വില്‍പ്പന പാളിയതോടെ മുഖം മിനുക്കി ആളെ കൂട്ടാന്‍ എയര്‍ ഇന്ത്യ

ന്യുദല്‍ഹി- നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വിമാന കമ്പനി എയര്‍ ഇന്ത്യയെ വിറ്റ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പാളിയതോടെ കമ്പനി വീണ്ടും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എയര്‍ ഇന്ത്യയുടെ മുഖമായ മഹാരാജയെ പുതുമോടിയില്‍ അവതരിപ്പിച്ച് രാജ്യാന്തര സര്‍വീസുകള്‍ മെച്ചപ്പെടുത്താനാണു പദ്ധതി. ഇതിന്റെ ഭാഗമായി രാജ്യാന്തര സര്‍വീസുകളിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വേറിട്ട സേവനം നല്‍കാന്‍ 'മഹാരാജ ഡയറക്ട്' എന്ന പേരില്‍ പരിഷ്‌ക്കരിച്ച സേവനം അവതിരിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. ടിക്കറ്റ് നിരക്കില്‍ വര്‍ധന ഇല്ലാതെയാണ് പുതുക്കിയ സേവനങ്ങളെന്നതും ശ്രദ്ധേയമാണ്.

ഉയര്‍ന്ന ക്ലാസ് യാത്രക്കാര്‍ക്കു വേണ്ടി വിമാനങ്ങളിലെ പ്രീമിയം ക്ലാസിന്റെ ഉള്‍വശം പൂര്‍ണമായും നവീകരിച്ചു. പുതിയ യാത്രാ കിറ്റുകള്‍, നിശാവസ്ത്രം, കര്‍ട്ടനുകള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. നല്‍കുന്ന ഭക്ഷണവും മെച്ചപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ യൂണിഫോമും പരിഷ്‌ക്കരിച്ചു. പാരമ്പര്യവും പാശ്ചാത്യവും ഉള്‍ക്കൊള്ളുന്ന പുതിയ ഡിസൈനിലുള്ള യുണിഫോമാകും ജീവനക്കാര്‍ ധരിക്കുക.

യാത്രക്കാര്‍ ഇതുവരെ നല്‍കിക്കൊണ്ടിരുന്ന പണത്തിനു കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് അധിക പണം ഈടാക്കാതെ എയര്‍ ഇന്ത്യ നല്‍കുന്നതെന്ന്  വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബെ പറഞ്ഞു. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് കഴിഞ്ഞ ദിവസം പദ്ധതി അവതരിപ്പിച്ചത്. എയര്‍ ഇന്ത്യയെ മികച്ച ഒരു കമ്പനിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. 

നവീകരിച്ച സേവനത്തിലൂടെ പ്രതിദിന വരുമാനം 6.5 കോടി രൂപയായി ഉയര്‍ത്താനാണു ലക്ഷ്യമിടുന്നത്. പ്രീമിയം ക്ലാസുകളില്‍ നിന്ന് നിലവില്‍ എയര്‍ ഇന്ത്യയ്ക്കു ലഭിക്കുന്നത് നാലു കോടി രൂപയുടെ പ്രതിദിന വരുമാനമാണ്. രാജ്യാന്തര റൂട്ടുകളില്‍ നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 17 ശതമാനം വിപണി സാന്നിധ്യമുണ്ട്. 43 വിദേശ നഗരങ്ങളിലേക്കായി ആഴ്ചയില്‍ 2500 പ്രീമിയം ക്ലാസ് സീറ്റുകളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്.
 

Latest News