മഞ്ഞുരുക്കത്തിന്റെ കാലം, നവയുഗത്തിന്റെ ഉദയം

തെക്കുപടിഞ്ഞാറ് ഏഷ്യയും വടക്കുകിഴക്ക് ആഫ്രിക്കയും തെക്കേ യൂറോപ്പും കൂടിച്ചേർന്നതാണ് മധ്യപൂർവ ദേശം. മിഡിലീസ്റ്റ് എന്നും പശ്ചിമേഷ്യ എന്നുമൊക്കെ അറിയപ്പെടുന്നു. ബീജിംഗ് കരാർ എന്നറിയപ്പെടുന്ന സംയുക്ത ത്രിരാഷ്ട്ര പ്രസ്താവന നടപ്പിലാക്കുമ്പോൾ പശ്ചിമേഷ്യയാകെ ഒരു നവയുഗപ്പിറവിക്ക് കാതോർക്കുകയാണ്.
 ലോക ഭൂപടത്തിൽ ചരിത്രാതീത കാലം മുതൽക്ക് വലിയ സ്വാധീനമാണ് ഈ പ്രദേശത്തിനുള്ളത്. അത് മനുഷ്യ സൃഷ്ടിപ്പിന്റെയും ജനപഥങ്ങൾ രൂപപ്പെടുന്നതിന്റെയും ആയിരക്കണക്കിന് ദൈവദൂതന്മാരുടെ പ്രബോധന മണ്ഡലമെന്ന നിലയിലും സാമ്രാജ്യങ്ങളുടെ ഈറ്റില്ലമെന്ന അവസ്ഥയിലും വിശ്വാസങ്ങളുമായി കെട്ടുപിണഞ്ഞതും കൂടിയാണ്. പുതിയ ലോകക്രമത്തിൽ മധ്യപൂർവ ദേശത്തെ പോലെ തന്ത്രപ്രാധാന്യമുള്ള മറ്റൊരു ഭൂപ്രദേശം വേറെയില്ല. ഫോസിൽ ഇന്ധനം ഇവിടെയാണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് സെമിറ്റിക് മതങ്ങളുടെ ആസ്ഥാന കേന്ദ്രം. ലോകാവസാന സംഭവ പരമ്പരകൾക്ക് വേദിയാകാൻ പോകുന്നയിടം. അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ പവർ ഹൗസ്.
 മാത്രമല്ല, ലോകത്തെ 200 കോടി മുസ്‌ലിംകളിൽ ഈ നയതന്ത്രത്തിന്റെ അനുരണനങ്ങൾ ദൃശ്യമാകും. 175 കോടിയിലധികം വരുന്ന സുന്നികളും 23 കോടിയോളം ഷിയാക്കളുമായി രണ്ട് വിഭാഗമാണ് ലോക മുസ്‌ലിംകൾ. 
മിർസാ മൻസൂർ അഹമ്മദിന്റെ ഖിലാഫത്തിന് കീഴിൽ 15 കോടിയിലധികം അഹമ്മദിയാക്കളുണ്ട്. ഇവരെ സുന്നികളോ ഷിയാക്കളോ മുസ്‌ലിംകളായി പരിഗണിക്കാറില്ല. സുന്നി ലോകത്തിന്റെ നായക സ്ഥാനം സൗദിക്കും ഷിയാ വിഭാഗത്തിന്റേത് ഇറാനുമാണ്. രാഷ്ട്രീയ പുകമറക്കപ്പുറം ആത്മാർത്ഥതയുടെ അസ്ഥിവാരത്തിൽ പടുത്തുയർത്തുന്ന ബന്ധങ്ങളാണ് ബീജിംഗ് കരാറിലൂടെ ചുരുൾ നിവരുന്നതെങ്കിൽ ലോക സമാധാനത്തിന് തന്നെ ഈ ചുവടുമാറ്റം കാരണമാകും.
