ആവശ്യം കഴിഞ്ഞാൽ പ്രവാസികൾ എന്നും കറിവേപ്പില പോലെ വലിച്ചെറിയപ്പെടുന്ന ഒന്നാണ്. നാട്ടിലും വീട്ടിലുമെല്ലാം ഇത് പലപ്പോഴും നിത്യ സംഭവവുമാണ്. ഇവിടെയാണ് ഇതിൽ നിന്ന് തീർത്തും വ്യത്യസ്തമായി, ഒരു വ്യവസായ സ്ഥാപനം, തങ്ങളുടെ ഉയർച്ചയിൽ താങ്ങായി നിന്ന പ്രവാസികൾക്ക്, അവരുടെ കഷ്ടതയിൽ തങ്ങളും പിൻതുണക്കുമെന്ന തീരുമാനമെടുത്ത് മുന്നോട്ടു വരുന്നത്. പാലക്കാട് കഞ്ചിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈ ലൈഫ് ടി.എം.ടി സ്റ്റീൽസ് ആണ് ജോലി നഷ്ടപ്പെട്ടു തിരിച്ചു വരുന്ന പ്രവാസികൾക്ക് കൈ താങ്ങായി മാറുന്ന തീരുമാനവുമായി രംഗത്തു വന്ന് മറ്റുള്ളവർക്ക് മാതൃകയായത്.
നിതാഖാത്ത്, സ്വദേശിവൽക്കരണമടക്കമുള്ള പ്രശ്നങ്ങൾ കൊണ്ട് തൊഴിൽ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളിൽ തങ്ങൾക്ക് ആവശ്യമുള്ളവരുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകുകയെന്നതാണ് ശൈലി. ഇങ്ങനെ കമ്പനിയിൽ ചിലരെ നിയമിച്ചിട്ടുമുണ്ട്. ഹൈ ലൈഫിന്റെ വളർച്ചയിൽ പ്രധാന ഉപഭോക്താക്കളായിരുന്ന പ്രവാസികളോടുള്ള തങ്ങളുടെ കടപ്പാട് കൂടിയാണിതെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ് മലയാളം ന്യൂസിനോട് പറഞ്ഞു. വിപണിയിൽ പത്താം വർഷം പിന്നിടുന്ന ഹൈ ലൈഫ് ടി.എം.ടി, തങ്ങളുടെ സാമൂഹിക സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത
അംഗൻവാടികൾക്കെല്ലാം പഠനോപകരണങ്ങളടങ്ങിയ സ്റ്റീൽ ബോയ് കിറ്റുകൾ വിതരണം ചെയ്യുമെന്നും കമ്പനി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മറ്റു സ്കൂൾ കുട്ടികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്. വിപണിയിൽ പത്താം വർഷത്തിലെത്തിയതിന്റെ ഭാഗമായി ഹൈ ലൈഫ് ടി.എം.ടി ഏറ്റവും ഗുണമേന്മയോട് കൂടിയുള്ള 550 എക്സ്ഡി ടി.എം.ടി ബാറുകൾ കൂടി ഇറക്കിയതായി അവർ
അറിയിച്ചു. അതി നൂതന സാങ്കേതികവിദ്യാ സംവിധാനങ്ങളോട് കൂടിയ തങ്ങളുടെ ഫാക്ടറിയിലൂടെ കേരള വിപണിയിലെ ഒന്നാം നമ്പർ ഉൽപന്നം ഈ സമയത്ത് പുറത്തിറക്കുവാൻ ഹൈ ലൈഫിന് സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
കേരളത്തിലെ ഈ മേഖലയിലെ ഏറ്റവും പ്രധാന ബ്രാൻഡായി ഹൈ ലൈഫ് ടി.എം.ടി മാറുവാൻ മുഖ്യമായും തങ്ങൾക്ക് പിന്തുണ നൽകിയത് വിതരണക്കാരും ഉപഭോക്താക്കളുമാണ്. അതുകൊണ്ട് ഡീലേഴ്സിന്റെ വ്യാപാരം വർധിപ്പിക്കുവാൻ ക്ലൈന്റ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിനു കൂടി കമ്പനി തുടക്കം കുറിച്ചിരിക്കുകയാണ്.
കുട്ടികളിൽ നല്ല സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി ഹൈ ലൈഫിന്റെ ബ്രാൻഡ് ഐക്കൺ ആയി ഒരു ജനകീയ കഥാപാത്രത്തെ (മാസ് കോട്) ഡിസൈൻ ചെയ്ത് വാർത്താ സമ്മേളനത്തിൽ പുറത്തിറക്കുകയും ചെയ്തു. വാർത്താ സമ്മേളനത്തിൽ മറ്റു ഡയറക്ടർമാരായ അബ്ദുൾ സമദ്, ഹമീദ്, അഫ്സൽ, ബിസിനസ് ഡവലപ്പ്മെന്റ് ഹെഡ് സൈഫുദ്ദീൻ, സെയിൽസ് ഹെഡ് ടി.കെ. ഹൈദരലി എന്നിവരും പങ്കെടുത്തു.






