജ്യത്തിന്റെ ഡ്രോൺ പട്ടാളത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കാമ്പയിൻ കഴിഞ്ഞ വർഷം ജൂലൈയിലാണ് ആരംഭിച്ചത്. ഡ്രോൺ വികസനത്തിന് പണം കണ്ടെത്താനുള്ള കാമ്പയിന് സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളാണ് നേതൃത്വം നൽകിയത്. പ്രൊമോഷനൽ വീഡിയോകളും സന്ദേശങ്ങളും താരങ്ങളുടെ ആരാധകർ വ്യാപകമായി ഷെയർ ചെയ്തു. രാജ്യത്തെ ഷോപ്പുകളിലും സർവീസ് സ്റ്റേഷനുകളിലും ഡ്രോൺ പദ്ധതി പരസ്യപ്പെടുത്തുന്ന പോസ്റ്ററുകൾ പതിച്ചിരുന്നു. യുദ്ധമുഖത്ത് മുന്നേറാൻ ഡ്രോണുകൾ വലിയ തോതിൽ സഹായകമാകുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. 16,000 ഡോളർ വിലയുള്ള ഹൈഡ്രൺ നിരീക്ഷണ ഡ്രോണുകൾ വാങ്ങി കാമ്പയിൻ സംഘാടകർ യുദ്ധമുഖത്തേക്ക് സംഭാവന ചെയ്തിരുന്നു. 
ഡ്രോണുകൾക്ക് ആവശ്യമായ ഭാഗങ്ങളുടെ ഇറക്കുമതി ഉദാരമാക്കിയതായി  കഴിഞ്ഞ മാസമാണ് ഉക്രൈൻ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രി പ്രഖ്യാപിച്ചത്. നേരത്ത ജി.പി.എസ് മോഡ്യൂളും തെർമൽ ക്യാമറകളും ഉക്രൈനിൽ എത്തുന്നതിന് 15 ദിവസങ്ങളെങ്കിലും എടുത്തിരുന്നു. ഡ്രോൺ ഭാഗങ്ങൾക്ക് ഇറക്കുമതി തീരുവയോ മൂല്യവർധിത നികുതിയോ നൽകേണ്ടതില്ല. ഡ്രോണുകൾ അടിസ്ഥാന സാങ്കേതിക വിദ്യയായി മറിയിരിക്കുന്നുവെന്നാണ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രി ഫെഡ്രോവ് അഭിപ്രായപ്പെടുന്നത്. ആർമി ഓഫ് ഡ്രോൺസ് ഫണ്ട് സമാഹരണ യജ്ഞത്തിന് മന്ത്രി തന്നെയാണ് നേതൃത്വം നൽകുന്നത്.

Latest News