വ്യാജ അഭിഭാഷക സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി, ഇത്രയും കാലം ഒളിവില്‍ കഴിഞ്ഞതെവിടെ?

ആലപ്പുഴ - ഒന്നര വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. വ്യാജ അഭിഭാഷക ചമഞ്ഞ് രണ്ടു വര്‍ഷത്തോളം ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വിവിധ കേസുകളില്‍ അഭിഭാഷക കമ്മീഷനായി പ്രവര്‍ത്തിക്കുകയും ബാര്‍ അസോസിയേഷനില്‍ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുള്ള സെസി സേവ്യര്‍ വ്യാജ അഭിഭാഷകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതോടയാണ് ഇവര്‍ ഒളിവില്‍ പോയിരുന്നത്. നിയമബിരുദമില്ലാത്ത ഇവര്‍ മറ്റൊരാളുടെ എന്റോള്‍മെന്റ് നമ്പറിലായിരുന്നു അഭിഭാഷകയായി കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. 
എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കാതെ അഭിഭാഷകക്കുപ്പായമണിഞ്ഞ സെസി സേവ്യര്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ക്കിടയിലെ താരമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിപുലമായ ബന്ധം ഉണ്ടാക്കാനും ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഹൃദ്യമായ പെരുമാറ്റത്തിലൂടെ ആരെയും ഒറ്റയടിക്ക് കൈയിലെടുക്കുന്ന സെസി വ്യാജ അഭിഭാഷകയാണെന്ന് ഇവിടുത്തെ മറ്റ് അഭിഭാഷകര്‍ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് തെരഞ്ഞെടുപ്പില്‍ രണ്ട് ചേരിയിലായി മത്സരം നടക്കുകയും ഇതില്‍ ഒരു ചേരിയിലെ പ്രധാന നായികയായി സെസി മാറുകയും ചെയ്തതോടെയാണ് ഇവര്‍ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കാണിച്ച് ബാര്‍ അസോസിയേഷന് രഹസ്യ കത്ത് ലഭിക്കുന്നത്. എന്നാല്‍ പലരുടെയും സഹായത്തോടെ ഈ കത്ത് ഏറെക്കാലം പൂഴ്ത്തിവെക്കാന്‍ സെസിക്കായി . പിന്നീട് ഇതേച്ചൊല്ലി മുറുമുറുപ്പ് ഉയര്‍ന്നതോടെയാണ് സെസി സേവ്യറിന്റെ എന്റോള്‍മെന്റ് നമ്പറും മറ്റും ബാര്‍ അസോസിയേഷന്‍ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പറാണ് ഇവര്‍ നല്‍കിയത്.  കള്ളിവെളിച്ചത്തായതോടെ ബാര്‍ അസോസിയേഷന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സെസി ഒളിവില്‍ പോയതോടെ അവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. സെസിയെക്കുറിച്ചു ഒരു തുമ്പും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുമ്പോഴാണ് അവര്‍ ഇന്ന് നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്.

 

Latest News