 1979 ൽ ഷാപെഹ്ലവി ഭരണകൂടത്തെ വിപ്ലവത്തിലൂടെ ഇറാൻ ജനത തൂത്തെറിഞ്ഞ ശേഷം ഉടലെടുത്ത ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ-മത വൈരം നൈരന്തര്യപൂർണവും വേദനാജനകവും സാമ്പത്തികമായി ഏറെ കഷ്ടനഷ്ടങ്ങൾ വരുത്തിയതുമായിരുന്നു. ചുരുങ്ങിയ കാലയളവായ 1997-2000 വർഷങ്ങളിൽ മാത്രമേ അവർക്കിടയിൽ യഥാർഥ സൗഹൃദം നിലനിന്നുള്ളൂ. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ സമ്മേളനം 1997 ൽ തെഹ്‌റാനിൽവെച്ച് നടന്നപ്പോൾ പിന്നീട് രാജാവായ സൗദി കിരീടാവകാശി അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ഇറാനും മറ്റ്-മുസ്‌ലിം രാജ്യങ്ങളും പരസ്പര സഹോദര്യത്തിൽ വർത്തിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് ചരിത്രപ്രസിദ്ധമായ ഒരു പ്രയോഗം നടത്തിയിരുന്നു. അതായിരുന്നു പിറ്റെ ദിവസത്തെ പ്രമുഖ പത്രങ്ങളുടെ തലക്കെട്ട്.
 'ഇതാ ഇപ്പോൾ, ഈ നിമിഷത്തി'ലാണ് മുസ്‌ലിം ഐക്യം സ്ഥാപിക്കപ്പെടേണ്ടതെന്ന, അബ്ദുല്ല രാജകുമാരന്റെ വാക്കുകൾ ഊന്നിപ്പറഞ്ഞാണ് തെഹ്റാൻ സമ്മേളനം അവസാനിച്ചത്. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ രൂപീകൃതമായതിന് ശേഷം ആദ്യമായി 1998 ൽ ഇറാന്റെ പ്രസിഡന്റ് മുഹമ്മദ് ഖാത്മി സൗദിയിലെത്തി. 1999 ൽ അഞ്ച് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം വീണ്ടും വന്നു. ഉഭയകക്ഷി ബന്ധം ഊഷ്മളമായി. മറ്റു രാഷ്ട്രങ്ങളോട് തങ്ങളുടെ പാത പിന്തുടർന്ന് ഇറാനുമായി സഹവർത്തിത്വത്തിൽ കണ്ണിയാവാൻ സൗദി ആവശ്യപ്പെട്ടു. മധ്യപൂർവ ദേശത്ത് ഒലിവു ചില്ലയുമേന്തി വെള്ളരിപ്രാവ് വട്ടമിട്ട് പറന്നു, ഒരൽപകാലം. 
 1980 ലെ ഇറാഖിന്റെ ഇറാനു മേലുള്ള അധിനിവേശവും സദ്ദാമിനെ അറബ് ലോകം പിന്തുണച്ചതും മൂന്ന് വർഷം ഇറാൻ ഹജ് ബഹിഷ്‌കരിച്ചതുമൊക്കെ ഇരു രാജ്യങ്ങൾക്കുമിടയിൽ ശീതസമരം ശക്തിപ്പെടുത്തി. എന്നിരുന്നാലും എട്ടു വർഷം നീണ്ടുനിന്ന യുദ്ധത്തിൽ ഇറാഖിനെ പിന്തിരിപ്പിച്ച് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിൽ സൗദി വിജയിച്ചു. 1989 ൽ ഇറാൻ-ഇറാഖ് യുദ്ധം അവസാനിച്ചു. അതിനെ ഇറാൻ പ്രസിഡന്റ് ഹാഷ്മി റഫ്സഞ്ചാനി സ്വാഗതം ചെയ്യുകയുമുണ്ടായി. 1990 ൽ സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചടക്കിയതിനെ ഇറാൻ അപലപിച്ചത് ശുഭപ്രതീക്ഷയുടേതായിരുന്നു. ഈ അനുകൂല കാലാവസ്ഥ 1997 ലെ ഒ.ഐ.സി സമ്മേളനം വരെ നീളുകയും ശേഷം മൂന്ന് സന്തോഷ വർഷങ്ങൾ പ്രദാനം ചെയ്യുകയും ചെയ്തു.
