Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ അപ്പീല്‍: ഗുജറാത്ത് ഹൈക്കോടതി വനിതാ ജഡ്ജി പിന്മാറി

അഹമ്മദാബാദ്- അപകീര്‍ത്തി കേസിലുളള ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സൂറത്ത് കോടതിയുടെ ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറി.
അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കേസ് പരാമര്‍ശിച്ചപ്പോഴാണ് ജസ്റ്റിസ് ഗീതാ ഗോപി പിന്മാറുന്ന കാര്യം അറിയിച്ചത്.  കോടതിയില്‍  ഹ്രസ്വ വാദം കേട്ട ശേഷം എന്റെ മുമ്പാകെ അല്ലെന്ന് ജഡ്ജി വ്യക്തമാക്കുകയായിരുന്നു.

മോഡി കുടുംബപ്പേര് പരാമര്‍ശത്തിന്റെ പേരിലുള്ള ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിച്ചത് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സൂറത്ത് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് രാഹുല്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്.  ബുധനാഴ്ച ഉന്നയിക്കാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നുവെങ്കിലും വാദം കേള്‍ക്കാനെത്തിയപ്പോള്‍ ജഡ്ജി കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പി.എസ്. ചമ്പനേരി പറഞ്ഞു.  മറ്റേതെങ്കിലും ജഡ്ജി മുമ്പാകെ വിഷയം അവതരിപ്പിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിന്  കുറിപ്പ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ റിവിഷന്‍ വിഷയമാണ് ജസ്റ്റിസ് ഗീതാ ഗോപിയുടെ കോടതി കൈകാര്യം ചെയ്യുന്നതെന്നതിനാലാണ് കേസ് പരിഗണിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 23 നാണ് സൂറത്തിലെ  മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അപകീര്‍ത്തി കേസില്‍ രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്.  വിധിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടു.  ശിക്ഷ സ്‌റ്റേ ചെയ്യാനുള്ള ഹരജിയോടൊപ്പം സൂറത്തിലെ സെഷന്‍സ് കോടതിയില്‍ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു. ജാമ്യം അനുവദിച്ചെങ്കിലും ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാവിന്റെ അപേക്ഷ ഏപ്രില്‍ 20ന് കോടതി തള്ളി.
ബിജെപി എംഎല്‍എയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ പൂര്‍ണേഷ് മോഡിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോഡി എന്ന പൊതുനാമമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിന്നാധാരം.  2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു വിവാദ പരാമര്‍ശം. ഗുജറാത്ത് ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ ഉത്തരവ് ലഭിച്ചാല്‍ രാഹുലിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുക്കും. കേസില്‍ ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News