പത്തനംതിട്ട-അടൂരിൽ ജൽജീവൻ മിഷന് വേണ്ടി പൈപ്പ് കുഴിയെടുത്തു കൊണ്ടിരിക്കുന്നതിനിടയിൽ ജെസിബിയുടെ ബക്കറ്റ് ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. തേപ്പുപാറ എസ്എൻഐടി കോളിലെ ഒന്നാം വർഷ വിദ്യാർഥി ഏഴംകുളം ആറുകാലിക്കൽ ഈസ്റ്റ് പുളിമൂട്ടിൽ വടക്കേതിൽ അംജിത് മണിക്കുട്ടൻ(20) ആണ് മരിച്ചത്. അംജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന നൂറനാട്, ഉളവുക്കാട് കൈലാസത്തിൽ എ. നിതിനാണ്(19) പരിക്കേറ്റത്. നിതിനെ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 8.30 ന് കോളജ് ഗേറ്റിന് മുന്നിലാണ് അപകടം ഉണ്ടായിരുന്നത്. പൈപ്പ് കുഴിയെടുത്തിരുന്ന ജെസിബി അശ്രദ്ധമായി നീങ്ങുമ്പോൾ ബക്കറ്റ് ഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നു. വിദ്യാർഥികൾക്ക് തലയ്ക്കും നെഞ്ചത്തും ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.. അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെ അംജിത്ത് മരണമടഞ്ഞു.