കൻബെറ (ഓസ്‌ട്രേലിയ) - വിമാനത്തിൽ യാത്രക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. കൂട്ടത്തല്ലിനിടെ വിമാനത്തിന്റെ ജനൽ ഗ്ലാസ് തകർന്നു. ഓസ്‌ട്രേലിയയിലെ കെയിൻസിൽനിന്ന് നോർത്തേൺ ടെറിട്ടറിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
തുടർന്ന് ഗ്രൂട്ട് എയ്‌ലാൻഡിലെ അലിയൻഗുലയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഒരു യാത്രക്കാരിയെ വിമാനത്തിൽനിന്ന് ഇറക്കി മോശം പെരുമാറ്റത്തിനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തതിനും കേസെടുത്തു.
മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കി, വിമാനത്തിന് നാശനഷ്ടം വരുത്തി, പൊതുസ്ഥലത്ത് മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 22ഉം 23ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 23 വയസ്സുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്. 22-കാരനെതിരെ മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് കേസെടുത്തിട്ടുമുണ്ടെന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസിനെ ഉദ്ധരിച്ച റിപ്പോർട്ടുകളിലുണ്ട്. എന്നാൽ, കൂട്ടത്തല്ലിന് ഇടയാക്കിയ കാരണത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. യാത്രക്കാർ തമ്മിലുള്ള ഉന്തും തള്ളുമാണ് സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളിലുള്ളത്.
വീഡിയോയിൽ ഒരു കൂട്ടം യാത്രക്കാർ ഇടനാഴിക്ക് സമീപം നിൽക്കുന്നുണ്ട്. മറ്റൊരു യാത്രക്കാരനെ അടിക്കാനായി ഒരു യാത്രക്കാരൻ അവരുടെ തലയ്ക്ക് മുകളിൽ ഒരു ബോട്ടിൽ പിടിച്ചിരിക്കുന്നതും കാണാം. ഏപ്രിൽ 20-നാണ് സംഭവമെന്നാണ് റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാവുന്നത്.






