തമിഴ് മതിയെന്ന് പൊതുവേദിയില്‍ എ.ആര്‍.റഹ്മാന്‍ ഭാര്യയോട്; വീഡിയോ വൈറലായി

ചെന്നൈ- അവാര്‍ഡ് ഷോയില്‍  ഭാര്യയോട് ഹിന്ദിക്കുപകരം തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്ന വിഖ്യാത സംഗീത സംവിധായകന്‍ എ.ആര്‍.റഹ് മാന്റെ വീഡിയോ വൈറലായി.  ആനന്ദവികടന്‍ സിനിമാ അവാര്‍ഡ് ദാന ചടങ്ങിലാണ്  റഹ്മാന്‍ ഭാര്യയോട് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടത്. മികച്ച പിന്നണിഗായകനുളള അവാര്‍ഡ് വാങ്ങാനായി വേദിയിലെത്തിയ അദ്ദേഹം ഭാര്യ സൈറ ബാനുവിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വെന്ത് തനിന്തത് കാട് എന്ന സിനിമയിലെ ഗാനത്തിനാണ് റഹ്മാന് അവാര്‍ഡ് ലഭിച്ചത്. ഈ അവാര്‍ഡ് അദ്ദേഹം ഭാര്യയ്ക്ക് സമര്‍പ്പിച്ചു.
ഭാര്യ നിരന്തരം തന്റെ അഭിമുഖ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമെന്നും അവര്‍ക്ക് തെന്റെ ശബ്ദത്തോടുളള ഇഷ്ടം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും എ.ആര്‍ റഹ്മാന്‍ വേദിയില്‍ പറഞ്ഞു. ഇതിനുളള പ്രതികരണം അവതാരകര്‍ സൈറയോട് ചോദിക്കുകയായിരുന്നു. അവര്‍ മറുപടി പറയാനൊരുങ്ങുന്നതിനിടെയാണ് ഹിന്ദിയില്‍ സംസാരിക്കാതെ തമിഴില്‍ സംസാരിക്കൂ എന്ന് റഹ്മാന്‍ പറഞ്ഞത്.
ഇതിന്, ക്ഷമിക്കണം. എനിക്ക് തമിഴ് നല്ലതുപോലെ സംസാരിക്കാന്‍ അറിയില്ലെന്ന് സൈറ ഇംഗ്ലീഷില്‍ മറുപടി നല്‍കി. തുടര്‍ന്ന് അവര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചത്. എ ആര്‍ റഹ്മാന്റെ ശബ്ദമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും സൈറ ബാനു പറഞ്ഞു.

 

Latest News