 യെമനിൽ ആഭ്യന്തര പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചതോടെ ഇരു രാഷ്ട്രങ്ങളുടെയും ബന്ധങ്ങൾ എന്നെന്നേക്കുമായി വഷളായി. അറബ് വസന്ത കാലത്ത് 2011 ൽ 33 വർഷം നീണ്ടുനിന്ന അലി അബ്ദുല്ല സാലെയുടെ ഭരണത്തിനെതിരെ അഴിമതിയും കൊള്ളയും തട്ടിപ്പും ആരോപിച്ച് ജനങ്ങൾ തെരുവിലിറങ്ങി. തുടർന്ന് ഉപപ്രധാനമന്ത്രിയായിരുന്ന അബ്ദുറബ്ബ് ഹാദിക്ക് അധികാരം കൈമാറിയെങ്കിലും അദ്ദേഹത്തിന് പരിഹരിക്കാവുന്നതിലുമപ്പുറമായിരുന്നു യെമന്റെ പ്രശ്‌നങ്ങൾ. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പ് പ്രഹസനമായി. ആഭ്യന്തര സംഘർഷം രൂക്ഷമായി. ഹൂത്തികളും മറ്റു വിമതരും ചേർന്ന് 2014 ൽ തലസ്ഥാനമായ സൻആ കീഴടക്കി. തുടർന്ന് ഏദനിലേക്കും തെഈസിലേക്കും സംഘർഷം വ്യാപിച്ചു. പൂർണമായ അരാജകത്വത്തിൽ യെമൻ ആടിയുലഞ്ഞു.
 വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ 10 രാജ്യങ്ങളുടെ നിർണായക കൊടുങ്കാറ്റ് - ഓപപ്പറേഷൻ ഡിസൈസീവ് സ്റ്റോം - എന്ന് പേരിട്ട സൈനിക നീക്കം 2015 മാർച്ച് മാസത്തോടു കൂടി ആരംഭിച്ചു. ഇതുവരേക്കും സിവിലിയന്മാരടക്കം ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ഒരു കോടിയോളം ജനത മുഴുപ്പട്ടിണിയിലാണ്. ഇറാനുമായുള്ള ബന്ധം ശരിയാവുന്നതോടു കൂടി യെമൻ യുദ്ധം അവസാനിപ്പിക്കാനാകും. അനുരഞ്ജനം എന്ന ഒറ്റമൂലിയിലൂടെ യെമൻ രാജ്യത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചേക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം.
 സിറിയ, ലെബനോൻ പ്രദേശങ്ങളിലും ഫലസ്തീനിലും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടേക്കും. ഫലസ്തീൻ അതോറിറ്റി ഭരിക്കുന്ന ഫതഹും ഗാസാ മുനമ്പിൽ മേധാവിത്വമുള്ള ഹമാസും തമ്മിലുള്ള ശത്രുത പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പത്ത് വർഷങ്ങൾക്ക് ശേഷം സിറിയക്ക് അറബ് ലീഗിലേക്ക് തിരിച്ച് കയറുവാൻ വാതിൽ തുറക്കും. മേഖലയിലെ വൻശക്തിയാണ് തുർക്കി. സൗദിയുടെ നയതന്ത്രജ്ഞത ചൂണ്ടിക്കാണിക്കുന്നത് ശത്രുക്കളില്ലാത്ത അയൽപക്കമാണ്. സൗദിയും തുർക്കിയും ഇറാനും റഷ്യയും ചേർന്നുള്ള മേധാവിത്വം മേഖലയിൽ സമാധാനം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല.
 സൗദിയും ഇറാനുമായി പുതിയ കരാറുകളുണ്ടാകുന്നു, എംബസികൾ തുറക്കുന്നു, നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുന്നു, വിസ നിയമങ്ങൾ ഉദാരമാക്കുന്നു. സൗദിയും ഒമാനും ചേർന്ന് സൻആയിൽ ഹൂത്തികളുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നു. ചൈനയുടെ കാർമികത്വത്തിൽ ഒരു വർഷം നീണ്ട മാരത്തോൺ ചർച്ചകൾ ഫലപ്രാപ്തിയിലേക്ക് കടക്കുന്നുവെന്നത് യഥാർത്ഥ അറബ് വസന്തത്തിന്റെ വരവറിയിക്കുന്നു.

Latest News