Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് നാണക്കേടായി ബലാത്സംഗ വീരന്‍; മോഡിക്ക് കൈ കൊടുക്കുന്ന ചിത്രം നീക്കം ചെയ്തു

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്തയാളെന്ന് അവകാശപ്പെട്ടിരുന്നു പ്രവാസി ബി.ജെ.പി നേതാവ്  ഓസ്‌ട്രേലയയിലെ ബലാത്സംഗ വീരനായത് പാര്‍ട്ടിക്ക് സ്വദേശത്തും വിദേശത്തും ഒരുപോലെ നാണക്കേടായി. മോഡിയില്‍ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ പ്രധാനമന്ത്രിക്ക് ഹസ്തദാനം ചെയ്യുന്ന ഫോട്ടോ സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
അഞ്ച് ദക്ഷിണ കൊറിയന്‍ സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് ഓസ്‌ട്രേലിയയിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ മുന്‍ നേതാവ് ബാലേഷ് ധന്‍ഖറിനെ സിഡ്‌നിയിലെ ഡിസ്ട്രിക്ട് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിച്ചിട്ടില്ല. വര്‍ഷാവസാനത്തോടെ മാത്രമേ ശിക്ഷ വിധിക്കൂ.
രാഷ്ട്രീയമായി ബന്ധമുള്ള വേട്ടക്കാരനെന്നും സിഡ്‌നിയുടെ ചരിത്രത്തിലെ ക്രൂരനായ സീരിയല്‍ റേപിസ്റ്റ് എന്നുമൊക്കെയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രതിയെ വിശേഷിപ്പിച്ചത്.
ഡാറ്റാ വിദഗ്ധനായി ജോലി ചെയ്തിരുന്ന ധന്‍ഖര്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് സ്ത്രീകളെ ആകര്‍ഷിച്ചിരുന്നത്. സിഡ്‌നി ഡൗണിംഗ് സെന്ററിലെ ഡിസ്ട്രിക്ട് കോടതി ജൂറിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ഉപയോഗിച്ച് തളര്‍ത്തിയ ശേഷം സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഇരകളുടെ വീഡിയോകള്‍  ചിത്രീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ധന്‍ഖര്‍ പലപ്പോഴും വീമ്പിളക്കിയിരുന്നത്. മോഡിയുമായി ഹസ്തദാനം ചെയ്യുന്ന ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്ന വെബ് സൈറ്റ് തന്നെ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്. 2018 ജൂലൈയില്‍ സംഘടനയില്‍നിന്ന് രാജിവെച്ചതായും ബി.ജെ.പിയുടെ പ്രവാസി സംഘടന അവകാശപ്പെടുന്നു.
2017ല്‍ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയുമായുള്ള മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനില്‍ ധന്‍ഖര്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും  സര്‍ക്കാരിന്റെയും നേട്ടങ്ങളെ കുറിച്ചായിരുന്നു  ചര്‍ച്ച.
2014 നവംബറില്‍ മോഡിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശന വേളയില്‍ ബി.ജെ.പിയുടെ വിദേശ സുഹൃദ് സംഘത്തില്‍  അംഗമായിരുന്ന ധന്‍ഖറിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്തകള്‍.
     ധന്‍ഖറിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 43 കാരനായ അദ്ദേഹത്തിന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ഡിപ്ലോമയും സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് മീഡിയ ആര്‍ട്‌സ് ആന്‍ഡ് ജേര്‍ണലിസത്തില്‍ ഡിപ്ലോമയുമുണ്ട്.
ഓസ്‌ട്രേലിയയില്‍ ശക്തവും സജീവവുമായ ഹിന്ദു സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയാണ് ധന്‍ഖര്‍ നിലകൊണ്ടത്.
ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ധന്‍ഖര്‍ യുവതികളെ പ്രലോഭിപ്പിച്ചിരുന്നത്. ഗംട്രീ എന്ന വെബ്‌സൈറ്റില്‍ കൊറിയന്‍-ഇംഗ്ലീഷ് വിവര്‍ത്തന ജോലികള്‍ക്കായി വ്യാജ പരസ്യങ്ങള്‍ നല്‍കി. സിഡ്‌നിയിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍ കഫേയില്‍ എത്തിയ സ്ത്രീകളെയാണ് അഭിമുഖം നടത്തിയത്.
ധന്‍ഖര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന വൈനിലോ ഐസ്‌ക്രീമിലോ ആണ് മയക്കമരുന്ന് കലര്‍ത്തിയിരുന്നത്.  
 കിടക്കയ്ക്കരികിലെ അലാറം ക്ലോക്കില്‍ സ്‌പൈ ക്യാമറ സ്ഥാപിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.  മയക്കുമരുന്ന് കഴിച്ച് അബോധാവസ്ഥയിലായ സ്ത്രീകളുമായി ഒന്നിലധികം തവണ ലൈംഗികാതിക്രമം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു.
വിചാരണ വേളയില്‍, സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതും ചിത്രീകരിച്ചതും   ധന്‍ഖര്‍ നിഷേധിച്ചിരുന്നില്ല. എന്നാല്‍ സമ്മതമില്ലായിരുന്നു, മയക്കുമരുന്ന് നല്‍കി തുടങ്ങിയ ആരോപണങ്ങള്‍ നിഷേധിച്ചു.
ഇയാള്‍ കൊറിയന്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ 47 വീഡിയോകള്‍ സ്ത്രീകളുടെ പേരുകളുള്ള ഫോള്‍ഡറുകളില്‍ സൂക്ഷിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News